നടി വിന്‍സി അലോഷ്യസ് നസ്രാണി സംഗമത്തില്‍ പറഞ്ഞ വാക്കുകള്‍ ഏതൊരു വിശ്വാസിയും ശ്രദ്ധയോടെ കേള്‍ക്കേണ്ട വാക്കുകളാണ്. തന്റെ കരിയറില്‍ ഉയര്‍ച്ചവും വളര്‍ച്ചയും ഉണ്ടായത് താന്‍ പ്രാര്‍ത്ഥിക്കുകയും മനസ്സില്‍ നന്മ സൂക്ഷിക്കുകയും ചെയ്തിരുന്ന കാലത്തായിരുന്നുവെന്നും എന്നാല്‍ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം കിട്ടുകയും സംസ്ഥാന അവാര്‍ഡ് കിട്ടുകയും ചെയ്തതിനുശേഷം മനസ്സില്‍ അഹങ്കാരം ഉണ്ടാവുകയും തല്‍ഫലമായി പ്രാര്‍ത്ഥന കുറയുകയും ചെയ്തുവെന്നും വിന്‍സി വ്യക്തമാക്കിയിരുന്നു. പ്രാര്‍ത്ഥന കുറഞ്ഞപ്പോള്‍ നന്മയും കുറഞ്ഞു. തുടര്‍ന്ന് അഹങ്കാരം ഉള്ളില്‍ കയറിക്കൂടി. ഫലമോ സിനിമകളെല്ലാം പരാജയപ്പെട്ടുതുടങ്ങി.
എത്രയോ സത്യസന്ധമായാണ് വിന്‍സി തന്റെ പരാജയം തുറന്നുസമ്മതിച്ചത് എന്നതാണ് ശ്രദ്ധേയം. വിന്‍സിയുടേതിന് സമാനമായ ചില സാഹചര്യങ്ങളിലൂടെയാവാം നമ്മളും കടന്നുപോകുന്നത്. ഏതൊക്കെയോ ചില വിജയങ്ങളും അംഗീകാരങ്ങളും ഏതൊക്കെയോ വിധത്തില്‍ നേടിയെടുത്ത സമ്പത്തും നമ്മെയും അഹങ്കാരിയാക്കി മാറ്റിയിട്ടുണ്ടാവും. അഹങ്കാരം തലയ്ക്ക് പിടിക്കുമ്പോള്‍ ദൈവത്തെ മറക്കും. പ്രാര്‍ത്ഥിക്കാന്‍ മറക്കും. അഹങ്കാരം എപ്പോഴും നാശത്തിലേക്ക് വഴിതെളിക്കുന്നത്. അവിടെയാണ് ‘നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക’ എന്ന വചനം പ്രസക്തമാകുന്നത്.
വിജയങ്ങളും സമ്പത്തും നേട്ടങ്ങളും ദൈവത്തിന് കൊടുക്കുക. നില്ക്കുന്നത് കര്‍ത്താവ് താങ്ങിയതുകൊണ്ടാണെന്ന് നമുക്കേറ്റുപറയാം. അഹങ്കാരത്തിന്റെ ആലസ്യങ്ങളില്‍ നിന്നു നമുക്കുമുക്തരാകാം.