സഭയാണ് ആദ്യം ഉണ്ടായത് ബൈബിളല്ല, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

വിശുദ്ധ കുര്‍ബാന ചൊല്ലണം, യേശു പൗരോഹിത്യം സ്ഥാപിച്ചു, അല്ലെങ്കില്‍ വിശുദ്ധരുടെ രൂപം വണങ്ങണം, കുരിശിനെ വണങ്ങുന്നു, യേശു പൗരോഹിത്യം സ്ഥാപിച്ചു, പള്ളി പണിയുന്നു ഇങ്ങനെയൊക്കെ ചെയ്യുന്നതിന് എന്തു അടിസ്ഥാനമാണുള്ളത്. ? ഇങ്ങനെ ചെയ്യണമെന്ന് ബൈബിളില്‍ എവിടെയാണ് പറയുന്നത്, ഏതു വാക്യത്തിലാണ് പറയുന്നത്. ?

ബൈബിളിനെ ആസ്പദമാക്കി ഇങ്ങനെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചും വെല്ലുവിളിച്ചും ചില അകത്തോലിക്കര്‍ കത്തോലിക്കരെ ചോദ്യങ്ങളില്‍ കുടുക്കാറുണ്ട്. കേള്‍ക്കുന്ന മാത്രയില്‍ ദുര്‍ബലരായ കത്തോലിക്കര്‍ക്ക് തോന്നും ശരിയാണല്ലോ ബൈബിളില്‍ എവിടെയാണ് എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകണമെന്ന് പറയുന്നത്, രൂപം വണങ്ങണമെന്ന് പറയുന്നത്.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായി വേറെ ചിലര്‍ ബൈബിള്‍ അരിച്ചുപെറുക്കും. പക്ഷേ അവര്‍ക്കും ബൈബിളില്‍ അതിന് ഉത്തരം കിട്ടാറില്ല. അതോടെ അവരുടെ വിശ്വാസം ഇളകിത്തുടങ്ങും. ഇന്നുവരെ ആചരിച്ചുപോന്നിരുന്ന പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അര്‍ത്ഥമില്ലേ, അത്തരക്കാരോട് ഒരു ചോദ്യം. സഭായോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വെള്ള വസ്ത്രം ധരിക്കണമെന്ന് ബൈബിളില്‍ എത്രാം വാക്യത്തിലാണ് പറയുന്നത്, മീശ വടിക്കണമെന്ന് ഏതുവാക്യമാണ് അനുശാസിക്കുന്നത്. അതിനു ഉത്തരമുണ്ടെങ്കില്‍ തുടക്കത്തില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാവും.

പക്ഷേ ഇവയ്‌ക്കൊന്നും ബൈബിള്‍ ഉത്തരം നല്കുന്നില്ല. ബൈബിളിനെ ആസ്പദമാക്കിയല്ല സഭ രൂപപ്പെട്ടത്. സഭയ്ക്കുള്ളിലാണ് ബൈബിള്‍ രചിക്കപ്പെട്ടത്. എഴുതപ്പെട്ട പാരമ്പര്യമാണ് ബൈബിള്‍. എഴുതപ്പെടാത്ത പാരമ്പര്യമാണ് സഭ അനുവര്‍ത്തിക്കുന്നത്. ആദ്യത്തെ നാലു നൂറ്റാണ്ടുകളില്‍ ബൈബിളുണ്ടായിരുന്നില്ല ,സഭയേ ഉണ്ടായിരുന്നുള്ളൂ. വിശുദ്ധ പാരമ്പര്യം എന്നാണ് സഭ അതിനെ വിശേഷിപ്പിക്കുന്നത്.

സഭ അനുവര്‍ത്തിക്കുന്ന ഒരു കാര്യങ്ങള്‍ക്കും നമുക്ക് മറ്റുള്ളവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യമില്ല. ബൈബിള്‍ എന്ന പുസ്തകം ഇറങ്ങിയത് സഭ എന്ന കമ്പനിയില്‍ നിന്നാണ്. സഭയെ ചോദ്യം ചെയ്തവര്‍ക്ക് , അല്ലെങ്കില്‍ ബൈബിള്‍ മാത്രം മതിയെന്ന് പറയുന്നവര്‍ക്ക് ആ ബൈബിള്‍ കൊടുത്തത് സഭയാണ്.

സഭയാണ് ബൈബിള്‍ നിര്‍മ്മിച്ചത്. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ളതാണ് സഭ. ഒരു മെത്രാനില്‍ നിന്ന് മറ്റൊരു മെത്രാന് ലഭിച്ച കൈവയ്പുവഴി പകര്‍ന്നുകിട്ടപ്പെട്ട അപ്പസ്‌തോലികകൂട്ടായ്മയാണ് സഭ. അല്ലാതെ ഇന്നലെ പെയ്ത മഴയില്‍ പൊട്ടിമുളച്ചതിനെ സഭയെന്ന് വിളിക്കാനാവില്ല.

മുപ്പത്തി മൂവായിരത്തിലധികം പ്രൊട്ടസ്റ്റന്റ് സഭകള്‍ ലോകത്തിലുണ്ട്. പക്ഷേ പരിശുദ്ധ സഭ ഒന്നേയുള്ളൂ. അതാണ് കാതോലികവും, ശ്ലൈഹികവും, ഏകവും, വിശുദ്ധവുമായ സഭ. വിശ്വാസപ്രമാണത്തില്‍ നാം പറയുന്നത് സഭയില്‍ വിശ്വസിക്കുന്നു എന്നാണ്.

അപ്പസ്‌തോലിക സഭകള്‍ക്ക് ഒറ്റ വിശ്വാസമേയുള്ളൂ. അപ്പസ്‌തോലിക സഭകള്‍ക്ക് വിശ്വാസത്തില്‍ വ്യത്യാസമില്ല. ആചാരങ്ങളില്‍ വ്യത്യാസമുണ്ട്. ബൈബിളിലെ വാക്യം നോക്കിയല്ല നാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത്. പത്രോസ് ആകുന്ന സഭയാകുന്ന പാറയില്‍ പണിയപ്പെട്ട സഭയാണിത്. അല്ലാതെ ചാക്കോച്ചന്റെയും അന്നാമ്മയുടെയും തോമാച്ചന്റെയും അടിത്തറയില്‍ പണിയപ്പെട്ട സഭയല്ല . പത്രോസ് വിശ്വസിക്കുന്നതാണ് ഇന്ന് ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥഥി വിശ്വസിക്കുന്നതും കര്‍ത്താവിന്റെ സഭയിലാണ് നാം വിശ്വസിക്കുന്നത്.

ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് സഭയാണ്. ഔദ്യോഗികപ്രബോധനം അനുസരിച്ചാണ് ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത്. രൂപം കണ്ടതുകൊണ്ടാണ് നമ്മള്‍ രൂപം നിര്‍മ്മിച്ചത്. രൂപം കാണാത്തവര്‍ രൂപം ഉണ്ടാക്കരുത്.അഞ്ച് അധ്യായത്തില്‍ രൂപം ഉണ്ടാക്കരുതെന്ന് പറയുന്ന ആള്‍ തന്നെയല്ലേ 25ാം അധ്യായത്തില്‍ ഉണ്ടാക്കാന്‍ പറയുന്നത്. രൂപം ഉണ്ടാക്കരുതെന്നായിരുന്നു ദൈവത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെങ്കില്‍ അഞ്ചാം അധ്യായത്തില്‍ വേണ്ടെന്ന് പറഞ്ഞിട്ട് ഇരുപത്തിയഞ്ചാം അധ്യായത്തില്‍ ഉണ്ടാക്കണമെന്ന് പറയില്ലായിരുന്നു.

വെറും മനുഷ്യരാണ് അത് പറഞ്ഞിരുന്നതെങ്കില്‍ അതിനെ ആ രീതിയില്‍ അവഗണിക്കാമായിരുന്നു. പക്ഷേ അതല്ല അവിടെ സംഭവിച്ചത്. രൂപം കണ്ടിട്ടില്ലാത്തതു കൊണ്ട് ദൈവം ഇങ്ങനെയായിരിക്കും എന്ന് വിചാരിച്ച് നിങ്ങള്‍ രൂപം ഉണ്ടാക്കരുത്.

പക്ഷേ പുതിയ നിയമത്തില്‍ നമ്മള്‍ ഈശോയെ കണ്ടു. ദൈവമാതാവായ പരിശുദ്ധ മറിയത്തെ കണ്ടു. കാരണം അപ്പസ്‌തോലന്മാര്‍ ഇവരെ രണ്ടുപേരെയും കണ്ടു. കള്ളന്മാരെ തിരിച്ചറിയാന്‍ രേഖാചിത്രം പറഞ്ഞുകൊടുക്കുന്നതുപോലെ ശഌഹന്മാര്‍ പറഞ്ഞുകൊടുത്തതിന് അനുസരിച്ചാണ് ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപം തിരിച്ചറിയപ്പെട്ടത്. ഇങ്ങനെയായിരുന്നു ഈശോയുടെ രൂപം..ഇങ്ങനെയായിരുന്നു മാതാവ്.. അവര്‍ പറഞ്ഞുകൊടുത്തത് അനുസരിച്ചാണ് ഇന്ന് കാണുന്ന രൂപങ്ങളെല്ലാം നിര്‍മ്മിക്കപ്പെട്ടത്.

ഏഡി 787 ല്‍ നിഖ്യായില്‍ ചേര്‍ന്ന രണ്ടാമത് ഏഴാം സാര്‍വത്രികസൂനഹദോസ് സ്വരൂപങ്ങള്‍ ഉണ്ടാക്കുന്നതോ വണങ്ങുന്നതോ വിഗ്രഹാരാധനയല്ലെന്ന് പഠിപ്പിച്ചു. കാരണം വചനം മാംസരൂപം എടുത്ത് നമ്മുടെ ഇടയില്‍ വസിച്ചു, അവനെ നാം കണ്ടു നാം അതിനെകണ്ടതുകൊണ്ടാണ് രൂപം നിര്‍മ്മിക്കാമെന്ന് പിതാക്കന്മാര്‍ പറഞ്ഞത്.

ഒരു ആശയം മനസ്സിലാക്കുന്നത് ചിത്രങ്ങളിലൂടെയാണ്. ഒരു വ്യക്തിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നാമ്മുടെമനസ്സിലേക്ക് കടന്നുവരുന്നത് വെടിയും പുകയുമല്ല. ആ വ്യക്തിയുടെ രൂപമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് മനോഹരമായ ആ മുഖം തന്നെയാണ്.

ഈശോയെന്ന് വിളിക്കുമ്പോള്‍, ഈശോയുടെ രൂപം നിര്‍മ്മിക്കരുതെന്ന് പറയുന്നവര്‍ എന്തു ചിത്രമാണ് അവരുടെ മനസ്സിലേക്ക് കടന്നുവരുന്നത്? രൂപം ഒരു വിഗ്രഹമല്ല. ഒരുപ്രതിമയെ ആരാധിക്കുന്നതാണ് വിഗ്രഹാരാധന.

ഇനി വിഗ്രഹങ്ങളെ വണങ്ങുന്നത് തെറ്റാണോ?ഉല്പത്തി 18: 2 ല്‍ അബ്രഹാം മൂന്ന് അതിഥികളെ നിലംപറ്റെ താണുവണങ്ങിയെന്ന് നാം വായിക്കുന്നു. ലോത്തും ഈ ദൈവദൂതരെ നിലംപറ്റെ താണുവണങ്ങിയെന്നു തുടര്‍ന്നുവായിക്കുന്നു. ഒരു അധ്യാപകനെ കാണുമ്പോള്‍, മേലധികാരിയെ കാണുമ്പോള്‍ ഒന്ന് ശിരസ്‌കുനിക്കുന്നത് വിഗ്രഹാരാധനയാണോ. അല്ല അത് ഒരു സംസ്‌കാരമാണ്. കുടുംബമഹിമയാണ്. അതുകൊണ്ട് മാതാവിന്‍റെയോ വിശുദ്ധരുടെയോ രൂപം ഉണ്ടാക്കുന്നതോ വണങ്ങുന്നതോ ഒരു തെറ്റല്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.