ഈശോയിലെത്താനുള്ള എളുപ്പവഴിയാണ് ജപമാലയെന്ന് നമുക്കറിയാം. വിശുദ്ധരെല്ലാം ജപമാലയുടെ ഭക്തരും വിശ്വാസികളുമായിരുന്നു. എന്നാല്‍ ജപമാല കണക്കില്ലാതെ ചൊല്ലിക്കൂട്ടുകയോ നൊവേന ചൊല്ലുകയോ എല്ലാ ദിവസവും പള്ളിയില്‍ പോവുകയോ ചെയ്തതുകൊണ്ടുമാത്രം ആരും സ്വര്‍ഗത്തില്‍പോവുകയില്ല. ജീവിതം നവീകരിക്കപ്പെടുകയും ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടി സ്‌നേഹിക്കുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അയല്‍ക്കാരനെ ദ്രോഹിക്കുകയും ജോലിക്കാരന് ശമ്പളം കൊടുക്കാതിരിക്കുകയും പാവങ്ങളെ ചൂഷണം ചെയ്യുകയും ജീവിതപങ്കാളിയോട് അവിശ്വസ്തത കാണിക്കുകയും സഹായിക്കാന്‍ കഴിയുമായിരുന്ന അവസരങ്ങളില്‍ പോലും സ്വന്തം സ്വാര്‍ത്ഥത കൊണ്ട് അവയെല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്യുന്ന ഒരാള്‍ കണക്കില്ലാതെ ജപമാല ചൊല്ലിയിട്ടോ പള്ളിയില്‍ പോയിട്ടോ ഭക്തസംഘടനകളില്‍ അംഗമായിട്ടോ യാതൊരു കാര്യവുമില്ല.
പരമാവധി എല്ലാവര്‍ക്കും നന്മ ചെയ്യുകയും ദൈവവിചാരത്തോടെ ജീവിക്കുകയും ദൈവത്തെസ്‌നേഹിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുന്നതിനൊപ്പം ജപമാലയും മറ്റ് ഭ്ക്താനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ അത് സ്വര്‍ഗ്ഗപ്രവേശനത്തിനു വഴിയൊരുക്കിയേക്കാം. ചിലരുണ്ട് ജപമാലയക്കിടയില്‍ ഉറങ്ങിപ്പോയതിന്റെയും ജപമാല ചൊല്ലാതെപോയതിന്റെയും ഒക്കെ പേരില്‍ വളരെയധികം വിഷമിക്കുകയും ദൈവം തങ്ങളെ ശിക്ഷിക്കും എന്ന് വിചാരിക്കുകയും ചെയ്യുന്നവരായിട്ട്. അതും ശരിയായ വിശ്വാസമോ ഭക്തിയോ അല്ല.
ദൈവം പരമനന്മയും കാരുണികനുമാണ്. അവിടുന്ന് നമ്മുടെ മനസ്സാണ് നോക്കുന്നത്. മനസ്സ് വിശുദ്ധമാക്കുക, തിന്മകളില്‍ നിന്ന്് അകന്നുജീവിക്കുക. ചൊല്ലിക്കൂട്ടിയ ജപമാലകളുടെ പേരില്‍ ്അഹങ്കരിക്കാതിരിക്കുക.