1988 സെപ്തംബര്‍ മൂന്നിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചവളാണ് ലൗറ വിക്കൂന . അമ്മയുടെ മാനസാന്തരത്തിന് വേണ്ടി സ്വന്തം ആത്മാവിനെ സമര്‍പ്പിച്ചവളാണ് പന്ത്രണ്ടാം വയസില്‍ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായ ലൗറ. പരിശുദ്ധ മറിയത്തോട് ചെറുപ്രായം മുതല്‌ക്കേ ഭക്തിയിലാണ് അവള്‍ വളര്‍ന്നുവന്നത്. പന്ത്രണ്ടുവയസുകാരിയെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ആത്മീയ ജീവിതമായിരുന്നു അവള്‍ നയിച്ചിരുന്നതും. ലൗറയുടെ ആത്മീയജീവിതത്തിന്റെ അടരുകള്‍ പ്രധാനമായും ഇവയായിരുന്നു.
ദൈവഹിതം നടപ്പാകട്ടെ, ഇതാണ് എന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥന
എപ്പോഴും ദൈവഹിതത്തിന് കീഴ് വഴങ്ങാനാണ് ലൗറ ആഗ്രഹിച്ചിരുന്നത്. അതുമാത്രമായിരുന്നു അവളുടെ പ്രാര്‍ത്ഥനയും. ദൈവമാണ് എല്ലാവരെയുംകാള്‍ നമ്മെ സ്‌നേഹിക്കുന്നത് എന്ന് അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ദൈവം നമ്മുടെ ജീവിതത്തില്‍ നന്മ മാത്രമേ ചെയ്യൂ എന്നും.
പുണ്യങ്ങളില്‍ സ്ഥിരതപ്പെടുത്തണമേ
ആത്മനിയന്ത്രണത്തിനു വേണ്ടിയായിരുന്നു എന്നുമുള്ള അവളുടെ മറ്റൊരു പ്രാര്‍ത്ഥന. നല്ലതു പറയാനും കേള്‍ക്കാനും അവള്‍ ആഗ്രഹിച്ചു. വിശുദ്ധിയില്‍ ജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തുടര്‍ച്ചയായ കുമ്പസാരമാണെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.
എന്റെ ദൈവമേ ഞാന്‍ എന്നെ പൂര്‍ണ്ണമായും അങ്ങേയക്ക് സമര്‍പ്പിക്കുന്നു, ഞാന്‍ എപ്പോഴും നിന്റേതായിരിക്കണമേ
ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അനുവാദമുണ്ടായ കാലം മുതല്‍ അത് സ്വീകരിക്കുന്നതിന് അവള്‍ മുടക്കം വരുത്തിയിരുന്നില്ല. ദിവ്യകാരുണ്യാരാധനയ്ക്കും അവള്‍ മുടക്കം വരുത്തിയിരുന്നില്ല. ഈശോയോട് ചേര്‍ന്നുനില്ക്കാനുള്ള അവസരമായി രണ്ടിനെയും അവള്‍ കരുതിപ്പോന്നു.
നിശ്ശബ്ദപൂര്‍വ്വം സഹിക്കുക, എപ്പോഴും പുഞ്ചിരിക്കുക
സഹനങ്ങളില്‍ ആത്മസംയമനം വിടാത്തവളായിരുന്നു ലൗറ. എന്നാല്‍ ഏത് അവസ്ഥയിലും അവള്‍ പുഞ്ചിരിക്കുകയും ചെയ്തു.
അമ്മേ എന്റെ കരം പിടിക്കണമേ.
പരിശുദ്ധ അമ്മയോട് ചേര്‍ന്നാണ് അവള്‍ വളര്‍ന്നുവന്നത്. അമ്മയായിരുന്നു അവളുടെ സര്‍വ്വതും. അമ്മേ എന്നെ അമ്മയെടുക്കണമേ എന്ന പ്രാര്‍ത്ഥന അവളുടെ ഹൃദയത്തുടിപ്പായിരുന്നു.