ആടുകളെ മേയ്ച്ചുനടന്ന ആട്ടിടയന്മാര്‍ അസാധാരണമായ പ്രകാശത്തിന്റെ ഉറവിടം തേടിയെത്തിയപ്പോള്‍ കണ്ടത് അവിടെ മാതാവിന്റെ ഒരു രൂപമായിരുന്നു. അവര്‍ അവിടെ പെട്ടെന്നുതന്നെ മാതാവിന്റെ നാമധേയത്തില്‍ ഒരു ദേവാലയം നിര്‍മ്മിച്ചു. 1503 നോട് അനുബന്ധിച്ചായിരുന്നു മാതാവിന്റെ ചിത്രം കണ്ടെത്തിയത്.
ഫ്രാന്‍സിലെ ലെഷ്യാര്‍ രൂപതയിലാണ് മാതാവിന്റെ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ലൂര്‍ദ്ദ് ദേവാലയം ഇവിടെ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ്. വിശുദ്ധ വിന്‍സെന്റ് ഡീ പോളിന്റെ അഭിപ്രായപ്രകാരം ഫ്രാന്‍സിലെ രണ്ടാമത്തെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് ഇത്. ആദ്യത്തെ അത്ഭുതത്തിന് പുറമെ രണ്ടു അത്ഭുതങ്ങളുടെ പേരില്‍ക്കൂടിയാണ് ഔര്‍ ലേഡി ഓഫ് ബേഥാരം പ്രശസ്തമായത്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി നദിയില്‍ മുങ്ങിപ്പോവുകയും സഹായത്തിനായി നിലവിളിച്ചപേക്ഷിച്ച അവള്‍ക്ക് അതിനുള്ള ഉത്തരമായി ഉണ്ണീശോയെയും കയ്യിലെടുത്തുപിടിച്ച് മാതാവ് പ്രത്യക്ഷപ്പെടുകയും ഒരു ബേഥാരം ശിഖരം പിടിച്ചുകയറാനായി അവള്‍ക്ക് നേരെ നീട്ടുകയും ചെയ്തു.
അങ്ങനെ പെണ്‍കുട്ടി നദിയില്‍ നിന്ന് രക്ഷപ്പെടുകയും ബേഥാരം എന്ന പേരില്‍ ഈ ദേവാലയം അറിയപ്പെടാനിടയാകുകയും ചെയ്തു. ഇതുകൂടാതെയും നിരവധി അത്ഭുതങ്ങള്‍ഇവിടെ സംഭവിച്ചിട്ടുണ്ട്. 1620 നും 1642 നും ഇടയില്‍ 82 അത്ഭുതങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ലൂര്‍ദ്ദിലൂടെ ഒഴുകുന്ന പ്രശസ്തമായ ഗേവ് നദി ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെയും ഭാഗമാണ്
. വിശുദ്ധ ബെര്‍ണദീത്ത തുടര്‍ച്ചയായി ഈ ദേവാലയം സന്ദര്‍ശിച്ചിരുന്നു. വിശുദ്ധ പിയൂസ് പത്താമന്‍ ബേഥാരം മാതാവിന്റെ ഭക്തനായിരുന്നു.