സിഡ്‌നി: ജയിലില്‍ വിശ്വാസമാണ് തന്നെ കാത്തുരക്ഷിച്ചതെന്നും അവിടെ വച്ച് തന്റെ ശത്രുക്കളോട് താന്‍ ക്ഷമിച്ചുവെന്നും കര്‍ദിനാള്‍ ജോര്‍ജ് പെല്‍. എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സെന്റ് പോളിനെപ്പോലെയുള്ള പലരും ജയില്‍ ജീവിതകാലത്ത് എഴുത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. ജയിലിലെ എഴുത്ത് നല്ല ഒരു തെറാപ്പിയാണ്. ജയിലില്‍ ആയിരുന്നപ്പോഴും പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും നിലനില്്ക്കാന്‍ എനിക്ക് സാധിച്ചു. സഭയുടെ പ്രബോധനങ്ങള്‍ ഒരാളെ എത്രത്തോളം ദുഷ്‌ക്കരമായ ജീവിതസാഹചര്യങ്ങളില്‍ സഹായിക്കും എന്നതിന് തെളിവാണ് എന്റെ ജയില്‍ ജീവിതം.
അകാരണമായി അനുഭവിക്കേണ്ടി വരുന്ന വ്യക്തിപരമായ സഹനങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളുമായി ബന്ധപ്പെടുത്തി കാണാന്‍ കഴിയണം. സഹനങ്ങളുടെ മൂല്യം തിരിച്ചറിയാന്‍ എന്നെ പോലെയുള്ളവരുടെ അനുഭവങ്ങള്‍ ഏറെ സഹായിക്കും. ജയില്‍ ജീവിതത്തില്‍ വെറും മൂന്നു തടവുകാരെ മാത്രമേ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ. വ്യക്തിപരമായ എന്റെ സുരക്ഷയെ പ്രതി ഏകാന്തതടവായിരുന്നു എനിക്ക് വിധിച്ചിരുന്നത്. ശത്രുക്കളോട് ക്ഷമിക്കുക എന്നത് ചില നേരങ്ങളില്‍ വളരെ ദുഷ്‌ക്കരമായ കാര്യം തന്നെയായിരുന്നു.
എന്നാല്‍ ക്ഷമിക്കും എന്നൊരു തീരുമാനം എടുത്തതോടെ അത് എളുപ്പമുള്ളതായി. ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുടെ കത്തുകളും എനിക്ക് ആശ്വാസം നല്കി. എല്ലാം എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ളതായിരുന്നു. വിശ്വാസം,ക്ഷമ, സഹനത്തിന്റെ മൂല്യം ഇവയാണ് ജയില്‍ ജീവിതം എന്നെ പഠിപ്പിച്ചത്. കര്‍ദിനാള്‍ പെല്‍പറയുന്നു.
സെക്രട്ടറിയേറ്റ് ഫോര്‍ ദ ഇക്കോണമിയുടെ മുന്‍ തലവനും ഓസ്‌ട്രേലിയന്‍ കര്‍ദിനാളുമായിരുന്ന ഇദ്ദേഹം ബാല ലൈംഗികപീഡനം ആരോപിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി വിട്ടയ്ക്കപ്പെടുകയും ചെയ്ത വ്യക്തിയാണ്. പ്രിസണ്‍ ജേര്‍ണല്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം 2019 ഫെബ്രുവരി 27 മുതല്‍ ജൂലെ 13 വരെയുള്ള ജയില്‍ ദിവസങ്ങളെയാണ് അനാവരണം ചെയ്യുന്നത്. 2020 ഏപ്രിലിലാണ് സുപ്രീം കോടതി കര്‍ദിനാള്‍ പെല്ലിനെ കുറ്റവിമുക്തനാക്കിയത്.
കോവിഡ് സംബന്ധമായ ലക്ഷണങ്ങളെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ ക്വാറന്റീനിലാണ്.