607 ലാണ് വിശുദ്ധ ഇല്‍ഡെഫോണസ് ജനിച്ചതെന്നാണ് കരുതപെടുന്നത്. കുലീന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സെവില്ലെയിലെ വിശുദ്ധ ഇസിദോറിന്റെ കീഴില്‍ പഠിച്ച അദ്ദേഹം ബെനഡിക്ടൈന്‍ സന്യാസിയായിത്തീരുകയായിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ പിതാവിന് മകന്‍ ഒരു വൈദികനാകുന്നത് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു.657 ല്‍ സ്്‌പെയ്‌നിലെ ടോളെഡോയില്‍ വച്ചായിരുന്നു മെത്രാനായുള്ള അദ്ദേഹത്തിന്റെ കിരീടധാരണം.
പരിശുദ്ധ അമ്മ നേരിട്ടുവന്ന് അദ്ദേഹത്തിന് സവിശേഷമായ ഒരു സമ്മാനം നല്കിയിട്ടുണ്ട്. ഇത് സംഭവിച്ചത് സൂര്യോദയത്തിന് തൊട്ടുപിന്നാലെയായിരുന്നു അസാധാരണമായിട്ടെന്തോ തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുകയാണെന്ന ചിന്ത കുറെ ദിവസങ്ങളായി അദ്ദേഹത്തിന്റെ മനസില്‍ അലട്ടുന്നുണ്ടായിരുന്നു.
അന്ന് രാവിലെ മാതാവിന്റെ ബഹുമാനാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് പ്രഭാതപ്രാര്‍ത്ഥനയ്ക്കായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. പതിവുപോലെ പരിചാരകരും ചാപ്ലെയനും വൈദികരും ഒപ്പമുണ്ടായിരുന്നു. വിശുദ്ധ ഇല്‍ഡെഫോണസ് ദേവാലയത്തിന്റെ പ്രധാനവാതിലിനെ സമീപിച്ചു. അടുക്കലെത്തിയ എല്ലാവരും പരിഭ്രാന്തരായി.കാരണം അസാധാരണമായ വിധത്തില്‍ പള്ളിക്കകം പ്രകാശമാനമായിട്ടുണ്ടായിരുന്നു.
ഇതെന്താണ് അകത്ത് എന്ന് ഭീതിയില്‍ ഭൂരിപക്ഷവും പുറത്തുനിന്നതേയുള്ളൂ. ഇല്‍ഡെഫോണസും രണ്ടുപേരും മാത്രമാണ് ഭയലേശമന്യേ അകത്തേക്ക് പ്രവേശിച്ചത്. അകത്തുകടന്നപ്പോള്‍ തങ്ങള്‍ ഭയപ്പെട്ടതുപോലെയൊന്നും സംഭവിച്ചില്ലെന്ന് അവര്‍ക്ക് മനസ്സിലായി. മൂന്നുപേരും സക്രാരിക്കു മുമ്പില്‍ മുട്ടുകുത്തി പക്ഷേ തനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലെന്ന് വിശുദ്ധന് മനസ്സിലായി.
അദ്ദേഹം മുഖംതിരിച്ചുനോക്കിയപ്പോള്‍ കണ്ടത് താന്‍ പതിവായി ഇരിക്കുന്ന എപ്പിസ്‌ക്കോപ്പല്‍ കസേരയില്‍ ഒരു സ്ത്രീ ഇരിക്കുന്നതാണ്. അവര്‍ണനീയമായ സൗന്ദര്യമുള്ള സ്ത്രീ. ഒരു പ്രകാശവലയം ആ സ്ത്രീക്ക് ചുറ്റും രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ആ സ്ത്രീ പരിശുദ്ധ അമ്മയല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. പതിനായിരക്കണക്കിന് മാലാഖമാര്‍ അമ്മയുടെസ്തുതിഗീതങ്ങള്‍ മധുരമായി ആലപിക്കുന്നുണ്ടായിരുന്നു.
തനിക്കൊപ്പമുള്ളവരെ പുറത്തേക്ക് പറഞ്ഞയച്ചതിനു ശേഷം അദ്ദേഹം മാതാവിന്റെ മുമ്പില്‍ മുട്ടുകുത്തി. അമ്മയാവട്ടെ മാതൃസഹജമായ വാത്സല്യത്തോടെ അദ്ദേഹത്തെ നോക്കി. തന്റെ അടുക്കലേക്ക് വരാന്‍ മാതാവ് ആംഗ്യം കാണിച്ചു. വിശുദ്ധന്‍ അതുപോലെ അമ്മയുടെ തൊട്ടടുത്തെത്തി. ഇല്‍ഡെഫോണസ് വീണ്ടും അമ്മയുടെ കാല്ക്കല്‍വീണു. അപ്പോള്‍ അമ്മ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:
ഞാന്‍ നിന്നെ സന്ദര്‍ശിക്കാനെത്തിയത് നീ എപ്പോഴും എന്നെ വണങ്ങാനും എനിക്കുവേണ്ടി ശുശ്രൂഷകള്‍ ചെയ്യാനുംകാണിക്കുന്ന ഉത്സാഹത്തെപ്രതിയാണ് നിന്റെ ഭക്തി എനിക്ക് നിന്റെമേലുള്ള പ്രീതിക്ക കാരണമായിരിക്കുന്നു. അതുകൊണ്ട് എന്റെ മകന്റെ സമ്പാദ്യത്തില്‍ നിന്ന് ഞാന്‍ നിനക്ക് ഇത് നല്കുന്നുവെന്ന് പറഞ്ഞ് മാതാവ് അദ്ദേഹത്തിന് വിശുദ്ധകുര്‍ബാനയ്ക്ക് ധരിക്കുന്ന സവിശേഷമായ വസ്ത്രം ധരിപ്പിച്ചു.
ഒരു മനുഷ്യനും തുന്നിയെടുക്കാന്‍ കഴിയാത്തവിധം അത്രയധികം മനോഹരമായിരുന്നു ആ വസ്ത്രം. വിശുദ്ധന്‍ പരിശുദ്ധ അമ്മയെ നന്ദിയോടെ നോക്കി. അമ്മയാവട്ടെ വാത്സല്യത്തോടെ ചിരിക്കുകയും.വായുവില്‍ മഞ്ഞെന്നപോലെ അമ്മയുംസ്വര്‍ഗ്ഗീയഗണങ്ങളും നൊടിയിടെ മാഞ്ഞുപോയി. ഈ രംഗങ്ങളെല്ലാം കുറച്ചകലെനിന്ന് അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ കാണുന്നുണ്ടായിരുന്നു. തനിക്കു കൈവന്ന ഭാഗ്യത്തെയോര്‍ത്ത് ഇല്‍ഡെഫോണസ് സന്തോഷിക്കുകയുംസന്തോഷാധിക്യത്താല്‍ കരയുകയും ചെയ്തുകൊണ്ടിരുന്നു.
മാതാവ് നല്കിയ ഈ തിരുവസ്ത്രത്തെ സ്പര്‍ശിച്ച അനേകര്ക്ക് ാേഗസൗഖ്യങ്ങളുണ്ടാവുകയും വിഷാദമഗ്നര്‍ സന്തോഷഭരിതരായി മാറുകയും ചെയ്തു. ഇല്‍ഡെഫോണസിന്റെ പിന്‍ഗാമി ഈ തിരുവസ്ത്രം ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം മരിച്ചുപോയതായും പാരമ്പര്യമുണ്ട്.ഓവിഡോയിലെ സെന്റ് സേവ്യര്‍ ദേവാലയത്തില്‍ ഇന്നും ഇത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഇല്‍ഡെഫോണസിന്റെ നാമത്തിലുളള ദേവാലയത്തില്‍ മാതാവിന്റെ കാലുകള്‍ പതിഞ്ഞ കല്ല് വണങ്ങുന്നുണ്ട്, ടൊളിഡോയിലെ ഈ ദേവാലയത്തില്‍ എത്തുന്ന വിശ്വാസികള്‍ ഇതിനെ വണങ്ങാതെ പോകാറില്ല. കാരണം മാതാവിന്റെ പാദങ്ങള്‍ പതിഞ്ഞ പൂജ്യമായ കല്ലാണല്ലോ അത്.