Sunday, November 24, 2024
spot_img
More

    യഥാര്‍ത്ഥ ക്രിസ്ത്യാനിയായിത്തീരാന്‍ മറിയത്തിന്റെ പാഠശാല


    ‘ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും’ (ലൂക്കാ 1:48)

    ദൈവശാസ്ത്രം നമുക്കിന്ന് ഏറെ പരിചിതമായ ഒരു പദമാണ്. മുന്‍കാലങ്ങളില്‍ ദൈവശാസ്ത്രം പഠിച്ചിരുന്നത് വൈദീക പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു, ദൈവശാസ്ത്രം പഠിക്കാന്‍ വൈദീകര്‍ക്കു മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. തുടക്കനാളുകളില്‍ ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നതും വൈദീകര്‍ മാത്രമായിരുന്നു, വൈദീകരല്ലാത്ത പലരും എന്നെ ദൈവശാസ്ത്രം പഠിപ്പിച്ചിട്ടുമുണ്ട് എന്നത് പിന്നീട് സഭയില്‍ വന്ന വലിയ നന്മയുടെ ഭാഗമായാണ് ഞാന്‍ കരുതുന്നത്.

    എന്നാല്‍ നമ്മുടെ ഇക്കാലത്ത് ഏതു തുറയിലുള്ള മനുഷ്യര്‍ക്കും ദൈവശാസ്ത്ര പഠനം സാധ്യമാണ്. വിവിധങ്ങളായ ദൈവശാസ്ത്ര വിഷയങ്ങളില്‍ സഭയിലിന്ന് ഗൗരവമായ പഠനങ്ങള്‍ നടക്കുന്നുണ്ട,് അതില്‍ത്തന്നെ മരിയ വിജ്ഞാനീയത്തിന് വലിയ പ്രാധാന്യം ലഭിക്കാറുമുണ്ട്.

    മറിയത്തിന് ദൈവശാസ്ത്രത്തിലുള്ള സാധ്യതയെന്താണ് അല്ലെങ്കില്‍ ഏതുരീതിയിലാണ് മരിയവിജ്ഞാനീയം മറ്റ് ദൈവശാസ്ത്ര മേഘലകളെ പരിപോഷിപ്പിക്കുന്നത് എന്നത് പരിഗണിക്കുന്നത് ഉചിതമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു.

    എന്തുകൊണ്ടാണ് അല്ലെങ്കില്‍ എങ്ങിനെയാണ് മറിയത്തിനും അതുപോലെ മരിയ വിജ്ഞാനീയത്തിനും സഭയില്‍ ഏറെ ഉന്നതമായ സ്ഥാനം ലഭ്യമായത് എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്; ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അന്നോളം അപ്രാപ്യനായ ദൈവം തന്റെ അരികിലേക്ക് എത്തിച്ചേര്‍ന്നത് മറിയം വഴിയാണ്. അങ്ങിനെ ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തിയത് മറിയത്തിലൂടെയാണെന്ന യാഥാര്‍ത്ഥ്യം ഉയര്‍ന്നുവരുന്നു. മാനവ രക്ഷകനായി വന്നവന്‍ ഒരുപോലെ ദൈവവും മനുഷ്യനുമായത് അവന് മറിയത്തിലൂടെ ലഭ്യമായ പിറവിയിലൂടെയാണ്.

    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേകദൈവത്തെ മണ്ണിന് മനസിലായത് രക്ഷകന്റെ മറിയത്തിലൂടെയുള്ള മനുഷ്യാവതാരത്തിലൂടെയാണ്. അതിനാല്‍ ക്രൈസ്തവ ദൈവശാസ്ത്രത്തിന് മരിയവിജ്ഞാനീയം ഇല്ലാതെ അസ്ഥിത്വമില്ല.
    എന്താണ് മരിയവിജ്ഞാനീയം (മരിയോളജി)? ക്രിസ്തീയ വിശ്വാസത്തിലും ദൈവശാസ്ത്ര വിശകലനങ്ങളിലും സത്താപരമായി മറിയത്തിന്റെ പ്രാധാന്യവും ഇടപെടലുമൊക്കെ മനസിലാക്കാന്‍ ശ്രമിക്കുന്ന ദൈവശാസ്ത്ര ശാഖയായാണ് മരിയവിജ്ഞാനീയം (മരിയോളജി) എന്നതിലൂടെ സഭ വിവക്ഷിക്കുന്നത്.

    ആധികാരികമായി മരിയോളജി അല്ലെങ്കില്‍ മരിയന്‍ പഠനങ്ങള്‍ അതിന്റെ സ്വഭാവമനുസരിച്ച് ക്രിസ്തു കേന്ദ്രീകൃതമാണെന്നതാണ് യാഥാര്‍ഥ്യം. അങ്ങിനെ മറിയവുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും അതിനോട് ചേര്‍ന്നു രൂപീകൃതമാകുന്ന ഭക്തിപരമായ കാര്യങ്ങളും നമ്മെ നേരിട്ട് യേശുവിനോട് അടുപ്പിക്കുകയും ചെയ്യുന്നു. മരിയവിജ്ഞാനീയം എന്നതിന് കുറച്ചുകൂടി ഒരു വ്യക്തത തേടിയാല്‍, ദൈവവിശ്വാസവും ദൈവശാസ്ത്രവും ഒരുപോലെ ഇഴചേര്‍ത്ത് മറിയം ദൈവത്തിന് നല്‍കിയ മറുപടിപോലെയാണത്. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമുണ്ട്, അതുപോലെ ആശങ്കയുമുണ്ട്.

    അപ്പോഴും ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ല എന്ന വാക്കുകളില്‍ പൂര്‍ണമായ പ്രത്യാശ കാണുകയും തന്റെ ദൗത്യം കൃത്യമായ ബോധ്യത്തോടെ ഏറ്റെടുക്കുകയും ചെയ്തവളാണ് മറിയം.
    ക്രിസ്തു വിജ്ഞാനീയത്തോട് ചേര്‍ന്ന യാഥാര്‍ത്ഥ്യം എന്ന നിലയില്‍ മരിയ വിജ്ഞാനീയത്തിന് സഭയിലുള്ള പ്രാധാന്യം, ക്രിസ്തുവിലൂടെ സഭയും മറിയവുമായുള്ള പരസ്പര ബന്ധം രൂപീകൃതമായി എന്നതാണ്: അതായത്, മറിയത്തിലൂടെ സാധ്യമായ മനുഷ്യാവതാരവും സഭയാകുന്ന ഭൗതീകശരീരത്താലുള്ള അവന്റെ നിലനില്‍പും കരഗതമായി എന്ന് സാരം. ക്രിസ്തീയ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും സമ്പൂര്‍ണമായ പ്രതീകമായിട്ടാണ് മറിയം നിലകൊള്ളുന്നത്.
    മരിയവിജ്ഞാനീയത്തില്‍ പ്രധാനമായും നാല് അടിസ്ഥാന സിദ്ധാന്തങ്ങളാണ് പഠനവിഷയമാക്കുന്നത്.

    മറിയത്തിന്റെ നിത്യകന്യാത്വം, ദൈവമാതൃത്വം, അമലോത്ഭവം, സ്വര്‍ഗാരോപണം എന്നിവയാണിത്. ഈ നാലുകാര്യങ്ങളും സഭയുടെ വിശ്വാസസംഹിതകളോട് ഏറ്റവും അടുത്തുനില്‍ക്കുന്നവയുമാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല. മരിയോളജി എന്താണെന്ന് കൃത്യമായി മനസിലാക്കിയവര്‍ക്ക് ആധികാരികമായി ക്രിസ്തുവിജ്ഞാനീയം മനസിലാക്കാനും കഴിയും എന്നതാണ് മരിയവിജ്ഞാനീയത്തിന്റെ പ്രത്യേകത. കാരണം ഇവ പരസ്പര പൂരകങ്ങളാണ്. ആദവും ഹവ്വയും അവരുടെ പാപം മൂലം പ്രപഞ്ച സന്തുലിതാവസ്ഥയെ നഷ്ടപ്പെടുത്തിയെന്നും, മനുഷ്യാവതാരം വഴിയാണ് യേശു അത് പുനസ്ഥാപിച്ചതെന്നും നമുക്കറിയാം.

    ഇത്തരത്തിലൊരു സാധ്യത നമുക്ക് ലഭ്യമായതിനു കാരണം, മറിയത്തിന്റെ പിതാവായ ദൈവത്തോടുള്ള സ്‌നേഹപൂര്‍വമായ അനുസരണമാണ്. അതുപോലെ യേശു അദൃശ്യനായ പിതാവിന്റെ പ്രതിരൂപവും മറിയം ദൃശ്യമായ സഭയുടെ പ്രതിരൂപവുമാണ്.
    ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ വീക്ഷണത്തില്‍, മറിയവും സഭയും തമ്മിലുള്ള പരസ്പരപൂരകമായ അന്തര്‍ധാരയും, മറിയത്തിലൂടെ പ്രകടമാകുന്ന സഭയുടെ വ്യക്തിത്വവും, സഭയില്‍ മറിയം ആര്‍ജ്ജിച്ച സാര്‍വത്രിക മാനവും ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവശാസ്ത്രപരമായ പുനരാവിഷ്‌കരണങ്ങളിലൊന്നാണ്.

    അതുപോലെതന്നെ ഈശോയുടെ അമ്മയായ മറിയം ക്രിസ്തീയ വിശ്വാസത്തിലെ കേന്ദ്ര സ്ത്രീരൂപമാണ്. കത്തോലിക്കാ ഓര്‍ത്തഡോക്‌സ് സഭാ പാരമ്പര്യങ്ങള്‍ ഈ സത്യത്തെ വളരെ അസന്നിഗ്ദമായി ഉയര്‍ത്തിപ്പിടിക്കാറുണ്ട്. രണ്ടാം നൂറ്റാണ്ടുമുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറിയത്തിന്റെ പ്രാധാന്യം മനസിലാക്കുകയും മരിയഭക്തിയില്‍ തഴച്ചുവളരുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

    മരിയവിജ്ഞാനീയത്തിന് സഭയില്‍ പ്രചുരപ്രചാരം ലഭിക്കുന്നതിന് സഭാപിതാക്കന്മാരുടെ പങ്കും വിലപ്പെട്ടതാണ്. സഭയുടെ പിതാക്കന്മാരായ ജെസ്റ്റിന്‍, ഇറേനിയൂസ്, തെര്‍ത്തുല്ലിയന്‍ തുടങ്ങി അനേകര്‍ മറിയത്തിന്റെ ഉന്നതമായ വിശുദ്ധിയെക്കുറിച്ചുള്ള പ്രമേയങ്ങള്‍ കൃത്യമായ വിശദീകരണത്തോടെ പതിവായി ആദിമസഭയില്‍ അവതരിപ്പിച്ചിരുന്നു. അങ്ങിനെ വിശ്വാസികളുടെ ഹൃദയങ്ങളില്‍ മറിയത്തിനുള്ള സ്വീകാര്യത പ്രകടമായി വളര്‍ന്നുവന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ജനതകളുടെ പ്രകാശം എന്ന സഭാരേഖയിലെ എട്ടാം അധ്യായത്തില്‍ മരിയവിജ്ഞാനീയത്തെ ഏറെ പാധാന്യത്തോടെ അഭിസംബോധനചെയ്യുകയും ഈ ദൈവശാസ്ത്ര വിഭാഗത്തെ സഭാശാസ്ത്ര പരിധിയില്‍ കൃത്യമായി ഉള്‍പ്പെടുത്തുകയും ചെയ്തു.

    ചരിത്രത്തിലുടനീളം അനുഭവപ്പെട്ട മരിയന്‍ പ്രതിഭാസത്തിന്റെ അല്ലെങ്കില്‍ മറിയത്തിന്റെ പ്രാധാന്യത്തിന്റെ പ്രത്യേകതയെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിച്ച അനവധിയായ ദൈവശാസ്ത്രജ്ഞന്മാര്‍ പങ്കുവയ്ക്കുന്നത് ഒരേതരത്തിലുള്ള ഉത്തരമാണ്. കൃത്യമായും ദൈവത്തിന്റെ ഒരു സ്ത്രീരൂപമെന്ന നിലയിലാണ് മറിയത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസലോകം കാണുന്നതും മനസിലാക്കുന്നതും. അതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ നിഗൂഡമായ ഔദ്യോഗികമായ ഭാവത്തെ മനസിലാക്കാന്‍ ഏറ്റവും എളുപ്പം ഒരു സ്ത്രീയിലൂടെയെന്നതും ചേര്‍ത്തുവായിക്കാം.

    വാസ്തുവിദ്യ, പെയിന്റിംഗ്, കവിത, സംഗീതം എന്നിവയുടെ വിശാലവും, ബഹുമുഖവുമായ യാഥാര്‍ത്ഥ്യത്തെ, ബൈബിള്‍, ദൈവശാസ്ത്രം, ആരാധന, രാഷ്ട്രീയം, മനശാസ്ത്രം, കലാപരമായ ആവിഷ്‌കാരം എന്നിവയുള്‍പ്പെടെ. യേശുവിനുപുറമേ മറ്റേതൊരു വ്യക്തിയെക്കാളും കിഴക്കും പടിഞ്ഞാറുമുള്ള ക്രിസ്തീയ കലാപാരമ്പര്യങ്ങളില്‍ ഏറ്റവും മികച്ച ഒരടയാളമായി മറിയത്തെ ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. അങ്ങനെ ക്രിസ്തുവിജ്ഞാനീയം പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്നതുപോലെതന്നെ മരിയവിജ്ഞാനീയം തുല്യമായ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്.
    മറിയത്തിന്റെ ആത്മീയ പാഠശാലയിലൂടെയാണ് ഒരുവന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയായിത്തീരുന്നത്.

    ചുരുക്കിപ്പറഞ്ഞാല്‍ ഒരു മരിയന്‍ തലമില്ലാത്ത ക്രിസ്തീയത രൂപപ്പെടുകയോ വളരുകയോ ഇല്ലാ എന്ന് ചുരുക്കം. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും എന്ന വചനത്തിലൂടെ വെളിപ്പെടുന്നതും ഇതേ സത്യമാണ്. മറിയം ഭാഗ്യവതിയായി മാറിയതിന്റെ ഒരേഒരു കാരണം അവള്‍ സകല തലമുറകള്‍ക്കുമായി ദൈവപുത്രനെ നല്‍കി എന്നതാണ്. ഇത് തന്നെയാണ് മറിയത്തിലൂടെ വെളിപ്പെടുന്ന ദൈവശാസ്ത്രം.

    പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!