അര്‍ജന്റീന: ക്രിസ്തു ഇപ്പോഴും വിളിക്കുന്നുണ്ടെന്നും അവിടുത്തേക്ക് മറുപടി നല്കാന്‍ ഭയക്കരുതെന്നും ലെയോ പതിനാലമാന്‍ പാപ്പ. അര്‍ജന്റീനയില്‍ അപ്പസ്‌തോലികപര്യടനത്തിനെത്തിയ പാപ്പ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ മോനുമെന്റോ ഡി ലോസ് എസ്പാനിയോ ലെസ് എന്ന സ്ഥലത്ത് നടന്ന യുവജനജാഗരണപ്രാര്‍ത്ഥനയിലാണ് പാപ്പ പങ്കെടുത്തത്.
സംഗമത്തിലെ ഏറ്റവും ഹൃദ്യമായ രംഗം അഗസ്റ്റ്യന്‍ ക്രിസ്റ്റ്യന്‍ ഷിങ്കയെ വേദിയില്‍ വച്ച് ആലിംഗനം ചെയ്തതായിരുന്നു. പതിനഞ്ചാം വയസില്‍ മയക്കുമരുന്നിന് അടിമയായ അഗസ്റ്റ്യന്‍ തെരുവുകളിലാണ് ജീവിച്ചിരുന്നത്. എന്നാല്‍ അര്‍ജന്റീനിയന്‍ സഭയുടെ കീഴിലുള്ള ലഹരിവിമുക്ത കേന്ദ്രങ്ങളുടെ ശൃംഖലയായ ഹോഗോര്‍ ഡി ക്രിസ്‌റ്റോയുടെ സഹായത്തോടെ അഗസ്റ്റിയന്‍ ലഹരിയില്‍ നിന്ന് പുറത്തുകടന്നു. ഇപ്പോള്‍ 25 കാരനായ ഈ ചെറുപ്പക്കാരന്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. നാലു യുവജനങ്ങള്‍ ചടങ്ങില്‍ തങ്ങളുടെ ജീവിതസാക്ഷ്യം പങ്കുവച്ചു. അതുകേട്ടതിനു ശേഷമാണ് പാപ്പ യുവജനങ്ങള്‍ക്ക് സന്ദേശം നല്കിയത്. പ്രത്യാശ കൈവിടരുതെന്നും ക്രിസ്തുവിന്റെ വിളിയെ ഭയപ്പെടരുതെന്നും പാപ്പ പറഞ്ഞു.
‘
സമര്‍പ്പിത ജീവിതത്തിലൂടെയോ, പൗരോഹിത്യത്തിലൂടെയോ, കുടുംബജീവിതത്തിലൂടെയോ തങ്ങളുടെ ജീവിതം ക്രിസ്തുവിന് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ യുവജനങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം. ക്രിസ്തു ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുകയാണ്; ആ വിളിക്ക് ഉത്തരം നല്‍കാന്‍ ഭയപ്പെടരുത്!’ പാപ്പ പറഞ്ഞു. പത്തുലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുത്തു.