രണ്ടു കത്തോലിക്കാ വിശ്വാസികള്‍ വിവാഹത്തിലൂടെ ഒന്നിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സിവില്‍ നിയമപ്രകാരമുള്ള വിവാഹം പോലെയല്ല കൗദാശികമായ വിവാഹങ്ങള്‍. അസാധാരണമായ ദൈവിക കൃപ ഒഴുകിയിറങ്ങുന്നുണ്ട് ഓരോ കൗദാശികവിവാഹത്തിലും.
മനുഷ്യന്‍ നിര്‍മ്മിച്ച നിയമത്തിന് കീഴെയുള്ള, വ്യക്തികള്‍ തമ്മിലുള്ള ഒരു ഉടമ്പടിയല്ല കൗദാശികവിവാഹം. ദൈവത്തിന്റെ ഉടമ്പടിക്ക് കീഴില്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഗമമമാണ് കൗദാശികവിവാഹം. ദൈവത്തിന്റെ വിശ്വസ്തതയിലുള്ള ഉറപ്പ് അവിടെ ദമ്പതികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നു. ദൈവത്തിന്റെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കലാണ് ഓരോ കൗദാശികവിവാഹങ്ങളും. ദൈവികസ്‌നേഹത്തിലേക്കുള്ള യാത്രയാണ് അവിടെ ദമ്പതികള്‍ നടത്തുന്നത്.
സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാണ് കുടുംബജീവിതം . വിവാഹജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടേണ്ടിവന്നേക്കാം. എന്നാല്‍ അവയൊക്കെ മറ്റ് കുടുംബജീവിതക്കാരെക്കാള്‍ സ്‌നേഹത്തോടും സഹനത്തോടും കൂടി സ്വീകരിക്കാന്‍ കഴിയുന്നത് കൗദാശികമായ വിവാഹം ചെയ്തവര്‍ക്കാണ്. കാരണം അവിടെ ദൈവത്തിന്റെ സാന്നിധ്യം കൂടുതാലായുണ്ട്. ജീവിതത്തിനാവശ്യമായ എല്ലാ കൃപകളും ദൈവം നല്കുന്നതുകൊണ്ടാണ് ദമ്പതികള്‍ക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ കഴിയുന്നത്.
കുരിശുയാത്രയില്‍ ക്രിസ്തു വീണുകയും എണീല്ക്കുകയും ചെയ്തതുപോലെയാണ് അത്. ദമ്പതികള്‍ പലപ്പോഴും വീണുപോയേക്കാം. പക്ഷേ എണീല്ക്കാനുള്ള കഴിവു അവര്‍ക്ക് ദൈവം നല്കും. കൗദാശികമായ വിവാഹജീവിതം വേണ്ടെന്ന് തീരുമാനിക്കുന്ന പല യുവജനങ്ങളും നമുക്കിടയിലുണ്ട്. അവര്‍ മനപ്പൂര്‍വ്വമോ അറിവില്ലായ്മ കൊണ്ടോ മറന്നുപോകുന്നതാണ് കൗദാശികമായ വിവാഹജീവിതത്തിന്റെ നന്മകളും അതിലൂടെ ലഭിക്കുന്ന ദൈവികകൃപകളും. ദൈവകൃപയാണ് നമുക്ക് വേണ്ടത്. അത് വിവാഹജീവിതത്തില്‍ മാത്രമല്ല എല്ലാകാര്യങ്ങളിലും വേണം താനും. പക്ഷേ മറ്റെന്തിനെക്കാളും കുടുംബജീവിതത്തില്‍ ദൈവ കൃപ ആവശ്യമാണ്.
അതുകൊണ്ട് കൗദാശികജീവിതത്തിലൂടെ ഒന്നായ ദമ്പതികള്‍ തങ്ങള്‍ക്ക് ലഭിച്ച ദൈവികനന്മകളെ തിരിച്ചറിയണം. പ്രണയവിവാഹവും ലീവിംങ് ടുഗെദറും ലക്ഷ്യമിട്ട് ജീവിക്കുന്നവര്‍ കൗദാശികവിവാഹത്തിന്റെ നന്മകള്‍ മനസ്സിലാക്കുകയും വേണം.