പലവിധ വിചാരങ്ങള്‍ കൊണ്ട് ഏകാഗ്രത നഷ്ടപ്പെട്ടവരായി കഴിയുകയാണോ നിങ്ങള്‍, എങ്കില്‍ ഈ പ്രാര്‍ത്ഥന ചൊല്ലൂ

ഏകാഗ്രതക്കുറവ് ഒരു കുറ്റമോ പാപമോ അല്ല. പക്ഷേ ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതും പലവിധ വിചാരങ്ങളുടെ ഭാരവും ചുമന്ന് ജീവിക്കുന്നതും നിത്യജീവിതത്തില്‍ പല പ്രതിബന്ധങ്ങളും സൃഷ്ടിക്കും. ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന വിജയങ്ങള്‍ പോലും നേടിയെടുക്കാന്‍ അതുവഴി കഴിയാതെ പോകും. ഇത്തരം അവസ്ഥകളില്‍ നമുക്ക് ചെയ്യാവുന്നത് ദൈവകൃപയില്‍ കൂടുതലായും ശരണപ്പെടുക എന്നതുമാത്രമാണ്. പലവിധ വിചാരങ്ങളുടെ ഭാരവുമായി ശരിക്കുമൊന്ന് പ്രാര്‍ത്ഥിക്കാനോ, വിശുദ്ധ ബലിയില്‍ പങ്കെടുക്കാനോ പോലും കഴിയാതെവരുന്നവര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

ഓ എന്റെ ദൈവമേ, അങ്ങ് സത്യമായും എല്ലായിടങ്ങളിലും സന്നിഹിതനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടുന്ന് എന്റെ നിസ്സാരത മനസ്സിലാക്കുകയും എന്റെ പാപപൂര്‍ണ്ണമായ ജീവിതാവസ്ഥയും അസ്ഥിരതയും കാണുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ പ്രവൃത്തികളെ അവിടുന്ന് സദാസമയം വീക്ഷിക്കുന്നുണ്ടെന്നും എനിക്കറിയാം. ഓ എന്റെ നാഥാ പലവിധ ആകുലതകള്‍ കൊണ്ടും എന്റെ മനസ്സ് തിങ്ങിനിറയുന്നു.

ആ ആകുലതകള്‍ എന്റെ മനസ്സിനെ അസ്വസ്ഥമാക്കുകയും ഒരു കാര്യത്തിലും ഏകാഗ്രത പുലര്‍ത്താന്‍ എനിക്ക് കഴിയാതെ വരികയും ചെയ്തിരിക്കുന്നു. അത്യന്തം നിസ്സഹായമായ ഈ അവസ്ഥയില്‍ എന്റെ സഹായത്തിനെത്തണമേ. എന്റെ ഹൃദയത്തെയും വിചാരങ്ങളെയും അവിടുന്ന് ഏറ്റെടുക്കണമേ. എന്റെ വിചാരങ്ങളെ അവിടുന്ന് നിയന്ത്രിക്കണമേ. എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ, അവിടുത്തെ ഇഷ്ടം പോലെ വ്യാപരിക്കാനും ജീവിക്കാനും എനിക്ക് സാധിക്കണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.