കുമ്പസാരം പാപങ്ങള്‍ക്ക് മോചനം നല്കുന്ന കൂദാശയാണ്. അപ്പോള്‍ ചില വിഭാഗം ആളുകള്‍ ചോദിക്കുന്ന സംശയം ഇതാണ്. യേശു മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് മുഴുവനും വേണ്ടി കുരിശില്‍ മരിച്ചുവെങ്കില്‍ കുമ്പസാരിക്കേണ്ട ആവശ്യമുണ്ടോ?
ഇങ്ങനെ ചിന്തിക്കുന്നതില്‍ ചില അപകടമുണ്ട്. ഒന്നാമത് കുമ്പസാരത്തിന്റെ ശക്തി അടങ്ങിയിരിക്കുന്നത് ക്രിസ്തുവിന്റെ പൂര്‍ണ്ണമായ ആത്മത്യാഗത്തിലാണ്. ഓരോരുത്തര്‍ക്കും വ്യക്തിപരമായി കൃപ ലഭിക്കാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു വഴിയാണ് കുമ്പസാരം. ക്രിസ്തീയ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ലഭിക്കാത്തതാണ് മേല്പ്പറഞ്ഞ വിധത്തിലുള്ള ധാരണകള്‍ക്ക് ഒരു കാരണം.
കത്തോലിക്കാസഭ നമ്മെ പഠിപ്പിക്കുന്നത് ക്രിസ്തീയ ജീവിതം എന്ന് പറയുന്നത് തുടര്‍ച്ചയായ ഒരു മാനസാന്തരാനുഭവമാണെന്നും അത് ക്രിസ്തുവിന്റെ കൃപയില്‍ ആഴപ്പെട്ടുള്ള വിശുദ്ധിയിലുള്ള വളര്‍ച്ചയാണെന്നുമാണ്. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചുവെങ്കിലും അനുദിനജീവിതത്തില്‍ നാം ക്രിസ്തുവുമായി ഐക്യപ്പെടുന്നതിനും അനുരൂപപ്പെടുന്നതിനും തുടര്‍ച്ചയായ വിശുദ്ധീകരണം ആവശ്യമാണ്.
ദൈവികകൃപ ലഭിക്കുന്നതിനുള്ള ഒരു ഉപകരണമോ മാധ്യമമോ ആണ് കുമ്പസാരം. അതുകൊണ്ട് ക്രിസ്തു കുരിശില്‍ മരിച്ചുവെങ്കിലും നമ്മുടെ വിശുദ്ധീകരണത്തിനും ക്രിസ്തുവമായുള്ള തുടര്‍ച്ചയായ ഐക്യത്തിനും വേണ്ടി നാം അനുദിനജീവിതത്തില്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ പ്രതി മനസ്തപിച്ച് പാപമോചനം നേടേണ്ടിയിരിക്കുന്നു.