മക്കള്‍ ഉയര്‍ന്ന നിലയില്‍ എത്തണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ തിരുവചനം പറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ മതി

മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പാദ്യം മക്കളാണ്. മക്കളുടെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് അവരുടെ ലക്ഷ്യം. മക്കള്‍ക്കുവേണ്ടിയാണ് അവരുടെ കഷ്ടപ്പാടുകള്‍ മുഴുവനും. എന്നാല്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കും സ്വപ്‌നങ്ങള്‍ക്കും അനുസരിച്ച് മക്കള്‍ ഉയരാറില്ല.

പരീക്ഷയില്‍ പരാജയപ്പെടുന്നു, അല്ലെങ്കില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കുന്നില്ല, യോഗ്യതയുണ്ടായിരുന്നിട്ടും അതനുസരിച്ച് ജോലി കിട്ടുന്നില്ല., ചെയ്യുന്ന ബിസിനസില്‍ പുരോഗതിയുണ്ടാകുന്നില്ല. വിവാഹം തടസ്സം, അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ല. ഇങ്ങനെ മക്കളെയോര്‍ത്ത് മാതാപിതാക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ സങ്കടപ്പെടാന്‍ ഓരോ കാരണങ്ങളുണ്ട്.

ഇങ്ങനെ പലവിധ കാരണങ്ങളാല്‍ വിഷമിക്കുന്നവര്‍ക്കെല്ലാം ആശ്വാസം നല്കാന്‍ വിശുദ്ധ ഗ്രന്ഥത്തിലെ വചനത്തിന് കഴിവുണ്ട്. ഏശയ്യ 44: 3-4 വചനം ഇക്കാര്യത്തില്‍ ഏറെ അനുഗ്രഹപ്രദവും ശക്തിദായകവുമാണ്. പ്രസ്തുത വചനം പറഞ്ഞ് മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അവരുടെ ജീവിതത്തിലുണ്ടാകുന്ന ഉന്നതിയും ശ്രേയസും നമ്മെ അത്ഭുതപ്പെടുത്തും.

ഇതാ ആ വചനഭാഗം:

നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെ മേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും. ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളും പോലെ അവര്‍ തഴച്ചുവളരും. (ഏശയ്യ 44: 3-4)


എന്ന് അരുളിച്ചെയ്ത കര്‍ത്താവേ അങ്ങയുടെ വചനത്തിന്റെ യോഗ്യതയാല്‍ എന്റെ മക്കളെ അനുഗ്രഹിക്കുകയും അവരുടെ ജീവിതമാര്‍ഗ്ഗം തെളിയിച്ചുകൊടുക്കുകയും ചെയ്യണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വാക്ക് മാറാത്തവനും വചനം തന്നെയായവനുമേ അങ്ങ് എനിക്ക് നല്കിയ വചനത്തിന്റെ ശക്തിയാല്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു.

ദൈവമേ നന്ദി.. ദൈവമേ സ്തുതി. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.