കാക്കനാട്: വൈദികാര്‍ത്ഥികള്‍ മാനസികമായ പക്വതയും സാമൂഹികപ്രതിബദ്ധതയും മാത്രമല്ല ആധുനിക സാങ്കേതികവിദ്യകളില്‍ നൈപുണ്യവും നേടിയിരിക്കണമെന്ന് സീറോമലബാര്‍ സഭാസിനഡ്. വൈദികപരിശീലനം കാലോചിതമായി നവീകരിക്കേണ്ടത് കാലത്തിന്റെ അനിവാര്യമാണെന്നും സിനഡു വിലയിരുത്തി. വൈദികപരിശീലനത്തെക്കുറിച്ച് സിനഡ് നേതൃത്വത്തിന്റെ ശാസ്ത്രീയമായ ഗവേഷണങ്ങളും പഠനങ്ങളും വര്‍ഷങ്ങളായി നടന്നുവരുന്നതിന്റെ വെളിച്ചത്തില്‍ നവീകരിച്ച പരിശീലനപദ്ധതിക്ക് സിനഡില്‍ അന്തിമരൂപം നല്കി. ഇവ നടപ്പില്‍ വരുത്തുന്നതിന്റെ ആദ്യഘട്ടമായി മൈനര്‍ സെമിനാരി പരിശീലനഘട്ടത്തില്‍ കാതലായ ചില നവീകരണങ്ങള്‍ക്ക് സിനഡ് അംഗീകാരം നല്കിയിട്ടുണ്ട്. സീറോമലബാര്‍ സഭയുടെ 34ാമത് സിനഡാണ് നടന്നത്. ജനുവരി 10 നാണ് സിനഡ് സമാപിച്ചത്. 53 മെത്രാന്മാര്‍ പങ്കെടുത്തു.