“ആകയാൽ, നിൽക്കുന്നു എന്ന് വിചാരിക്കുന്നവർ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ” (1 കോറിന്തോസ് 10: 12).
കേരള ജനതയ്ക്ക് പുതിയൊരു ദൃശ്യവിരുന്നായിരുന്നു മരടിലെ ഫ്‌ളാറ്റുകളുടെ തകർന്നുവീഴൽ. സുപ്രീം കോടതി വിധിയെത്തുടർന്ന് കുറെനാളായിനിലനിന്ന തർക്കങ്ങൾക്കും ഊഹാ പോഹങ്ങൾക്കുമാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഒന്നും നശിക്കുന്നതും തകരുന്നതും സന്തോഷത്തോടെ നോക്കിനിൽക്കേണ്ടതല്ല എന്ന സാമാന്യമനുഷ്യചിന്ത നിലനിൽക്കെത്തന്നെ, കേരളത്തിലെ ജനങ്ങൾ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലാത്ത ഒരു കാണാക്കാഴ്ചയുടെ അസുലഭാവസരം മുതലാക്കാൻ, പലരും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് കൊച്ചിയിൽ നേരിട്ടെത്തി ഈ അപൂർവ ദൃശ്യങ്ങൾക്ക് സാക്ഷികളായി. സ്ഫോടനങ്ങള്‍ക്കുശേഷം അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരം നീക്കാൻ എഴുപത് ദിവസമെങ്കിലും വേണമെന്നാണ് അധികൃതർ കരുതുന്നത്. രണ്ടു ദിവസങ്ങളിലായി തകർക്കപ്പെട്ട നാലു ഫ്ളാറ്റുകളിൽ താമസിച്ചിരുന്ന പാവം ജനങ്ങളുടെ കാര്യമാണ് ഇപ്പോഴും കഷ്ടമായി തുടരുന്നത്.
തകർന്നുവീണ ഈ കെട്ടിടസമുച്ചയങ്ങളുടെ ദൃശ്യങ്ങൾ നമ്മുടെ മനസ്സിൽ മറ്റുചില സുപ്രധാന ചിന്തകൾ കൂടി ഉണർത്തേണ്ടതുണ്ട്. സത്യത്തിന്‍റെയും നീതിയുടെയും അടിത്തറമേൽ പണിയപ്പെടാത്തതൊക്കെ ഒരുനാൾ തകർന്നുവീഴേണ്ട അനിവാര്യത ഉണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് മരടിലെ ഫ്‌ളാറ്റുകളുടെ വൻവീഴ്ചകൾ സൂചിപ്പിക്കുന്നത്. സത്യമില്ലാതെ സമ്പാദിക്കുന്ന പണത്തിന്റെ ഗോപുരങ്ങളും ധാർമ്മികതയില്ലാതെ അനുഭവിക്കുന്ന ലോകസുഖങ്ങളുടെ മണിമാളികകളും അർഹതയില്ലാതെ നേടുന്ന വിജയങ്ങളും ഒരുനാൾ തകർന്നുവീഴുകതന്നെ ചെയ്യും. പ്രകൃതിസംരക്ഷണത്തെ മറന്ന് ഓരോന്ന് ചെയ്യുന്നവർക്കുള്ള വലിയ പാഠം കൂടിയാണിത്.
സുരക്ഷിതമായി, ഈ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർത്തത് അതിൽ വിദഗ്ധരായ ജോലിക്കാരാണ്. ജനസാന്ദ്രതയേറെയുള്ള കൊച്ചിപോലൊരു നഗരത്തിൽ, ഈ ജോലി സുരക്ഷിതമായി ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ചുറ്റുപാടുകളിലേക്കു വ്യാപിക്കുന്ന പുകപടലങ്ങളൊഴിച്ച്, ഒരു കല്ലുപോലും പരിധിക്കപ്പുറത്തേക്ക് തിരിച്ചുപോകില്ലന്നുള്ളതായിരുന്നു കെട്ടിടം സ്ഫോടനത്തിലൂടെ തകർക്കാൻ എത്തിയവർ കൊച്ചിയുടെ അധികാരികൾക്ക് നൽകിയ ഉറപ്പ്. അതവർ ഭംഗിയാക്കുകയും ചെയ്തു. സുരക്ഷെയെക്കരുതി, രണ്ടാമത് തകർത്ത ആൽഫ സെറീൻ ഫ്ലാറ്റുകൾ സമീപത്തെ കായലിലേക്കാണ് വീഴ്ത്തിയത്.
നമ്മുടെ അനുദിന ജീവിതങ്ങളിലും വീടുകളിലും ജോലിസ്ഥലങ്ങളിലുമൊക്കെ പല വികാര വിസ്ഫോടനങ്ങളും പലപ്പോഴും നടക്കാറുണ്ട്. നമ്മുടെ ഇടയിൽ നടക്കുന്ന ഇത്തരം സ്ഫോടനങ്ങൾ പലപ്പോഴും നിയന്ത്രിതമല്ല എന്നതാണ് പ്രശ്നം. കൊച്ചിയിലെ ഫ്ലാറ്റുകൾ തകർന്നപ്പോൾ അത് ആ കെട്ടിടങ്ങളെ മാത്രമേ ബാധിച്ചുള്ളു. ഇത്രവലിയ ഒരു തകർക്കൽ നടന്നപ്പോഴും അത്, ആ കെട്ടിടങ്ങൾക്കുള്ളിൽ ഒതുങ്ങിനിന്നു. നമ്മുടെ അരിശങ്ങളുടെയും കോപങ്ങളുടെയും വൈരാഗ്യത്തിന്റേയും അസൂയയുടെയും തെറ്റിധാരണകളുടെയും സ്ഫോടനങ്ങൾ പലപ്പോഴും പരിധികളെല്ലാം കടന്ന്, ചുറ്റുപാടുമുള്ളവരുടെയെല്ലാം മനസ്സുകളിലേക്ക് നടുക്കങ്ങളും മുറിവുകളും ബന്ധങ്ങളിൽ വിള്ളലുകളുമുണ്ടാക്കുന്നു. വികാരങ്ങളെയും അതിൽ നിന്നുണ്ടാകുന്ന സ്ഫോടനങ്ങളെയും ഒഴിവാക്കാൻ സാധിച്ചാല്‍ അതാണ് യഥാർത്ഥ പക്വത. എന്നാൽ, മാനുഷിക ബലഹീനതയിൽ ഇത്തരം വികാരസ്ഫോടനങ്ങൾക്കടിമപ്പെട്ടുപോയാലും അവയെ നിയന്ത്രണത്തിൽ നിറുത്താനും ചുറ്റുപാടുകളിലേക്കു അവയുടെ പ്രകമ്പനങ്ങൾ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധ വേണം.
ഈ ഫ്‌ളാറ്റുകളുടെ തകർച്ചയ്ക്ക് ഇത്രവലിയ പൊതുജനശ്രദ്ധ കിട്ടിയത് ഈ മനുഷ്യവാസസ്ഥലങ്ങളുടെ അസാമാന്യ വലുപ്പം കൊണ്ടാണ്. കേരളത്തിൽ ഇതിനോടകം എത്രയോ വീടുകളും ചെറുകെട്ടിടങ്ങളും പലകാര്യങ്ങൾക്കുവേണ്ടി പൊളിച്ചുമാറ്റിയിരിക്കുന്നു, അപ്പോഴൊന്നും അതൊന്നും വാർത്തയായിട്ടില്ല. എന്നാൽ മുമ്പ് ഈ ഫ്ലാറ്റുകൾ തലയുയർത്തി നിന്നതും ഇപ്പോൾ വീണതും വലിയ വാർത്തയാണ്. വലുപ്പം കൂടും തോറും ശ്രദ്ധയും ആകർഷണവും കൂടും. അതുകൊണ്ടുതന്നെ വലിയവയുടെ വീഴ്ച നാടൊട്ടുക്ക് അറിയുകയും ചെയ്യും. വലിയ കെട്ടിടങ്ങൾ മാത്രമല്ല, വലിയവരായി സമൂഹത്തിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും ഓർക്കേണ്ട കാര്യം കൂടിയാണിത്. വലിപ്പം കൂടുംതോറും വീഴ്ചയുടെ ആക്കവും വാർത്താപ്രാധാന്യവും കൂടും. റോഡില്കൂടി പോകുന്ന രണ്ടു ചെറുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാകുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്ത പോലെയല്ല, ആകാശത്തുകൂടി പറക്കുന്ന ഒരു വിമാനത്തിന് പറ്റുന്ന അപകടങ്ങളോ കടലിലൂടെ പോകുന്ന ഒരു കൂറ്റൻ കപ്പലിന് സംഭവിക്കുന്ന അപകടമോ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വി. പൗലോസ് ഓർമ്മിപ്പിക്കുന്നു: “ആകയാൽ, നിൽക്കുന്നു എന്ന് വിചാരിക്കുന്നവർ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ” (1 കോറിന്തോസ് 10: 12).
മനുഷ്യർ പണിത ചില കെട്ടിടങ്ങൾ മനുഷ്യർക്കുതന്നെ തകർത്തുകളയേണ്ടിവരുന്നു; ചില മനുഷ്യനിർമ്മിതഗോപുരങ്ങൾ (ബാബേൽ ഗോപുരം – ഉൽപ്പത്തി 11)ദൈവം തകർത്തുകളയുന്നു. ദൈവത്തിനും മനുഷ്യനും തകർക്കേണ്ടി വരണ്ടാത്ത, നന്മയിലും സത്യത്തിലും അടിയുറച്ച പ്രകാശഗോപുരങ്ങളായി എന്നും ഉയർന്നുനിൽക്കാനും മലമുകളിൽ പണിതുയർത്തപ്പെട്ട മറച്ചുവയ്ക്കാൻ സാധിക്കാത്ത വിശുദ്ധിയുടെ പട്ടണമായി (വി. മത്തായി 5: 14) മാറാനും എല്ലാവർക്കും സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്