മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോള്‍ സെന്ററില്‍ ബിഷപ് അലക്‌സ് വടക്കും തല, രക്തം ദാനം ചെയ്ത് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍

കണ്ണൂര്‍/ പാല: കോവിഡ് കാലത്തെ പരസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും രണ്ടുമുഖങ്ങളാണ് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ അലക്‌സ് വടക്കും തലയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മാര്‍ ജേക്കബ് മുരിക്കന്‍ കോവിഡ്കാലത്ത് രക്തദാനം നടത്തിയത്. ഇത് അദ്ദേഹത്തിന്റെ 24 ാമത് രക്തദാനമാണ്.

പാലാ രൂപതയിലെ 50വൈദികരും രക്തം ദാനം ചെയ്തവരില്‍ പെടുന്നു. ബ്ലഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ വച്ചായിരുന്നു രക്തദാനം. ഇതിനു മുമ്പും മാര്‍ മുരിക്കന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവശ്രദ്ധ നേടിയിട്ടുണ്ട്. അതിലൊന്നായിരുന്നു ഒരു ഹൈന്ദവസഹോദരന് അദ്ദേഹം നല്കിയ കിഡ്‌നിദാനം.

ബിഷപ് അലക്‌സ് വടക്കുംതല

കണ്ണൂര്‍ കോര്‍പ്പറേഷനിലെ അവശ്യസാധനങ്ങളുടെ കോള്‍ സെന്ററിലേക്ക് വന്ന ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്യാനാണ് കോവിഡ്കാലത്ത് ബിഷപ് അലക്‌സ് വടക്കുംതലയെത്തിയത്. കോവിഡ് മൂലം അവശ്യസാധനങ്ങളൊന്നും കിട്ടാതെ വന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ കൗണ്‍സില്‍ റൂമില്‍ കോള്‍ സെന്റര്‍ തുറന്നതും ആവശ്യക്കാര്‍ ഫോണ്‍ വിളിച്ചുതുടങ്ങിയതും. അവരെ സഹായിക്കാനായിട്ടാണ് ബിഷപ് വടക്കുംതലയെത്തിയത്. ഒരു കുടുംബത്തിന് 30 വരെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമായിരുന്നു.

ഇങ്ങനെയൊരു അവസരം പ്രയോജനപ്പെടുത്താന്‍ സാധിച്ചതില്‍ തനിക്ക് ഏറെ സന്തോഷമായെന്ന് പിന്നീട് ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.