ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കിയത് ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് സെക്രട്ടറി.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നവംബര്‍ 17 ന് പുറപ്പെടുവിച്ച വിധി ‘ഏകപക്ഷീയമായിരുന്നു’ എന്നും ‘പ്രതിക്ക് അഭിഭാഷകനില്ലെന്നും നിലവിലെ സര്‍ക്കാര്‍ ഈ വിധി നല്‍കാന്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ചു’ എന്നും മൈമെന്‍സിങ് രൂപതയിലെ സിഎസ്‌സി ബിഷപ്പ് പോണന്‍ പോള്‍ കുബി പറഞ്ഞു.
‘കത്തോലിക്കാ സഭ ഒരിക്കലും വധശിക്ഷയെ പിന്തുണച്ചിട്ടില്ല. ഷെയ്ഖ് ഹസീന കുറ്റകൃത്യം ചെയ്താലും മറ്റേതെങ്കിലും മാര്‍ഗത്തിലൂടെഅവര്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി..
2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ നടത്തിയ മാരകമായ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കാണ് 78 കാരിയായ ഹസീന കുറ്റക്കാരിയാണെന്ന് ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30 ഓടെ സംസ്ഥാന ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്ത 453 പേജുള്ള വിധിന്യായത്തില്‍, പ്രതിഷേധക്കാര്‍ക്കെതിരെ ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, മാരകായുധങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ഉത്തരവിട്ടത്, കൂട്ടക്കൊലകള്‍ തടയുന്നതില്‍ പരാജയപ്പെട്ടത് എന്നിവയുള്‍പ്പെടെ അഞ്ച് കുറ്റങ്ങളില്‍ മൂന്നെണ്ണത്തിലും ഹസീന കുറ്റക്കാരിയാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.