സകല വിശുദ്ധരുടെയും സകല ആത്മാക്കളുടെയും തിരുനാളുകള്‍ തമ്മില്‍ എന്താണ് വ്യത്യാസം?

നവംബര്‍ ഒന്നിനാണ് തിരുസഭ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നത്. നവംബര്‍ രണ്ടിന് സകല മരിച്ചവരുടെയും തിരുനാള്‍ ആഘോഷിക്കുന്നു. വിശുദ്ധര്‍ ദൈവത്തോടൊത്ത് സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരാണെന്ന് ഉറപ്പാണ്.

എന്നാല്‍ മരിച്ചുപോയ എല്ലാവരും സ്വര്‍ഗ്ഗത്തിലെത്തിയിരിക്കണം എന്ന് നിര്‍ബന്ധമില്ല. ശുദ്ധീകരണസ്ഥലത്ത് കഴിയുന്നവരുണ്ടാകാം, ചിലപ്പോള്‍ നരകത്തില്‍ പോയവരും. സ്വര്‍ഗ്ഗത്തിലെത്തിയവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമില്ല. നരകത്തിലുള്ളവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന കൊണ്ട് പ്രയോജനവുമില്ല. മരിച്ചുപോയ ആത്മാക്കളില്‍ നമ്മുടെ പ്രാര്‍ത്ഥന ആവശ്യമുളളതും അതുകൊണ്ട് പ്രയോജനമുള്ളതും ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് മാത്രമാണ്. അതുകൊണ്ട് സകല മരിച്ചവരുടെയും തിരുനാളില്‍ നാം അവര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ ആ വിശുദ്ധരുടെ ജീവിതമാതൃകയാണ് നമ്മുക്ക് പ്രചോദനമായിതീരേണ്ടത്.

നാലാം നൂറ്റാണ്ടുമുതല്‍ ക്രൈസ്തവരക്തസാക്ഷികളെ പ്രത്യേകമായി അനുസ്മരിക്കുന്ന പതിവുണ്ടായിരുന്നു. പോപ്പ് ഗ്രിഗറി നാലാമന്റെ കാലത്ത് ഒമ്പതാം നൂറ്റാണ്ടുമുതല്ക്കാണ് നവംബര്‍ ഒന്നിന് സകലവിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കാനാരംഭിച്ചത്.

ഒരു കത്തോലിക്കാവിശ്വാസിയെ സംബന്ധിച്ച് ഈ രണ്ടുദിനങ്ങളും പ്രത്യേകം പ്രാധാന്യമുള്ളവയാണ്. വിശുദ്ധരുടെ ജീവിതമാതൃക അനുകരിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.