അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ദേവാലയമാണ് ഇത്. മാനസാന്തരത്തിന്റെ വേളയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന പുണ്യാളന്‍ സാന്‍ഡാമിയാനോ ദേവാലയത്തിലെത്തി കുരിശുരൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ ദേവാലയം പുതുക്കിപ്പണിയുക എന്ന ശബ്ദം കേട്ടുവെന്നും അതനുസരിച്ച് വിശുദ്ധന്‍ അസ്സീസിക്കടുത്തുള്ള തകര്‍ന്നുകിടക്കുന്ന പള്ളികള്‍ പുന:സ്ഥാപിക്കാന്‍ തുടങ്ങിയെന്നും അതില്‍ ഏറ്റവും പ്രശസ്തമായത് മാലാഖമാരുടെ പള്ളിയായിരുന്നുവെന്നുമാണ് ചരിത്രം.
ഇറ്റലിയിലെ അസീസിയം നഗരത്തില്‍ നിന്ന് അറുനൂറ് യാര്‍ഡ് അകലെയാണ് മാലാഖമാരുടെ മാതാവ് അഥവാ പോര്‍ട്ടിയുന്‍കുല ദേവാലയം സ്ഥിതി ചെയ്യുന്നത.്് അതൊരു വിജനമായ പ്രദേശമായിരുന്നു. അതുകൊണ്ടുതന്നെ പലതരത്തിലുള്ള നിയമലംഘനങ്ങളും അവിടെ അരങ്ങേറുന്നുണ്ടായിരുന്നു. ആശ്രമത്തില്‍ താമസിച്ചിരുന്ന ബെനഡിക്‌റ്റൈന്‍ സന്യാസിമാര്‍ക്ക് തങ്ങള്‍ ഇവിടെ തുടരുന്നത്് പന്തിയല്ലെന്ന് മനസ്സിലാക്കി അവര്‍ ആശ്രമം ഉപേക്ഷിച്ച് മൗണ്ട് സുബാസിയോയിലേക്ക് താമസം മാറ്റി കാരണം അത് സുരക്ഷിതമായ കോട്ടയുള്ള ആശ്രമമമായിരുന്നു. പി്ന്നീട് ഈ ദേവാലയം നശിച്ചുപോവുകയായിരുന്നു.
യഥാര്‍ത്ഥ ചാപ്പല്‍ നാലാം നൂറ്റാണ്ടിലേതാണെന്ന് കരുതപ്പെടുന്നു. ജോസഫാത്തിന്റെ താഴ്‌വരയില്‍ നിന്ന് വന്ന സന്യാസിമാരാണ് ഇത് നിര്‍മ്മിച്ചത്. ചാപ്പല്‍ പണിയുമ്പോള്‍ അവര്‍ പരിശുദ്ധ കന്യകയുടെ തിരുശേഷിപ്പുകള്‍ ഈ പ്രദേശത്തേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു.
ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് ശേഷം മാലാഖ വിശുദ്ധ ഫ്രാന്‍സിസിനോട് മാലാഖമാരുടെ പള്ളിയിലേക്ക് അഥവാ പോര്‍ട്ടിയുന്‍കുലയിലേക്ക് വരാന്‍ പറയുകയും അവിടെ കര്‍ത്താവും മാതാവും മാലാഖമാരും തന്നെ കാത്തിരിക്കുന്നത് അദ്ദേഹം കാണുകയും ചെയ്തു. ആത്മാക്കളുടെ രക്ഷയെ പ്രതിയുള്ള ഫ്രാന്‍സിസിന്റെ തീക്ഷ്ണതയെ കര്‍ത്താവ് പ്രശംസിക്കുകയും പാപികള്‍ക്കായി ആവശ്യപ്പെടുന്നതെന്തും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനും പാപങ്ങള്‍ ഏറ്റുപറയാനും വന്ന എല്ലാവര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം- പാപപ്പൊറുതികളില്‍ നിന്നുള്ള ഇളവ്- നല്‍കണമെന്നായിരുന്നു ഫ്രാന്‍സിസിന്റെ അപേക്ഷ.
1208ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ അത് കുറ്റിച്ചെടികളാല്‍ പൂര്‍ണ്ണമായും മറഞ്ഞിരുന്ന അവസ്ഥയിലായിരുന്നു, മാലാഖമാരാല്‍ ചുറ്റപ്പെട്ട പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാരോപണത്തിന്റെ ഒരു ചിത്രം ഇവിടെനിന്ന് ഫ്രാന്‍സീസിന് കണ്ടുകിട്ടിയെന്നും അതുകൊണ്ടാണ് ചാപ്പലിന് ഔവര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് എന്ന് പേരിട്ടതെന്നും ചിലര്‍ പറയുന്നു. മാലാഖമാര്‍ അവിടെ പാടുന്നത് പലപ്പോഴും കേള്‍ക്കാമായിരുന്നു എന്ന കഥകളുമുണ്ട്.
വിശുദ്ധ ഫ്രാന്‍സിസ് ആദ്യമായി തന്റെ വിളി മനസ്സിലാക്കിയതും ദര്‍ശനങ്ങള്‍ ലഭിച്ചതും വിശുദ്ധന്‍ താമസിക്കാന്‍ ആഗ്രഹിച്ചതും ഇവിടെയാണെന്ന് പറയപ്പെടുന്നു. നൂറുകണക്കിന് വര്‍ഷങ്ങളായി ബെനഡിക്‌റ്റൈന്‍ സന്യാസിമാര്‍ ആ സ്ഥലത്താണ് താമസിച്ചിരുന്നത. എന്നാല്‍ ബെനഡിക്‌റ്റൈന്‍ സന്യാസിമാര്‍ ഈ ചാപ്പല്‍ വിശുദ്ധ ഫ്രാന്‍സിസിന് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം നല്‍കുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ സഭ സ്ഥാപിതമായത് ഇവിടെയാണ്.
ആദ്യം താന്‍ അവിടെ നിര്‍മ്മിച്ച കോണ്‍വെന്റ് തന്റെ സഭയുടെ പ്രധാന സഭയായിരിക്കണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. അയ്യായിരം സന്യാസിമാര്‍ ഉണ്ടായിരുന്ന ആദ്യത്തെ ജനറല്‍ ചാപ്റ്റര്‍ അദ്ദേഹം അവിടെ വിളിച്ചുകൂട്ടി. അദ്ദേഹം മരിച്ചതും ഇവിടെയാണ്. ദരിദ്രനായ അസീസിയുടെ മരണം സംഭവിച്ച സെല്‍ ഇപ്പോഴും ഇവിടെ കാണാം.