ശുദ്ധതയുമായി പോരാട്ടത്തില്‍ വിജയിക്കണമെന്നുണ്ടോ, വിശുദ്ധ യൗസേപ്പിന്റെ ചരട് ധരിച്ചാല്‍ മതി

ശരീരത്തോടാണ് ഒരു മനുഷ്യന്‍ എന്നും പോരാടിക്കൊണ്ടിരിക്കുന്നത്. എത്രയെത്ര ആസക്തികളിലൂടെയാണ് നാം ഓരോരുത്തരും ഓരോ ദിവസവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രായമോ ലിംഗമോ ഒന്നും ഭേദമില്ലാത്തവിധം പലതരം ആസക്തികള്‍ നമ്മെ വന്നുതൊടാറുണ്ട്. ആധുനികസാങ്കേതികവിദ്യകളുടെ അതിപ്രചാരവും വ്യാപനയും സംലഭ്യതയും ചേര്‍ന്ന് നമ്മുടെ ലൈംഗികമോഹങ്ങളെ വല്ലാതെ വേട്ടയാടുന്നുമുണ്ട്.

എന്നാല്‍ ഇതില്‍ നിന്ന് ആത്മാര്‍ത്ഥമായ ഒരു മോചനം ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ യൗസേപ്പിതാവിന് നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാനും രക്ഷിക്കാനും കഴിയും. കാരണം കന്യാവ്രതക്കാരുടെ സംരക്ഷകനാണ് വിശുദ്ധ യൗസേപ്പ്. മറിയത്തിന്റെ വിരക്തഭര്‍ത്താവ്. നാസീര്‍വ്രതക്കാരന്‍. ശുദ്ധതയെന്ന പുണ്യത്തിന് ജീവിതകാലത്ത് ഒരിക്കലും കോട്ടം വരാത്ത ആള്‍.

ഇങ്ങനെയുള്ള ജോസഫ് നമ്മെ ശുദ്ധതയെന്ന പുണ്യത്തില്‍ തുടരാന്‍ സഹായിക്കും.ഇവിടെയാണ് യൗസേപ്പിതാവിന്റെ ചരടിന്റെ പ്രസക്തി. പതിനേഴാം നൂറ്റാണ്ടു മുതല്‍ സഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ചരടിനോടുള്ള വണക്കം ആരംഭിച്ചതാണ്, 1657 ല്‍ ഒരു അഗസ്റ്റീയന്‍ കന്യാസ്ത്രീയാണ് ഇതിന്റെ തുടക്കക്കാരി. അസുഖക്കാരിയായ ഈ കന്യാസ്ത്രീ വിശുദ്ധ യൗസേപ്പിനോടുള്ള വണക്കത്തെ പ്രതി ഒരു ചരട് ധരിക്കുകയും തന്റെ സഹായത്തിന് എത്തണമേയെന്ന് അപേക്ഷിക്കുകയും ചെയ്തു.

അത്ഭുതകരമെന്ന് പറയട്ടെ അപ്രതീക്ഷിതമായി ഈ കന്യാസ്ത്രീ രോഗവിമുക്തയായി. കന്യാസ്ത്രീക്ക് ലഭിച്ച ശാരീരികസൗഖ്യം പിന്നീട് ആത്മീയയുദ്ധത്തില്‍ പോരാടാനുള്ള ശക്തമായ മാധ്യമമായി പിന്നീട് മാറുകയായിരുന്നു.

ഭക്തരായ നിരവധി വൈദികരാണ് ഇതിന് പ്രചാരം നല്കിയത്. ശരീരത്തോട് പോരാടാനുളള ശക്തമായ മാര്‍ഗ്ഗമായി ഈ ചരട് മാറി. പലരും അതുസംബന്ധിച്ച് സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തി.

ഈ ചരടിനോടുള്ള ഭക്തി യൂറോപ്പില്‍ ഒരുകാലത്ത് വ്യാപകമായിരുന്നു. നിരവധി വെബ്‌സൈറ്റുകളില്‍ മാതാവിന്റെ ഉത്തരീയം പോലെ യൗസേപ്പി്‌ന്റെ ചരട് വില്ക്കാനുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.