വത്തിക്കാന്‍ സിറ്റി: വിശുദ്ധവാതില്‍ പ്രധാനപ്പെട്ടതാണെങ്കിലും അതിലേറെ പ്രധാനപ്പെട്ടത് ഹൃദയവാതിലാണെന്ന് കര്‍ദിനാള്‍ മാക്റിസ്കാസ്. റോമിലെ മേരി മേജര്‍ ബസലിക്കയിലെ വിശുദ്ധവാതില്‍ അടയ്ക്കുന്ന ചടങ്ങില്‍ മുഖ്യകാര്‍മ്മികനായി പങ്കെടുത്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ബസലിക്കയുടെ വിശുദ്ധ വാതില്‍ അടയ്ക്കപ്പെടുമ്പോഴും ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നമുക്കായി എപ്പോഴും തുറന്നാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും അവസാനിക്കാത്ത പുതുജീവന്റെ ഉറവയാണ് ക്രിസ്തുവിന്റെ ഹൃദയം. അവനില്‍ വിശ്വസിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിലേക്ക് അത് എല്ലായ്പ്പോഴും തുറന്നാണിരിക്കുന്നത്. ഹൃദയവാതില്‍ തുറക്കപ്പെടുന്നത് തിരുവചനം ശ്രവിക്കുന്നത് വഴിയാണ്. നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ക്ക് നല്കുന്ന സ്വീകാര്യതയിലൂടെ അത് വിസ്തൃതമാകുന്നു. കര്‍ദിനാള്‍ മാക്റിസ്കാസ് പറഞ്ഞു. ഡിസംബര്‍ 25 ന് വൈകുന്നേരമാണ് ബസിലിക്കയുടെ വിശുദ്ധവാതില്‍ അടച്ചത്.