കുട്ടികള്‍ നന്നായി പ്രാര്‍ത്ഥിക്കുന്നില്ല, പലപ്പോഴും അലക്ഷ്യമായിട്ടാണ് അവര്‍ പ്രാര്‍ത്ഥനകളില്‍ പങ്കുചേരുന്നത്, ഇങ്ങനെ മക്കളെക്കുറിച്ചു കുടുംബപ്രാര്‍ത്ഥനയുടെ പേരില്‍ പരാതി പറയുന്ന ഒരുപാട് മാതാപിതാക്കന്മാരുണ്ട്. ഒരുപക്ഷേ നമ്മള്‍ തന്നെ അങ്ങനെയായിരിക്കാം.
കുട്ടികള്‍ എന്തുകൊണ്ടാണ് പ്രാര്‍തഥനയോട് സഹകരിക്കാത്തതായുള്ളത്? കുട്ടികളെ പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കാന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന മാതാപിതാക്കളൊക്കെ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
പ്രാര്‍ത്ഥന ഒരിക്കലും മക്കള്‍ക്ക് ഭാരമുള്ളതായി അനുഭവപ്പെടരുത്. ബുദ്ധിമുട്ടുള്ള കാര്യമായി അവര്‍ക്ക് തോന്നരുത്. പകരം കുടുംബാംഗങ്ങള്‍ ഒരുമിച്ച് ദൈവത്തെ സ്തുതിക്കുന്ന നല്ല നിമിഷങ്ങളായി അത് മാറണം. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് നല്ലരീതിയിലുള്ള മാറ്റം ഉണ്ടാവേണ്ടതുണ്ട്.
പല മാതാപിതാക്കളും അവരുടെ സകലജോലിയും ചെയ്തുകഴി്ഞ്ഞ് സമയം ബാക്കിയുണ്ടെങ്കില്‍ ചെയ്‌തേക്കാം എന്ന് തീരുമാനിക്കുന്ന ഒരു ഏര്‍പ്പാടാണ് കുടുംബപ്രാര്‍ത്ഥന. ചില വീട്ടമ്മമാരെങ്കിലും ജോലിയുടെ മടുപ്പും യാത്രയുടെ ക്ഷീണവും കാരണം ഉറക്കം തൂങ്ങിയായിരിക്കും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്.
കുടുംബനാഥന്മാരാകട്ടെ ചിലപ്പോള്‍എത്തിയിട്ടുമുണ്ടാവില്ല. ഇനി വന്നാല്‍ തന്നെ മൊബൈല്‍ മുഴങ്ങിയാല്‍ അതുമായി പുറത്തേക്കൊരു പോക്കാണ്. ഇങ്ങനെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള എതിര്‍സാക്ഷ്യങ്ങള്‍ പതിവായി കണ്ടുവളരുന്ന കുട്ടികള്‍ക്ക് ഒരിക്കലും പ്രാര്‍ത്ഥനകളില്‍ നല്ലരീതിയില്‍പങ്കെടുക്കാന്‍ കഴിയില്ല.
ഉറക്കം തൂങ്ങിയും പലവിചാരത്തോടെയും പ്രാര്‍തഥന ചൊല്ലുന്ന നമ്മള്‍ ഇടയ്ക്കിടെ മക്കളോട് നല്ലതുപോലെ പ്രാര്‍ത്ഥിക്ക് എന്ന് ശഠിക്കുകയും ചെയ്യും. ആദ്യം നമ്മള്‍ അവര്‍ക്ക് മാതൃക കാണിച്ചുകൊടുക്കണ്ടെ. അതിന് ശേഷമല്ലേ അവരെ മാതൃക പഠിപ്പിക്കാന്‍ പറ്റൂ.
ഭക്തിപൂര്‍വ്വം കൈകള്‍ കൂപ്പി കണ്ണടച്ച് മുട്ടിന്മേല്‍ നിന്ന് വിശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രാര്‍ത്ഥന ചൊല്ലൂ, മക്കള്‍ അത് കണ്ടുവളരട്ടെ. അപ്പോള്‍ സ്വഭാവികമായും അവര് തങ്ങളുടെ അലസതയില്‍ നിന്ന് മോചിതരായി കുടുംബപ്രാര്‍ത്ഥനയില്‍ സജീവമാകുക യും ചെയ്യും.