ആരവങ്ങളിൽ മുങ്ങിപ്പോകുന്ന നിലവിളികൾ


പ്രതിവാര സുഭാഷിതം – 2

അവിടുന്ന് അവരുടെ മിഴികളിൽനിന്ന് കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.” (വെളിപാട് 21:4)

എന്തിനോടും പെട്ടെന്ന് പ്രതികരിക്കുന്നവരാണ് മലയാളികൾ, പക്ഷെ അതിന് അൽപായുസ്സാണെന്നു മാത്രം. ആദ്യത്തെ ആവേശവും ചൂടും കഴിയുമ്പോൾ, സ്ഥിതി അല്പം ഒന്ന് മാറുമ്പോൾ പാടെ മറക്കുകയും ചെയ്യും. വേഗത്തിൽ ഓർമ്മയിലെത്തുന്ന ഏറ്റവും നല്ല

ഉദാഹരണം കഴിഞ്ഞ വർഷത്തെ പ്രളയകാലമാണ്. ദുരിതബാധിതർക്ക് മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒരേ ടെന്റിൽ കഴിയാനും ആരെന്നുനോക്കാതെ സഹായമെത്തിക്കാനും കഴിഞ്ഞു. പ്രളയം കേരളത്തെ പുറമെ തകർത്തെങ്കിലും ഉള്ളിൽ ഒന്നിപ്പിച്ചു എന്ന് പലരും പറഞ്ഞു. വെള്ളം അല്പമൊന്നു താഴാൻ തുടങ്ങിയപ്പോൾ മലയാളി വീണ്ടും പഴയ മലയാളിയായി: വിവിധ വിഭാഗങ്ങളുടെ ടെന്റുകൾ കണ്ടുതുടങ്ങി,  മത-രാഷ്ട്രീയ പാർട്ടികൾ അവകാശവാദങ്ങൾ ഉന്നയിച്ചു തുടങ്ങി. അനുഭവത്തിൽ നിന്ന് പഠിക്കാത്ത ലോകത്തിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന് പറയപ്പെടുന്നതിനു അടിവരയിടാൻ നമുക്ക് എന്നും പുതിയ പുതിയ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു, അഥവാ, ആരൊക്കെയോ ഉണ്ടാക്കിക്കൊണ്ടിരുന്നു…

കൂർമ്മബുദ്ധിക്കാരായ രാഷ്ട്രീയക്കാരും ചാനലുകളും ഈ ജനതയോട് വർഷങ്ങളായി ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തന്ത്രവും ഇത് തന്നെ. ചർച്ച ചെയ്യാനും ആവേശമുണർത്താനും പുതുതായി  എന്തെങ്കിലും എപ്പോഴും കൊടുത്തുകൊണ്ടിരുന്നാൽ മലയാളിയുടെ മനഃശാസ്ത്രത്തെ നിയന്ത്രിക്കാമെന്നു ഇക്കൂട്ടർക്ക് നന്നായറിയാം.

എന്തെങ്കിലും മറച്ചുപിടിക്കാനും ഒളിപ്പിക്കാനും ഉള്ളപ്പോൾ എവിടെനിന്നോ പൊടിതട്ടിക്കയറിവരുന്ന കേസുകെട്ടുകളും അതേച്ചൊല്ലിയുള്ള അന്തിചർച്ചകളും ഇതിനോടകം എത്രയോ കണ്ടുകഴിഞ്ഞു…എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത നമുക്ക് ഒരു  കാര്യത്തിൽ മാത്രമേ ഇന്ന് ആകാംഷയുള്ളു… എന്തായിരിക്കും നാളത്തെ ചർച്ചയുടെ വിഷയം?

ഈ ആഴ്ചയിലും അണികളിലും ആസ്വാദകരിലും ആവേശമുണർത്തുന്ന വിഷയങ്ങൾക്ക് പഞ്ഞമൊന്നുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ്, ലൂസിഫർ, അമിക്കസ് ക്യൂറി റിപ്പോർട്ട്, നേതാക്കളുടെ പ്രസ്‌താവനകൾ, ഇതിനെയൊക്കെ ‘ട്രോളാൻ’ ഇരിക്കുന്നവർ… അങ്ങനെ  എല്ലാത്തരം മാധ്യമങ്ങൾക്കും വയറുനിറയെ വാർത്തകൾ. വാർത്തകളും അവയുടെ അവതാരകരും വാർത്താസ്രഷ്ടാക്കളും കളം കയ്യടക്കുന്ന ഒരു കാലമാണിത്.

എന്നാൽ, ഈ വാർത്താ തലക്കെട്ടുകളുടെ പെട്ടെന്ന് തീരുന്ന ആയുസ്സിനപ്പുറത്ത്, ഒരായുസ്സു മുഴുവൻ കരഞ്ഞുതീർക്കാൻ വിധിക്കപ്പെടുന്നവരുടെ ചില നിലവിളികൾ ഇതിനിടയിൽ ഉയരുന്നുണ്ട്. ജീവൻ പോകുന്നവരുടെ നിലവിളിയാണത്… ഈ കഴിഞ്ഞ ആഴ്ചയിൽ തന്നെ അത് രണ്ടെണ്ണമുണ്ടായി.  ‘എവിടെയൊക്കെയോ’ നടക്കുന്ന ഈ അരുംകൊലകൾ കേൾക്കുമ്പോൾ “അയ്യോ, പാവം…കഷ്ടമായിപ്പോയി…” എന്ന്  പറഞ്ഞു പത്രത്തിന്റെ അടുത്ത പേജ് മറിക്കാൻ മാത്രം നമ്മൾ “വളർന്നിരിക്കുന്നു.”!

ഹരം കൊള്ളിക്കുന്ന ആഘോഷവാർത്തകൾക്കു നടുവിൽ നിൽക്കുമ്പോഴും ഇത്തരം വാർത്തകൾ ചില കാര്യങ്ങൾ  നമ്മെചിന്തിപ്പിക്കാതെ  കടന്നുപോകരുത്. തിരുവല്ലയിലും തൃശ്ശൂരും നടന്ന പ്രണയക്കൊലപാതകങ്ങളിൽനിന്ന് എന്താണ് നാം മനസ്സിലാക്കേണ്ടത്?

തൃശൂരില്‍ കത്തിത്തീര്‍ന്ന ജീവിതങ്ങള്‍

തീക്കളിയായി മാറിയ രണ്ടു സംഭവങ്ങളിലും പ്രതികൾ പരിഹാരത്തിനായി കണ്ടെത്തിയ ഒറ്റബുദ്ധി അല്പം കടന്ന കയ്യായിപ്പോയി. ഒരു മനുഷ്യായുസ്സു സമാധാനത്തോടെ ജീവിച്ചു മരിക്കേണ്ടവർ, ചെറുപ്രായത്തിൽ തന്നെ അഗ്നിയാൽ വിഴുങ്ങപ്പെട്ടു. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് കണ്ണീരരുവികൾ വഴിവെട്ടിക്കൊടുക്കാനും ഹൃദയത്തിനു മുകളിൽ തീരാവേദനയുടെ ഭാരക്കല്ലു കയറ്റിവച്ചുകൊടുക്കാനും തിരിച്ചുകയറിവരാനാകാത്ത വേദനയുടെ  പടുകുഴിയിലേക്ക് അവരെ തള്ളിയിടാനും മാത്രം ഉപകാരപ്പെട്ട ഒറ്റബുദ്ധി. ഇത് ചെയ്ത ചെറുപ്പക്കാരായ ഈ പ്രതികളുടെ ജീവിതവും ഇനി ഇരുളിലേക്കല്ലേ?

ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങളുടെ പട്ടികയിലെ മുൻഗണനാ ക്രമങ്ങൾ നിശ്ചയിക്കുന്നതിൽ വരുന്ന വീഴ്ചയിൽ നിന്നാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം. ബന്ധങ്ങളിലും വസ്തുക്കളോടുള്ള കാഴ്ചപ്പാടിലും പുലർത്തേണ്ട പക്വതയില്ലായ്മ യുവത്വത്തിന്റെ കാലത്താണ് അപകടങ്ങൾ കൂടുതലും വരുത്തിവയ്ക്കുന്നത് . വിവേകത്തെക്കാൾ കൂടുതൽ വികാരങ്ങൾ നയിക്കുന്ന യവ്വനത്തിൻ്റെ കാലങ്ങൾ ഏറെ ശ്രദ്ധ വേണ്ടതാണ്. പഠിക്കാനും ഭാവിജീവിതത്തിന് ശക്തമായ അടിത്തറയിടാനുമുള്ള ചിന്തകൾ മാത്രം മനസ്സിലുണ്ടാവേണ്ട കാലത്തു മനസ്സിൻറെ മറ്റു ചില ചാഞ്ചാട്ടങ്ങൾക്കു കുടപിടിച്ചാൽ, അത് അവരുടെയും അവരോടു ബന്ധപ്പെട്ടുനിൽക്കുന്ന മറ്റുള്ളവരുടെയും ജീവിതങ്ങൾ ഇരുട്ടിലാക്കും. ജീവിതത്തിന്റെ ഓരോ അവസരത്തിലും, അപ്പോൾ എന്താണ് ഏറ്റവും പ്രധാനമെന്ന് കണ്ടെത്താൻ പറ്റണം. ജീവിതാന്തസ്സു തിരഞ്ഞെടുക്കണ്ട ഒരു സമയത്തു് മാത്രം, പരസ്പരം മനസ്സിലാക്കി ഹൃദയതലത്തിൽ ഉൾക്കൊള്ളേണ്ട നിർമ്മല സ്നേഹത്തിനു പകരം, ശരീരതൃഷ്ണകളെ മാത്രം തൃപ്തിപ്പെടുത്തുന്ന മൃഗീയ കാമവാസനകളും ഗുണങ്ങളെ മാത്രം ആശ്രയിച്ചു നിൽക്കുന്ന പ്രേമവികാരങ്ങളും  അനവസരത്തിൽ കടന്നുവരുമ്പോൾ  അത് ഇച്ഛാഭംഗത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴിമാറുന്നു. അമിതമായ കോപത്തിൻറെയും അസൂയയുടെയും അഹങ്കാരത്തിൻറെയും വിദ്വേഷത്തിന്റെയും സ്വാര്ഥതയുടേയുമൊക്കെ വേലിയേറ്റങ്ങളിലും ഇത്തരം അപകടങ്ങൾ പതിയിരിക്കുന്നു. 

പക്വമായി, വിവേകത്തോടെ  ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവാണ് ഓരോ പ്രായത്തിലും നമുക്ക് വേണ്ടത്. 
മക്കളുടെ കാര്യത്തിൽ കുറച്ചുകൂടി ‘കണ്ണുതുറന്നിരിക്കേണ്ട’ മാതാപിതാക്കളുടെയും മറ്റ് ഉത്തരവാദിത്വപ്പെട്ടവരുടെയും കൂടി കാര്യമാണിത്. കുടുംബങ്ങളിൽ മക്കളുടെ എണ്ണം കുറഞ്ഞിരിക്കുന്ന ആധുനിക സമൂഹത്തിൽ, മാതാപിതാക്കൾ നൽകുന്ന അമിതലാളനയും, പരിധിവിട്ട സ്വാതന്ത്ര്യവും ധൂർത്തിനായി നൽകുന്ന പണവും ആധുനിക സൗകര്യങ്ങളുടെ അകമ്പടിയും തങ്ങളുടെ ചെറുപ്പകാലം നൽകാതെപോയ സുഖങ്ങൾ മക്കൾക്കൊരുക്കുന്നതിലെ വ്യഗ്രതയും ഈ സതുദ്ദേശികളായ മാതാപിതാക്കൾക്കുതന്നെ  കണ്ണീരിനു വഴിവയ്ക്കുന്നു. ‘തങ്ങളുടെ മക്കൾ വഴി തെറ്റില്ല’ എന്ന് കണ്ണടച്ച് വിശ്വസിക്കാനാണ് എല്ലാ മാതാപിതാക്കൾക്കും ഇഷ്ടം.

തങ്ങളോട് മക്കൾ വിശ്വാസവഞ്ചന കാണിക്കില്ലന്നു കരുതുന്ന പല മാതാപിതാക്കളും പിന്നീട് സ്വയം വരുത്തിവച്ച വിധിയെ പഴിക്കേണ്ടിവരുന്നു. സ്നേഹക്കൂടുതൽകൊണ്ട് അന്ധരായിപ്പോകുന്ന മാതാപിതാക്കൾ, മക്കളെ അവരുടെ തെറ്റുകളിൽ മുഖം നോക്കാതെ തക്കസമയത്തു തിരുത്തിയില്ലെങ്കിൽ പിന്നീട് മക്കളും മാതാപിതാക്കളും ഒരുമിച്ചു ദുഖിക്കേണ്ടിവരും. 

‘ഞാൻ’  ചിന്ത കൂടിവരുന്ന ഒരു കാലം കൂടിയാണിത്. ‘എനിക്ക്’ ശരി എന്ന് തോന്നുന്ന കാര്യങ്ങൾക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന തെറ്റായ വളർച്ചയുടെ കാലം.

ആധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള പുതിയകാല സാങ്കേതികവളർച്ചകളെല്ലാം എന്നിലേക്ക്‌ മാത്രമായി ചുരുങ്ങാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. വെള്ളിവെളിച്ചം വിതറുന്ന ഒരു മൊബൈൽ ഫോണിന്റെ കൈക്കുമ്പിളിലെ ഇത്തിരി വെട്ടത്തിലേക്കുമാത്രം തല താഴ്ന്നു പോകുമ്പോൾ അടുത്തുനിൽക്കുന്ന ആളിന്റെ മുഖത്തേയ്ക്കു നോക്കാനോ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണണോ ആർക്കും സമയമില്ല. മറ്റുള്ളവരെ മാനിക്കാത്ത, അവരുടെ ആശയങ്ങൾക്ക് ചെവി കൊടുക്കാത്ത, എൻ്റെ ചിന്ത മാത്രം ശരി എന്ന് കരുതുന്നിടത്തു, നടക്കാൻ പാടില്ലാത്തതു പലതും സംഭവിക്കുന്നു. കൊടുത്ത സ്നേഹം തിരിച്ചുകിട്ടില്ലന്നറിയുമ്പോൾ ചെറിയൊരു ഇച്ഛാഭംഗത്തിൽ തീരേണ്ടത്, പെട്രോളിലേക്കും, കഠാരത്തുമ്പിലേക്കും തീയിലേക്കുമൊക്കെ നീളുന്നു.

ഈ അടുത്ത നാളിൽ കേട്ട സിനിമാപേരുപോലെ, നീ. കോ. ഞാ. ചാ. (നിന്നേം കൊല്ലും, ഞാനും ചാകും.) സ്വന്തം ആഗ്രഹങ്ങളെയെന്നപോലെ മറ്റുള്ളവരുടെ ആഗ്രഹങ്ങളെയും ബഹുമാനിക്കാൻ പഠിക്കുന്നതാണ് ഒരു ഉത്തമവ്യക്തിയുടെ ജീവിതവൈശിഷ്ട്യം. 

വികാര നിയന്ത്രണത്തിലെ പക്വതയില്ലായ്മയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മാന്യതയില്ലായ്മയും ഞാൻ മാത്രം ശരി എന്ന ചിന്തയും ഒന്നിക്കുമ്പോൾ, മനുഷ്യൻ സ്വയം മറക്കുന്നു. ആ അവസരത്തിൽ എത്ര ക്രൂരനാവാനും അവനു പറ്റും, മനക്കടിയില്ലാതെ ഒരാളുടെ ജീവനെടുക്കാൻ പോലും. ‘കൊടുക്കാൻ കഴിയാത്തത് എടുക്കാൻ ശ്രമിക്കുന്നത് തെറ്റാണ്’ എന്ന ശ്രീ നാരായണഗുരുദേവ വചനം മറക്കരുതാത്തതാണ്.

ഈ ലോകത്തിലെ ഏറ്റവും വിലയുള്ള കാര്യമായ ‘ജീവനെ’പ്പോലും ചിലർ നിസ്സാരമായി കാണുന്നു. ഇത്തരമൊരു കൃത്യം ചെയ്താൽ പിന്നീട് തനിക്ക് എന്താണ് വരാൻ പോകുന്നതെന്ന് ഇവർ എന്താണ് ചിന്തിക്കാത്തത്?

ഏറ്റവും വിലയുള്ള ജീവനെപ്പോലും വിലയില്ലാത്ത ആളുകൾ കണ്ടു തുടങ്ങുമ്പോൾ, നന്മ തീരെ നശിച്ചിട്ടില്ലാത്ത, പ്രതീക്ഷയുടെ ചില പൊൻ നാമ്പുകൾ വളർന്നുവരുന്നത് ഭാവിലോകത്തിന് പ്രതീക്ഷ നൽകുന്നു. മിസോറാമിൽ നിന്നോരു സംഭവം:

സൈരാങ്ക് പത്തുരൂപയും കോഴിക്കുഞ്ഞുമായി ആശുപത്രിയില്‍

വീടിനു അടുത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്ന ആറു വയസ്സുകാരൻ സൈരാങ്കിന്റെ സൈക്കിൾ ചക്രം ഒരു കോഴിക്കുഞ്ഞിന്റെ മുകളിൽകൂടി കയറിയിറങ്ങി. ഇതിൽ മനം നൊന്ത അവൻ, പരുക്കേറ്റ കോഴിക്കുഞ്ഞിനെയും അവൻ്റെ കൈവശമുണ്ടായിരുന്ന പത്തു രൂപയുമായി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഓടി, എങ്ങനെയെങ്കിലും ഇതിനെ രക്ഷിക്കണമേയെന്ന അപേക്ഷയുമായി. ഒരു ചെറിയ ജീവനോടുപോലും വലിയ സഹാനുഭൂതി കാണിച്ച ആ കുഞ്ഞിന്റെ നന്മയുള്ള മനസ്സിനെ വാഴ്ത്തുകയാണ് സൈബർലോകം.

മറ്റൊരു കുഞ്ഞിന്റെ നന്മയ്ക്കും  ലോകം കയ്യടിച്ചു: മലയാള സിനിമ നടി ലക്ഷ്മിപ്രിയയുടെ മകൾ മാതംഗിക്ക് കുരിശിൽ കിടക്കുന്ന യേശുവിനെ കണ്ടു സഹതാപം തോന്നി, കുരിശിൽനിന്നെടുത്തു ചോരപ്പാടുകൾ തുടച്ചുകളഞ്ഞു, മുറിവുകളിൽ മരുന്ന് വച്ച്, ബെഡിൽ കിടത്തി, ഫാനിട്ടുകൊടുത്തു പരിചരിച്ചു…മകളുടെ കരുണയുടെ കഥ അച്ഛൻ ജയദേവ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ ഇനിയും ജീവൻ പോകുന്നവരുടെ നിലവിളികൾ ഉണ്ടാകാതിരിക്കട്ടെ. കുഞ്ഞുങ്ങളുടെ ഹൃദയനന്മ സ്വന്തമാക്കാത്തവർക്ക് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനമില്ലെന്ന യേശുവിന്റെ വചനങ്ങളുടെ ഓർമ്മയിൽ, ഈ കുഞ്ഞുങ്ങളുടെ നല്ലമനസ്സ് നമുക്ക് മാതൃകയാകട്ടെ. ജീവനെ കാക്കാനും, മറ്റുള്ളവരെ മാനിക്കാനും വിവേകത്തോടെ പെരുമാറാനും എല്ലാവര്ക്കും കഴിയട്ടെ. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവരാണ് മനുഷ്യരെന്ന ദുഷ്‌പേര് ഇനിയെങ്കിലും  കേൾക്കാനിടയാകാതിരിക്കട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.

പ്രാർത്ഥനയോടെ, 

ഫാ. ബിജു കുന്നയ്ക്കാട്ട്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.