ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷി്ത്വം വരിച്ച അമിയെന്‍സിലെ ബിഷപ്പായിരുന്ന സെന്റ് ഫിര്‍മിന്‍ മൂന്നാംനൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഔര്‍ ലേഡി ഓഫ് അമിയെന്‍സ് കത്തീഡ്രല്‍. 1205 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് തിരികെയെത്തിയ യാത്രികനായ ഗാലോ അഥവാ വാലന്‍ ദെ സാര്‍ട്ടോണ്‍ കൊണ്ടുവന്ന, സ്‌നാപകയോഹന്നാന്റെ ഛേദിക്കപ്പെട്ട ശിരസിന്റെ ഒരു ഭാഗം ഈ കത്തീഡ്രലില്‍ സൂക്ഷിക്കുന്നുണ്ട്.
1218 ല്‍ തീപിടിത്തത്തില്‍ ഇവിടത്തെ ആദ്യ ദേവാലയം കത്തിനശിച്ചിരുന്നു. പിന്നീട് ദേവാലയം ഗോഥിക് ശൈലിയില്‍ പണികഴിപ്പിക്കുകയായിരുന്നു. അങ്ങനെ 1288 ലാണ് ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായത്. പാരീസിലെ നോട്രഡാം കത്തീഡ്രലിനെക്കാള്‍ സ്ഥലസൗകര്യമുള്ള ദേവാലയമാണ് ഇത്. മധ്യയുഗത്തില്‍ അമിയന്‍സിലുണ്ടായിരുന്ന മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള വിശാലത ഇതിനുണ്ടായിരുന്നു. പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍. ഫ്രാന്‍സിലെ മറ്റേതൊരു ദേവാലയത്തിന്റേതിനെക്കാളും ഉയരമുണ്ട് കല്ലുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഇവിടുത്തെ നേവിന്. 42മീറ്റര്‍. ഗായകസംഘത്തിന്ചുറ്റും ഏഴുചാപ്പലുകളുണ്ട്.
അതിന്റെ നടുഭാഗത്തുള്ള ചാപ്പല്‍ ലേഡി ചാപ്പല്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിലേക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാനോ എടുക്കാനോ കഴിയില്ല എന്നാണ് ഈ ദേവാലയത്തെക്കുറിച്ച് ഒരു കവി എഴുതിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ദേവാലയം ബോംബിട്ട് നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ ബോംബ് നിര്‍വീര്യമാകുകയും കത്തീഡ്രല്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു.