Sunday, July 13, 2025
spot_img
More

    നല്ല ഇടയന്റെ ചിത്രം ജീവിതത്തെ മാറ്റിമറിച്ചു, ഹൈന്ദവ യുവതി ക്രിസ്തുവിനെ സ്വന്തമാക്കി, അസാധാരണമായ ഒരു ജീവിതസാക്ഷ്യം ഇതാ…

    നല്ല ഇടയന്റെ ചിത്രവും ബൈബിളുംജപമാലയും മെഴുകുതിരി സ്റ്റാന്‍ഡും ജീവിതത്തില്‍ മാറ്റംവരുത്തിയപ്പോള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്ന ഒരു ജീവിതപരിണാമത്തിന്റെ അനുഭവമാണ് സ്‌നേഹലത എന്ന പെണ്‍കുട്ടിയെ ഇന്നത്തെ ജെസ് മരിയ ആക്കി മാറ്റിയത്. പാലക്കാട്ടെ ഒരു ഹൈന്ദവരാജകുടുംബത്തില്‍ ജനിച്ച സ്‌നേഹലത, കലണ്ടറിലെ നല്ല ഇടയന്റെ ചിത്രത്തിലൂടെയാണ് ആദ്യമായി ഈശോയെ പരിചയപ്പെട്ടത്.

    അച്ഛന്‍ കൊണ്ടുവന്ന ഒരു കലണ്ടറില്‍ ആടിനെയും കൈയിലെടുത്തു പിടിച്ച് നില്ക്കുന്ന ഈശോയുടെ ചിത്രം അവള്‍ അന്നേവരെ കണ്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു.ക്രിസ്തുവിന്റെ ചിത്രമാണ് അതെന്ന് അച്ഛന്‍ പറഞ്ഞുകൊടുത്തുവെങ്കിലും നല്ല ഇടയന്റെ ചിത്രം അവള്‍ അന്ന് ആദ്യമായിട്ടായിരുന്നു കാണുന്നത്. എന്തായാലും ആ രൂപം സ്‌നേഹലതയെ വല്ലാതെ കീഴടക്കിക്കഴിഞ്ഞിരുന്നു.

    പിന്നീട് ഒരു ബന്ധു അവള്‍ക്ക് സമ്മാനിച്ചത് ഒരു ബൈബിളായിരുന്നു. സാധാരണയായി അദ്ദേഹം നല്കിയിരുന്നത് കളിപ്പാട്ടങ്ങളോ അങ്ങനെ മറ്റെന്തെങ്കിലുമായിരുന്നു. എന്നാല്‍ ബൈബിള്‍ അസാധാരണമായ ഒരു സമ്മാനമായിരുന്നു. മറ്റൊരിക്കല്‍ സമ്മാനമായി കിട്ടിയത് ഒരു മെഴുകുതിരി സ്റ്റാന്റായിരുന്നു.അതിനിടയിലാണ് ജപമാലയിലേക്ക് ആകര്‍ഷണം തോന്നിയത്.

    ജപമാല എന്നു പോലും പേരു പറയാന്‍ അറിയാത്ത അക്കാലത്ത് ഒരു കടയില്‍ ചെന്ന് “‘പത്തു മുത്ത്. അതു കഴിഞ്ഞ് ഗ്യാപ്, അവസാനിക്കുന്നത് ക്രൂശിതരൂപത്തില്‍… ഇങ്ങനെയുള്ള മാല യുണ്ടോയെന്നാണ് താന്‍ ചോദിച്ചതെന്നാണ് അതേക്കുറിച്ചുള്ള ജെസ് മരിയയുടെ സാക്ഷ്യം. ഇങ്ങനെ പലപലകാരണങ്ങള്‍ വഴി ക്രിസ്തുവിലേക്കുള്ള യാത്ര ആ പെണ്‍കുട്ടി ആരംഭിക്കുകയായിരുന്നു.

    ഒരു ദിനം ബൈബിളില്‍ കൈവച്ചപ്പോള്‍ വൈബ്രേഷന്‍ അനുഭവപ്പെട്ടത് മറ്റൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. പക്ഷേ അപ്പോഴൊന്നും ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനെക്കുറിച്ച് സ്‌നേഹലത ആലോചിച്ചിരുന്നില്ല.

    എന്നാല്‍ വിശുദ്ധ ഗ്രന്ഥം തന്നെ അതിന് അവളെ പ്രേരിപ്പിച്ചു. തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരുന്ന ഒരു ബൈബിള്‍ വചനം “ജോസഫിന്റെ അടുക്കലേക്ക് പോകുക” എന്നതായിരുന്നു. ആ വചനത്തിന്റെ കൂട്ടുപിടിച്ച് സ്‌നേഹലത ഒലവങ്കോട് സെന്റ് ജോസഫ് ദേവാലയത്തിലേക്ക് യാത്രയായി. ഇന്ന് ആ ദേവാലയാംഗമാണ് ഗവേഷകവിദ്യാര്‍ത്ഥിയായ ജെസ് മരിയ യുവജനസംഘടനകളിലും ഭക്തസംഘടനകളിലെല്ലാം സജീവപ്രവര്‍ത്തക.

    തന്റെ ജീവിതപരിണാമത്തിന് കാരണക്കാരായ, പ്രോത്സാഹനം നല്കിയ നിരവധി വൈദികരെയും കന്യാസ്ത്രീകളെയും അല്മായ സഹോദരങ്ങളെയും ജെസ് മരിയ നന്ദിയോടെയാണ് അനുസ്മരിക്കുന്നത്. നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല നിങ്ങളെ ഞാനാണ് തിരഞ്ഞെടുത്തത് എന്ന തിരുവചനമാണ് തന്റെ ജീവിതപരിണാമത്തെ ഉദാഹരിക്കാനായി ജെസ് മരിയ പറയുന്നത്.

    വിശുദ്ധ കുര്‍ബാന, വിശുദ്ധ കുമ്പസാരം.. തന്റെ ആത്മീയജീവിതത്തില്‍ ഇവ രണ്ടും ശക്തികേന്ദ്രങ്ങളാണെന്നും ജെസ് മരിയ പറയുന്നു. ഈശോ കഴിഞ്ഞാല്‍ പരിശുദ്ധ അമ്മയെയാണ് താനേറ്റവും കൂടുതല്‍ സ്നേേഹിക്കുന്നതെന്നും .

    ‘എല്ലാം ഈശോ ചെയ്യും എന്ന മട്ടില്‍ സ ീറോയായി കഴിയുമ്പോള്‍ ഹീറോയായ ഈശോ നമുക്കുവേണ്ടി എല്ലാം ചെയ്യും.’ജെസ് മരിയയുടെ വിശ്വാസമാണ് ഇത്.

    “പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നിലുണ്ട് എന്നതാണ് എന്റെ ജീവിതത്തിലെ വലിയ അത്ഭുതം”. “അപ്പം കിട്ടാന്‍ വേണ്ടി കൂടെ കൂടിയതല്ല അപ്പന്‍ ദൈവമാണ് എന്ന് തിരിച്ചറിഞ്ഞ് സ്വന്തമാക്കിയതാണ്”. “ഈശോയെ പ്രതി ജീവിതത്തില്‍ കടന്നുവരുന്നതെന്തും സ്വീകരിക്കുക”, “സ്തുതിച്ചുപ്രാര്‍ത്ഥിക്കുക”. “ഈശോയോടാണ് ഞാന്‍ എല്ലാകാര്യവും ആദ്യം പറയുന്നത്”. തന്റെ ആത്മീയജീവിതത്തിന്റെ രഹസ്യങ്ങളും സന്തോഷങ്ങളും ജെസ് മരിയപങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്.

    ഈശോയില്‍ ആനന്ദം കണ്ടെത്തി ജീവിക്കുന്ന ഈ പെണ്‍കുട്ടി യുവജനങ്ങള്‍ക്കെല്ലാം വലിയൊരു പ്രചോദനമായി മാറട്ടെ. ക്രിസ്തീയ ജീവിതത്തില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ ജെസ് മരിയയ്ക്ക്‌ കഴിയട്ടെയെന്ന് മരിയന്‍ പത്രം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!