സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കിയ ഒരു വീട്ടമ്മ

ബൈബിള്‍ വെറുതെ വായിച്ചുപോകാനുള്ളതല്ല അത് ജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്. ഇത്തരമൊരു തിരിച്ചറിവില്‍ നിന്നാണ് ലില്ലി ജേക്കബ് എന്ന വീട്ടമ്മ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ആരംഭിച്ചത്.

സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിക്കഴിഞ്ഞപ്പോള്‍ പേജുകളുടെ എണ്ണം 5400.

ഒരു വര്‍ഷമെടുത്താണ് ലില്ലി ബൈബിള്‍ പകര്‍ത്തിയെഴുതിയത്. കര്‍ഷകനായ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടയിലും വീട്ടുജോലികള്‍ക്കിടയിലും സമയം കണ്ടെത്തിയായിരുന്നു ബൈബിള്‍ എഴുത്ത്. ഒരു മിനിറ്റ് കിട്ടിയാല്‍ പോലും ഒരു വാചകമെങ്കിലും എഴുതുമായിരുന്നുവെന്ന് ലില്ലി.കുടുംബത്തില്‍ നിന്ന് കിട്ടിയ പ്രോത്സാഹനം വളരെ വലുതായിരുന്നുവെന്നും ലില്ലി പറയുന്നു.

രാത്രിയിലും പ്രഭാതത്തിലുമാണ് കൂടുതലായും എഴുതിയിരുന്നത്. ഇടവകദേവാലയത്തിലെ അഞ്ചരമണിക്കുള്ള കുര്‍ബാനയില്‍ സ്ഥിരമായി പങ്കെടുത്തിരുന്നു. കുര്‍ബാനയ്ക്ക് പോകുന്നതിന് മുമ്പും വന്നതിന് ശേഷവും എഴുതിയിരുന്നു. പാലാ രൂപത ഒരിക്കല്‍ നടത്തിയ സുവിശേഷഎഴുത്ത് മത്സരത്തില്‍ പങ്കെടുത്തതാണ് സമ്പൂര്‍ണ്ണ ബൈബിള്‍ എഴുത്തിന് പ്രചോദനമായത്. രണ്ടുമാസത്തിനുള്ളില്‍ സുവിശേഷം എഴുതിപൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും ഒന്നരമാസത്തിനുള്ളില്‍ രചന പൂര്‍ത്തിയായി. അതിന്റെ സന്തോഷത്തിലാണ് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതണമെന്ന ആഗ്രഹം ഉള്ളില്‍ ജനിച്ചത്.

ഓരോ വരിഎഴുതുമ്പോഴും ഓരോ അധ്യായം എഴുതുമ്പോഴും തന്നോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടവരുടെ നിയോഗങ്ങളും സമര്‍പ്പിച്ചിരുന്നുവെന്ന് ലില്ലി പറയുന്നു. പ്രശസ്തിക്കോ അംഗീകാരത്തിനോ വേണ്ടിയല്ല വരുംതലമുറയ്ക്ക് ഒരു മാതൃകയാകാന്‍ വേണ്ടിയാണ് ബൈബിള്‍ എഴുത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ലില്ലി പറയുന്നത്.

പാലാ രൂപതയിലെ മുട്ടുചിറ ഇടവകയിലെ തുരുത്തേല്‍ ജേക്കബിന്റെ ഭാര്യയാണ് ലില്ലി. മക്കള്‍:പാലാ മാര്‍ അപ്രേം സെമിനാരിയിലെ ആറാം വര്‍ഷവിദ്യാര്‍ത്ഥിയായ ബ്ലെസണ്‍ ജേക്കബും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ബെന്നിറ്റും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.