Monday, December 23, 2024
spot_img
More

    ലോകത്ത് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം.. കേരളത്തിലോ ??

     ലോകത്ത് ആദ്യമായി പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട സ്ഥലം ഏതാണ് എന്നറിയാമോ? നമ്മുടെ കുറവിലങ്ങാട് ആണ് എന്ന് അതിന് ഉത്തരം പറയുമ്പോള്‍ ഒരുപക്ഷേ നമുക്കത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നിയേക്കാം. കാരണം ലൂര്‍ദ്ദും ഫാത്തിമായും ഗ്വാഡലൂപ്പെയുമാണ് നമ്മുടെ മനസ്സിലുള്ളത്. ജസീന്തയും ജുവാന്‍ ഡിയാഗോയുമെല്ലാം ഇതിന് പിന്നാലെ വരികയും ചെയ്യും.പക്ഷേ പാരമ്പര്യവിശ്വാസം അനുസരിച്ച് കുറവിലങ്ങാടാണ് മാതാവ് ആദ്യമായി ലോകത്ത് പ്രത്യക്ഷപ്പെട്ടത്.

    ഫാത്തിമായിലെന്ന പോലെ ആടുകളെ മേയ്ച്ചു നടന്നിരുന്ന കുട്ടികള്‍ക്കാണ് ഇവിടെ മാതാവ് പ്രത്യക്ഷപ്പെട്ടത്. ഒരു വൃദ്ധയുടെ വേഷത്തിലാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. മാത്രവുമല്ല തളര്‍ന്ന് അവശരായിരുന്ന ആ കുട്ടികള്‍ക്ക് മാതാവ് അപ്പം നല്കുകയും ചെയ്തു. പതിവില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ തിരികെ വീട്ടിലെത്തിയത് പൂര്‍വ്വാധികം ഉന്മേഷത്തോടും സന്തോഷത്തോടുമായിരുന്നു. കാരണം തിരക്കിയപ്പോള്‍ ഒരു വൃദ്ധ തങ്ങള്‍ക്ക് അപ്പവും വെള്ളവും തന്ന കാര്യം കുട്ടികള്‍ അറിയിച്ചു. മാതാപിതാക്കളും കുട്ടികളും കൂടി അവിടെയെത്തിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് കുരിശുചുമന്ന് നില്ക്കുന്ന ഉണ്ണിയേശുവിനെ കൈകളിലേന്തി പരിശുദ്ധ കന്യാമറിയമാണ്. അന്ന് അവിടെ ഒരു നീരുറവ മാതാവ് കാണിച്ചുകൊടുക്കുകയും അതിന്റെ  മുന്നില്‍ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്നു കാണുന്ന ദേവാലയത്തിന്റെ ഉത്ഭവം അങ്ങനെയായിരുന്നു. ഏഡി 105 ലാണ് ഈ ദേവാലയം പണികഴിപ്പിക്കപ്പെട്ടത്. മാതാവിന്റെ നാമത്തില്‍ ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ ദേവാലയമാണ് കുറവിലങ്ങാട് എന്നും ചരിത്രഗവേഷകര്‍ പറയുന്നു.

     മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്രം ഇങ്ങനെയാണ്. കളരി( അക്ഷരാഭ്യാസംനടത്തുന്ന സ്ഥലം)യില്‍നിന്ന് വീട്ടിലേക്ക്മടങ്ങുകയായിരുന്ന കുറെ കുട്ടികള്‍ക്ക് കുലകണ്ടം നിരപ്പിന് സമീപമെത്തിയപ്പോള്‍ വഴിയരികിലുള്ള ഒരു കാട്ടില്‍ നിന്നും ഒരു വൃദ്ധ അവര്‍ക്കടുത്തെത്തുകയും സമീപത്തു കിടന്നിരുന്ന കല്ലിന്‍കഷണങ്ങള്‍ പെറുക്കിയെടുത്ത് അപ്പമാക്കി അവര്‍ക്ക്‌നല്കുകയും ചെയ്തു. രുചികരമായ അപ്പം തിന്ന കുട്ടികള്‍ ഈ വിവരം വീട്ടുകാരെ അറിയിക്കുകയും എല്ലാവരും കൂടി ഓടിയെത്തിയപ്പോള്‍ അതുവരെ വൃദ്ധയായിരുന്ന സ്ത്രീ അതീവസൂന്ദരിയായി രൂപമാറ്റം സംഭവിച്ച് അവിടെ നിന്ന് അപ്രത്യക്ഷയാവുകയും ചെയ്തു.

     മറ്റൊരു കഥ ഇങ്ങനെയാണ്. പാലയൂരില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച പകലോമറ്റം തറവാട്ടിലെ കാരണവര്‍ പാച്ചോര്‍ നേര്‍ച്ചയുമായി ഇടവകപ്പള്ളിയായ കടുത്തുരുത്തിയിലേക്ക് പോയെന്നും അവിടെ വച്ച് മാതാവ് പ്രത്യക്ഷപ്പെട്ട് പാച്ചോര്‍ കാലിമേയ്ക്കുന്ന കുട്ടികള്‍ക്ക് നല്കണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ചാല്‍ ആഗ്രഹങ്ങള്‍ സാധിക്കുമെന്നും പറഞ്ഞു. താന്‍ കാണിച്ചുതരുന്ന സ്ഥലത്ത് പള്ളി നിര്‍മ്മിക്കണമെന്നും അടയാളമായി ഉറവ കാണിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെയാണത്രെ പള്ളി പണിതത്.

    കഥകള്‍ ഇങ്ങനെ വ്യത്യസ്തമായാലും  മാതാവ് ഇവിടെ പ്രത്യക്ഷപ്പെട്ടു എന്ന കാര്യത്തില്‍ വിശ്വാപരമായ യാതൊരുവിധ സംശയങ്ങളും ഇല്ല. മുത്തിയമ്മയുടെ രൂപത്തില്‍ അതായത് വൃദ്ധയുടെ രൂപത്തില്‍ വന്നതായതുകൊണ്ട് കുറവിലങ്ങാട് മാതാവിനെ മുത്തിയമ്മ എന്നാണ് വിളിക്കുന്നത്. എന്നാല്‍ മാതാവിന്റെ രൂപം മറ്റ് പല രൂപങ്ങളിലുമെന്നതുപോലെ അത്യധികം സുന്ദരിയാണ് താനും. മാതാവ് കാണിച്ചുകൊടുത്ത നീരുറവയക്ക് അത്ഭുതകരമായ രോഗസൗഖ്യത്തിനുള്ള കഴിവുണ്ട് എന്നും രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന ഒരു പ്രദേശത്ത് ചെറിയ താഴ്ചയില്‍ വറ്റാത്ത വെള്ളമുള്ള ഉറവ  എന്നത് ഇന്നുപോലും അത്ഭുതം തന്നെ.

    മൂന്നു നോമ്പ്, എട്ട് നോമ്പ്, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ എന്നിവയാണ് ഇവിടെ ആഘോഷിക്കുന്ന തിരുനാളുകള്‍. ഇതില്‍ മൂന്നു നോമ്പ് തിരുനാള്‍ ഏറെ പ്രശസ്തമാണ്. മൂന്നു നോമ്പു തിരുനാളിനാണ് ചരിത്രപ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം ഉള്ളത്.
    ജാതിയോ മതമോ നോക്കാതെ തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്കെല്ലാം സമീപസ്ഥയാണ് കുറവിലങ്ങാട് മുത്തിയമ്മ.

    കുറവിലങ്ങാട് മുത്തിയമ്മേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!