ദേവാലയത്തിലെ ദീപങ്ങള്‍ സ്വയം പ്രകാശിതമാവുക. ദേവാലയ മണികള്‍ മുഴങ്ങുക. കൈകള്‍ വിരിച്ചുപിടിച്ചുനില്ക്കുന്ന വിധത്തില്‍ മാതാവിന്റെ രൂപം ദേവാലയ മധ്യത്തില്‍ പ്രത്യക്ഷപ്പെടുക. ഇങ്ങനെയെല്ലാമുള്ള അത്ഭുതങ്ങള്‍ക്ക് വദിയായ സ്ഥലമാണ് ഫ്രാന്‍സിലെ റെന്നെസിലെ സെന്റ് സൗവെയര്‍ ബസിലിക്ക. ഗോഥിക് ശൈലിയില്‍ പണികഴിപ്പിക്കപ്പെട്ട ഈ ദേവാലയം 1682 ല്‍ ഭാഗികമായി തകരുകയും 1703 ല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും 1719 ഓഗസ്റ്റില്‍ കൂദാശ നടത്തുകയും ചെയ്തു. ഫ്രഞ്ചുവിപ്ലവകാലത്ത് മാതാവിന്റെ രൂപം നശിപ്പിക്കപ്പെട്ടു. ദേവാലയം ദുരുപയോഗം ചെയ്തു. വിപ്ലവാനന്തരം ദേവാലയം വീണ്ടും തുറന്നുകൊടുക്കുകയും ആരാധന കള്‍ ആരംഭിക്കുകയും ചെയ്തു.
1916 ല്‍ ബെനെഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി.യുദ്ധകാലത്ത് നടന്നതായി പറയപ്പെടുന്ന തുടക്കത്തിലെഴുതിയ സംഭവമാണ് ദേവാലയത്തെ പ്രശസ്തമാക്കിയത്. തുടര്‍ന്നും നിരവധിയായ അത്ഭുതങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അതിലൊന്നാണ് 1761 ല്‍ മഗ്ദലന്‍ മോറിസിനുണ്ടായ അത്ഭുതകരമായ സൗഖ്യം. 1876 ലാണ് ഇപ്പോള്‍ കാണപ്പെടുന്ന മാതാവിന്റെ രൂപം ബസിലിക്കയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
അതുപോലെ വിശുദ്ധ ലൂയിസ് ഡി മോണ്ട്‌ഫോര്‍ട്ട് വൈദികനാകാനുള്ളള തീരുമാനമെടുത്തതും ഈ ദേവാലയത്തില്‍ വച്ചായിരുന്നുവത്രെ.