കൊച്ചി: ഞായറാഴ്ചകള്‍ അപ്രഖ്യാപിത പ്രവൃത്തിദിനങ്ങളാക്കുന്ന സമീപനം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതിനെതിരെ കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലന പരിപാടികള്‍, പ്രധാനാധ്യാപകര്‍ക്കായി നടത്തുന്ന പരിശീലനങ്ങള്‍, കെ ടെറ്റ് പരീക്ഷകള്‍ എന്നിവ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്നതിനെതിരെയും കമ്മീഷന്‍ പ്രതികരണം വ്യക്തമാക്കി. ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകള്‍ക്കും മറ്റ് ആരാധനാശുശ്രൂഷകള്‍ക്കും തടസം സൃഷ്ടിക്കുന്ന ഇത്തരംനടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമാന നിലപാടാണുള്ളതെന്ന് സംശയിക്കുന്നതായും ആര്‍ച്ച് ബിഷപ് ആന്‍ഡ്രുസ് താഴത്ത് പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വെള്ള പൂശാനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കലാലയങ്ങളില്‍ നിന്ന് പടിയിറങ്ങിയ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചുവരുന്നതിന് നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ഉത്കണ്ഠാജനകമാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വ്യക്തമാക്കി.
കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുകളെ മറികടക്കാന്‍ നടത്തുന്ന നിയമനിര്‍മ്മാണം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അക്രമവും രാഷ്ട്രീയവും കൊണ്ടു സമാധാനപരമായ പഠനസാഹചര്യം നഷ്ടമാകുന്നതും സംസ്ഥാനത്തു നിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നതിന് കാരണമാണ്. കലാലയ രാഷ്ട്രീയത്തിനായി നിയമനിര്‍മ്മാണം നടത്തിയാല്‍ അതിനെതിരെ കോടതിയെ സമീപിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.