സഭയുടെ വ്യവസ്ഥാപിതമായ സംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്ന സമീപനങ്ങള്‍ പുലര്‍ത്തുന്ന കാസയും ക്രോസും സഭയുടെ ഔദ്യോഗിക സംഘടനകളല്ലെന്ന് നയം വ്യക്തമാക്കിക്കൊണ്ട് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വേരുപിടിച്ചുവരുന്ന കാലത്ത് കാസയും മറ്റും തലശ്ശേരി അതിരൂപതയിലെ പല പള്ളികളുടെയും പാരീഷ് ഹാളുകള്‍ തങ്ങള്‍ക്ക് ഒത്തുകൂടുന്നതിനായി ഉപയോഗിച്ചിരുന്നു. അവര്‍ക്കത് വിട്ടുനല്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറെക്കഴിഞ്ഞപ്പോള്‍ അവര്‍ മതബോധനം, ഏകെസിസി, കെസിവൈഎം തുടങ്ങിയ പല സംഘടനകളെയും എതിര്‍ക്കുകയും മെത്രാന്മാരും വൈദികരും എന്തിനാണെന്ന് വരെ ചോദിക്കുകയും ചെയ്തു.
അപ്പോഴും സഭ അവരെ മാതൃസഹജമായ ഭാവത്തോടെ ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിച്ചത്. സഭയല്ല അകന്നുനില്ക്കുന്നത് മറിച്ച് അവര്‍ സഭയില്‍ നിന്ന് അകന്നുനില്ക്കുകയാണ് ചെയ്യുന്നത്. സഭ എക്കാലവും പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിരിക്കുന്നത്.സഭ പീഡാനുഭവങ്ങളുടെ തീവ്രമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. സ്‌നേഹത്തിന്റെ സുവിശേഷമാണ് സഭയെ നയിക്കുന്നത്. ആ സുവിശേഷം വിസ്മരിച്ചുകൊണ്ട് ഏതെങ്കിലും മതത്തെ വൈകാരികമായി എതിര്‍ക്കണമെന്നോ അവര്‍ക്കെതിരെ ഏതറ്റംവരെയും പോകണമെന്നോ പറഞ്ഞാല്‍ അത് സുവിശേഷത്തില്‍ വെള്ളം ചേര്‍ക്കലാണ്. സുവിശേഷത്തില്‍ വെള്ളം ചേര്‍ത്താല്‍ പിന്നെ സഭയില്ല.
പ്രശ്‌നങ്ങളല്ല സുവിശേഷത്തില്‍ അകന്നപ്പോള്‍ മാത്രമേ സഭ ദുര്‍ബലമായിട്ടുള്ളൂ സഭ ഇതുവരെ കടന്നുവന്നിരിക്കുന്നത്കാസയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകളുടെയോ പിന്‍ബലത്തിലല്ല. സഭ കടന്നുപോകുന്നത്പരിശുദ്ധാത്മകൃപയാലാണ്.
കാസായിലെ പ്രിയസുഹൃത്തുക്കളേ നിങ്ങളൊരിക്കലും സഭയെ ശത്രുപക്ഷത്ത് നിര്‍ത്തരുത്. അബദ്ധത്തില്‍ ചെ്ന്നുചാടും.സഭാസംവിധാനം നിങ്ങളുമായി ഹൃദയപൂര്‍വ്വം സംവദിക്കാന്‍ സന്നദ്ധമാണ്. നിങ്ങളുടെ ആശങ്ക സഭയുമായി പങ്കുവയ്ക്കുക. അതിന് പകരം ബദല്‍മാര്‍ഗ്ഗമാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ സഭയുടെ ഭാഗമല്ലെന്ന് പറയാന്‍ സഭ നിര്‍ബന്ധിതമാകും.