ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമോ ആത്മഹത്യയോ?

ഭൂവനേശ്വര്‍: ഗവണ്‍മെന്റ് വക ഹോസ്റ്റലില്‍ ദളിത് കത്തോലിക്കാ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തി്ല്‍ ദൂരൂഹത. ജവഹര്‍ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തെസംബന്ധിച്ചാണ് ആശങ്കകള്‍ ഒഴിയാത്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 20 നാണ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സ്‌കൂള്‍-ഹോസറ്റല്‍ അധികൃതരുടെ വാദം. എന്നാല്‍ ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെയും ക്രൈസ്തവസഭാംഗങ്ങളുടെയും വിശ്വാസം.

കഴുത്തിലും തുടയിലും കൈകളിലുമുളള രക്തത്തുള്ളികളുംപാടുകളും ഇക്കാര്യമാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. ജില്ല കളക്ടര്‍, സുപ്രണ്ട് ഓഫ് പോലീസ് തുടങ്ങിയ അധികാരികളെ ബന്ധുക്കള്‍സമീപിച്ചിട്ടുണ്ടെങ്കിലും കേസില്‍കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലുള്ള അസംതൃപ്തിയും അവര്‍ വ്യക്തമാക്കി.

മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞായിരുന്നു ഹോസ്റ്റലില്‍ നിന്ന് ഫോണ്‍ വന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഡേവിഡ് റെയ്‌റ്റോ മാധ്യമങ്ങളോട് പറഞ്ഞു. ഹോസ്പിററലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവിടേയ്ക്ക് വരാനുമായിരുന്നു നിര്‍ദ്ദേശം. അധ്യാപകരെ വിളിച്ചെങ്കിലും അവരും ഇതേ മറുപടിയാണ് നല്കിയത്.

ഹോസ്പിറ്റലിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ പി. കെ പാണ്ട കാണിച്ചുതന്നത് മകളുടെ ജീവനററ ശരീരമാണ്. മകള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.പക്ഷേ ഒരാഴ്ച മുമ്പ് മകളെ സന്ദര്‍ശിച്ചപ്പോള്‍ അവള്‍ ഏറെ സന്തോഷവതിയായിരുന്നുവെന്ന് പിതാവ് പറയുന്നു.

പഠിക്കാന്‍ മകള്‍ മിടുക്കിയായിരുന്നു. സ്റ്റെയര്‍കേസിന് താഴെ തൂങ്ങിനില്ക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെതങ്ങള്‍ കണ്ടതെന്ന് ഹോസ്റ്റലിലെ മറ്റ് അന്തേവാസികള്‍ പറയുന്നു.

എന്നാല്‍ അന്വേഷണസംഘം ഇതൊരു ആത്മഹത്യയല്ലെന്ന് പറയുന്നതായി താന്‍ കേട്ടുവെന്ന് പിതാവ് അവകാശപ്പെടുന്നു. സംഭവത്തിന്റെ നിജസ്ഥിതികള്‍ വെളിച്ചത്തുകൊണ്ടുവരാനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.