സീറോമലബാര്‍ പാരമ്പര്യത്തില്‍ ദനഹാതിരുനാള്‍ എന്നത് ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമാണ്. ഈശോ വളര്‍ന്ന് യുവാവായ ശേഷം യോര്‍ദ്ദാനില്‍ നിന്ന് മാമോദീസ സ്വീകരിച്ചതിനെയാണ് ഇത് അനുസ്മരിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവായ ഈശോയുടെ മാമോദീസ അനുസ്മരിക്കുന്ന ദിവസത്തില്‍ ശിശുവായ ഈശോയുടെ പുല്‍ക്കൂട് സന്ദര്‍ഭോചിതമല്ലല്ലോ. ഇക്കാരണത്താലാണ് ദനഹാ തിരുനാളിന് തലേന്ന് സീറോ മലബാര്‍ പാരമ്പര്യത്തില്‍ പുല്‍ക്കൂടുകള്‍ അഴിച്ചു മാറ്റുന്നത്.
ദനഹാ എന്ന വാക്കിന് പ്രത്യക്ഷീകരണം, വെളിപ്പെടുത്തല്‍ എന്നൊക്കെയാണ് അര്‍ത്ഥം. Epiphany എന്ന് ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥവും ഇതുതന്നെ. ഈശോ താന്‍ മനുഷ്യനായി അവതരിച്ച ദൈവമാണെന്ന യാഥാര്‍ഥ്യം ലോകത്തിന് വെളിപ്പെടുത്തിയതിനെയാണ് ദനഹാതിരുനാളില്‍ സഭ അനുസ്മരിക്കുന്നത്. സീറോ മലബാര്‍ സഭയും സീറോ മലങ്കര സഭയും ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സഭകളും ഈശോയുടെ മാമോദീസ വേളയില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങി വരികയും ഈശോയെ കുറിച്ചുള്ള പിതാവിന്റെ സാക്ഷ്യം സ്വര്‍ഗ്ഗത്തില്‍ നിന്ന് കേള്‍ക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധ ത്രിത്വത്തിന്റെ വെളിപാടിന്റെ മനോഹരമായ ഒരു മുഹൂര്‍ത്തമായി അത് മാറി എന്ന് കരുതുന്നു. അതിനാല്‍ ഈ സഭകളെല്ലാം ദനഹാ തിരുനാളില്‍ ഈശോയുടെ മാമോദീസ അനുസ്മരിക്കുന്നു.