പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പാതി യൂറോപ്പിനെസംബന്ധിച്ചിടത്തോളം അസമാധാനം നിറഞ്ഞതായിരുന്നു കാരണം തുര്‍ക്കികളുടെ ശക്തിഅത്രത്തോളം വലുതായിരുന്നു. തുര്‍ക്കികള്‍ യൂറോപ്പിന് മുഴുവന്‍ ഭീഷണിയായി മാറിയ ഈ സാഹചര്യത്തില്‍ പോപ്പ് അഞ്ചാമന്‍ ഹോളിലീഗ് രൂപീകരിക്കുകയും ക്രൈസ്തവരുടെ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ ക്രൈസ്തവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ക്രൈസ്തവരുടെ വിജയത്തിനായി ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ വളരെ കുറവായിരുന്നുവെങ്കിലും ജപമാലയുടെ ശക്തിയില്‍ ആശ്രയിച്ചു അവര്‍ മുന്നേറി. പരിശുദ്ധഅമ്മേ വിജയിക്കുക എന്ന് അവര്‍ ഉറക്കെവിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അ്ഞ്ചു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ശേഷം ലെപ്പാന്റോയില്‍ ക്രൈസ്തവര്‍ തുര്‍ക്കികളെ പരാജയപ്പെടുത്തി. മാതാവിന്റെ ചിത്രത്തിന് മുമ്പില്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു അപ്പോഴെല്ലാം മാര്‍പാപ്പ. പെട്ടെന്ന് മാതാവ് അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും ശത്രു പരാജയപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തു. ഓട്ടോമന്‍ ശക്തികള്‍ അതുവരെ തോറ്റചരിത്രം ആരും കേട്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ആദ്യമായി തുര്‍ക്കികള്‍ തോറ്റു. ഈ വിജയത്തെതുടര്‍ന്ന് ക്രിസ്ത്യാനികളുടെസഹായമായ മറിയമേഎന്ന് പ്രാര്‍ത്ഥന ലുത്തീനിയായില്‍ ചേര്‍ക്കാന്‍ പാപ്പ തീരുമാനിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം ഫ്രഞ്ച് ചക്രവര്‍ത്തിയായ നെപ്പോളിയന്‍ ബോണപാര്‍ട്ടെ പേപ്പല്‍ സ്റ്റേറ്റ്‌സ് പിടിച്ചെടുക്കുകയും പയസ് ഏഴാമന്‍ മാര്‍പ്പാപ്പയെ ജയിലിലടയ്ക്കുകയും ചെയ്തു, ഇത് മുഴുവന്‍ സഭയുടെയും വലിയ ദുഃഖത്തിന് കാരണമായി. 1808 മുതല്‍ അഞ്ച് വര്‍ഷക്കാലം പോപ്പ് തടവിലായിരുന്നു. മാതാവ് വീണ്ടും ക്രൈസ്തവരുടെ സഹായത്തിനെത്തി. ചക്രവര്‍ത്തി സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനായി, എല്‍ബ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു.
തന്റെ മോചനത്തിന് നന്ദി പറഞ്ഞുകൊണ്ട് പയസ് ഏഴാമന്‍ മാര്‍പ്പാപ്പ, സാവോണയില്‍ അദ്ദേഹം ആദ്യം തടവിലാക്കപ്പെട്ട സ്ഥലത്ത് മാതാവിന്റെ ചിത്രത്തില്‍ സ്വന്തം കൈകൊണ്ട് കിരീടമണിയിച്ചു; മെയ് ഇരുപത്തിനാലാം തീയതി മറിയത്തിന്റെ ബഹുമാനാര്‍ത്ഥം ‘ക്രിസ്ത്യാനികളുടെ സഹായം’ എന്ന പേരില്‍ തിരുനാള്‍ ആചരിക്കണമെന്ന് ഉത്തരവിടുകയുംചെയ്തു.
നമ്മുടെ പരിശുദ്ധ അമ്മയുടെ ഏറ്റവും ഉചിതമായ സ്ഥാനപ്പേരുകളില്‍ ഒന്ന് ‘മറിയമേ, ക്രിസ്ത്യാനികളുടെ സഹായി’ എന്നതാണ്, കാരണം അവളുടെ ദിവ്യപുത്രന്റെ സഭ ക്രിസ്തുമതത്തെ രക്ഷിക്കാന്‍ ഏറ്റവും കഠിനമായ പോരാട്ടങ്ങള്‍ നടത്തിയപ്പോള്‍, ശത്രുക്കള്‍ക്കെതിരെ പോരാടുന്ന അജയ്യയായ ഒരു യോദ്ധാവായി മറിയം അവിടെ ഉണ്ടായിരുന്നു, വളരെ പ്രത്യേക രീതിയില്‍ അവളുടെ സംരക്ഷണ കരം നീട്ടി.
ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ മെയ് 24 ന് ആചരിക്കണമെന്ന് പയസ് ഏഴാമന്‍ പാപ്പ 1815 സെപ്റ്റംബര്‍ 15ന് ഉത്തരവിട്ടു.