പതിനെട്ടാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ പലേര്‍മോയില്‍ ജീവിച്ചിരുന്ന ഈശോസഭക്കാരനായിരുന്ന ജോണ്‍ ജെനോവെസി എന്ന വൈദികന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം എല്ലാ ആത്മാക്കളെയും മാതാവിന്റെ സംരക്ഷണത്തിനു സമര്‍പ്പിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മാതാവിന്റെ ഏതു ചിത്രമാണ് ഇതിലേക്കായി ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുന്നതിനായി ഒരു വിഷനറിയെ സമീപിച്ചപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു മറുപടി പറയാമെന്ന് വ്യക്തമാക്കി. അങ്ങനെയിരിക്കെ ആ സ്ത്രീ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗീയരാജ്ഞിയായ മറിയം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ആ സ്ത്രീക്ക് പ്രത്യക്ഷപ്പെട്ടു.
പരിശുദ്ധ അമ്മയുടെ പൂജ്യശരീരത്തില്‍ നിന്ന് താരതമ്യപ്പെടുത്താന്‍ കഴിയാത്തവിധത്തിലുള്ള പ്രകാശം പരന്നൊഴുകുന്നുണ്ടായിരുന്നു. അമ്മയുടെഹൃദയത്തില്‍ നിന്നായിരുന്നു പ്രകാശകിരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നത്. താന്‍ ഹോളി മദര്‍ ഓഫ് ലൈറ്റ് എന്ന പേരില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്ന് മാതാവ് ആ സ്ത്രീക്ക് വെളിപെടുത്തി. ഇക്കാര്യം മാതാവ് മൂന്നുതവണ ആവര്‍ത്തിക്കുകയും ചെയ്തു. അതനുസരിച്ച് മാതാവിന്റെ ചിത്രം വരയ്ക്കാന്‍ ശ്രമം തുടങ്ങി. പക്ഷേ ചിത്രം പൂര്‍ണമായിക്കഴിഞ്ഞിട്ടും മാതാവ് ആവശ്യപ്പെട്ടതുപോലെയോ മാതാവ് പ്രത്യക്ഷപ്പെട്ട വിധത്തിലോ ആയിരുന്നില്ല ചിത്രം. ആ സ്ത്രീ വീണ്ടും മാതാവിനോടു പ്രാര്‍ത്ഥിക്കുകയും അതനുസരിച്ച് മാതാവ് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു.
സ്ത്രീയോട് ചിത്രരചനയ്ക്ക് സഹായം നല്കാന്‍ ആവശ്യപ്പെട്ട മാതാവ് അദൃശ്യയായി നിലകൊള്ളുകയാണ് ചെയ്തത്.ചിത്രരചന പൂര്‍ണമായിക്കഴിഞ്ഞപ്പോള്‍ മാതാവ് അതില്‍ സന്തോഷിക്കുകയും പ്രത്യക്ഷപ്പെടുകയുംചെയ്തു. കുരിശടയാളം നല്കുകയും ചെയ്തു. ഈശോസഭ ദേവാലയമായ ലിയോണിലെ കത്തീഡ്രലില്‍ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. ലിയോണിലെ ആളുകള്‍ അന്നുമുതല്‍ ഈ മരിയരൂപത്തോട്് ഭക്തിയുള്ളവരായി ലിയോണിലെ മധ്യസ്ഥയായി മാതാവിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. പിയൂസ് ഒമ്പതാമന്‍ ഇതിന് അംഗീകാരം നല്കുകയും 1902 ല്‍ ലിയോ പതിമൂന്നാമന്‍ മാതാവിന് കിരീടധാരണം നടത്തുകയും ചെയ്തു.