വിശ്വാസിയുടെ അവിശ്വാസങ്ങൾ


വിശ്വാസത്തെക്കുറിച്ചും അവിശ്വാസത്തെക്കുറിച്ചും കേൾക്കുമ്പോളെല്ലാം ക്രിസ്ത്യാനികളുടെ ഇടയിൽ കടന്നുവരുന്ന ഒരു പേരാണ്‌ ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമസിന്റേത്‌. ഈശോയുടെ ശിഷ്യരിലൊരുവനായ തോമസിനെ വിശ്വാസിയെന്നും അവിശ്വാസിയെന്നും വിളിക്കുവാനുള്ള കാരണങ്ങൾ സുവിശേഷങ്ങളിൽ നിന്നും ചികഞ്ഞെടുക്കുന്നതിൽ മിടുക്കുകാണിക്കുന്നവരാണ്‌ നമ്മൾ. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച്‌ ഈശോയുടെ ഒപ്പം നടന്ന്‌ തന്നാലാകുന്നവിധം അവനെ മനസിലാക്കുകയും, ആ മനസിലാക്കലിൽ രൂപപ്പെടുത്തിയെടുത്ത ബോധ്യത്തിൽ നിന്നും തോമസ്‌ പരസ്യമായി പറഞ്ഞ കാര്യം വളരെ വ്യക്തമായി വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്‌: (ദീദിമോസ്‌ എന്ന തോമസ്‌ അപ്പോൾ മറ്റു ശിഷ്യൻമാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം. യോഹ. 11:16).

തോമസിന്റെ അവിശ്വാസത്തെ സ്ഥാപിച്ചെടുക്കുന്നതിലും വളരെ എളുപ്പമാണ്‌ അവന്‌ ഈശോയിലുള്ള വിശ്വാസവും സ്നേഹവും മനസിലാക്കാൻ. വിശുദ്ധ തോമസിലൂടെ ധാരാളംപേർ ഈശോയിലേക്ക്‌ എത്തിച്ചേർന്നിട്ടുണ്ട്‌ എന്ന വായനകൾ പറഞ്ഞുതരുന്നത്‌ അവൻ സ്വന്തമാക്കിയിരുന്നത്‌ അവിശ്വാസമോ ബാലിശമായ ശാഠ്യങ്ങളോ ആയിരുന്നില്ലെന്നും പകരം ആഴമേറിയതും ദൃഢവുമായ വിശ്വാസത്തിന്റെ പാഠങ്ങളായിരുന്നു എന്ന സത്യമാണ്‌.

എന്റെ കർത്താവേ എന്റെ ദൈവമെ എന്ന്‌ ഉത്ഥിതനായ ഈശോയെ വിളിച്ച്‌, ഈശോയുടെ ദൈവത്വത്തെ പ്രഘോഷിച്ചുകൊണ്ടുള്ള വിശുദ്ധ തോമസിനെ ആ നില്പ്‌, അതാണ്‌ അന്നവനെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തിയതും ഇന്നും വേർതിരിച്ചു നിർത്തുന്നതുമായ അവന്റെ വ്യക്തിത്വവും പ്രത്യേകതയും.

നമ്മുടെ പൂർവികരിലൂടെ കൈമാറിക്കിട്ടിയ ക്രൈസ്തവ വിശ്വാസം വളരെ വിലപ്പെട്ടതായി കാണുന്നവരാണ്‌ നമ്മൾ. അതിൽ വിശുദ്ധ തോമസിന്റെ പേര്‌ പ്രത്യേകം പരാമർശിക്കപ്പെടാറുമുണ്ട്‌. ഇതിനെ ചുറ്റിപ്പറ്റി തങ്ങളുടെ വിശ്വാസ പൈതൃകത്തെക്കുറിച്ച്‌ വാചാലരാകുന്ന ധാരാളംപേർ നമ്മോടൊപ്പമുണ്ട്‌.

ഒരുവന്റെ വിശ്വാസവും അതിനോട്‌ ചേർന്നുള്ള ജീവിതവും എക്കാലവും അഭിമാനവും സന്തോഷവും പകരേണ്ടതാണ്‌ എന്നതിൽ യാതൊരുവിധ സംശയവുമില്ല. എന്നാൽ പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസത്തിന്റേതുമായ നീണ്ട കണക്കുകൾ അഭിമാനപൂർവം അവതരിപ്പിക്കുമ്പോൾത്തന്നെ കാണാതെപോകുന്നതോ, കണ്ടില്ലെന്നു നടിക്കുന്നതോ ആയ വിശ്വാസരാഹിത്യത്തിന്റെ ധാരാളം കാര്യങ്ങൾ നാം കൊണ്ടു നടക്കുന്നുണ്ട്‌ എന്ന വസ്തുത മറക്കാതിരിക്കാം.

എല്ലാവരും മാമ്മോദീസ എന്ന കൂദാശയിലൂടെ ക്രിസ്തീയ വിശ്വാസം നേടിയവരാണ്‌. ക്രിസ്തുവിലൂടെയാണ്‌ രക്ഷയെന്നും അറിയുന്നവരാണ്‌, എങ്കിലും വ്യക്തിജീവിതത്തിലേയും കുടുംബത്തിലേയും സമൂഹത്തിലേയുമൊക്കെ പ്രാധാപ്പെട്ട കാര്യങ്ങൾ വരുമ്പോൾ ദൈവവിശ്വാസം പലപ്പോഴും മാറ്റിവയ്ക്കപ്പെടുന്നതും പൊതുകാഴ്ചയാണ്‌. ആരാണ്‌ സന്തോഷം ആഗ്രഹിക്കാത്തത്‌ എന്ന കേന്ദ്ര സർക്കാരിന്റെ പരസ്യംപോലെയാണ്‌ വിശ്വാസിയുടെ കാര്യങ്ങൾ. ദൈവവിശ്വാസം മുറുകെപ്പിടിച്ചിരുന്നാൽ കാര്യങ്ങൾ ശുഭകരമാകില്ല എന്നതാണ്‌ കുറേയധികം ക്രൈസ്തവ വിശ്വാസികൾ കൊണ്ടുനടക്കുന്ന ചിന്ത.

മലയാളികളായ ക്രൈസ്തവ വിശ്വാസികൾ വച്ചുപുലർത്തുന്ന ചില രീതികൾ എനിക്കൊരിക്കലും മനസിലായിട്ടില്ല. അതിലൊന്നിനെക്കുറിച്ചു മാത്രം ഇവിടെ പരാമർശിക്കാം. ശുഭകരമായ കാര്യങ്ങൾ കർക്കിടക മാസത്തിൽ നടത്താൻ പാടില്ല എന്നതാണത്‌. എല്ലാ മലയാളി ക്രൈസ്തവരും ഇങ്ങനെയാണെന്നല്ല പറഞ്ഞുവരുന്നത്‌, എന്നാൽ അനേകർ ഇപ്രകാരമാണ്‌ വിശ്വസിക്കുന്നത്‌.

ക്രിസ്തുവിശ്വാസികളായ അനേകം മലയാളികൾ ഒരു വശത്ത്‌ വലിയ വിശ്വാസികളാണെന്ന്‌ നടിക്കുകയും മറുവശത്ത്‌ അതേ വിശ്വാസത്തിന്‌ നിരക്കാത്തതായ ഇത്തരം കാര്യങ്ങളിൽ അമിത പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടുന്നില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും മലയാളി കത്തോലിക്കർ തങ്ങൾക്ക്‌ കൈമാറിക്കിട്ടിയ വിശ്വാസത്തെക്കുറിച്ച്‌ പറയുമ്പോഴെല്ലാം ഓർമ്മിക്കുന്ന വിശുദ്ധ തോമസിന്റെ തിരുനാൾ വരുന്നത്‌ മിധുന മാസത്തിലാണ്‌ (കർക്കിടക മാസത്തിന്‌ തൊട്ടുമുൻപത്തെ മാസം) എന്നതിൽ അൽപം ആശ്വാസത്തിന്‌ വകയുണ്ട്‌.
എനിക്ക്‌ ജൂലൈ മാസത്തോട്‌ പ്രത്യേകമായ ഇഷ്ടമുണ്ട്‌. അതിൽ ഒന്നാമത്തെ കാരണം ഞാൻ ജനിച്ചത്‌ ജൂലൈ മാസത്തിലാണ്‌ എന്നതാണ്‌. ജൂലൈ മാസത്തോടുള്ള ഇഷ്ടത്തോടൊപ്പം ഉള്ളിൽ കയറികൂടിയ മറ്റൊരിഷ്ടമാണ്‌ മലയാള മാസമായ കർക്കിടകത്തോട്‌.

കർക്കിടകം ഒന്നിനാണ്‌ മലയാള മാസ പ്രകാരം എന്റെ ജന്മദിനം. പഞ്ഞക്കർക്കിടകത്തിൽ പിറന്നവനെന്ന്‌ എത്രയോ പ്രാവശ്യം ഞാൻ കേട്ടിരിക്കുന്നു. എന്റെ കുഞ്ഞുനാൾ മുതൽ പള്ളിയും വിശ്വാസവും കൂദാശകളും പ്രാർത്ഥനകളും എല്ലാം എന്റെ വളർച്ചയുടെ ഭാഗമായുണ്ടായിരുന്നതുപോലെ, ഞാൻ പിറന്ന കർക്കിടക മാസം വളരെ മോശം മാസമാണെന്നുള്ള കേൾവി എനിക്കൊപ്പം എന്നുമുണ്ടായിരുന്നു.

ഈ അടുത്തകാലത്ത്‌ കുടുംബത്തിൽ സഹോദരങ്ങളുടെ മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട്‌ കേട്ടത്‌, വിവാഹം (ശുഭകരമായ കാര്യങ്ങൾ) കർക്കിടകത്തിന്‌ മുൻപ്‌ നടത്തണം എന്നായിരുന്നു. ഇപ്രകാരം ചിന്തിക്കുന്നവർക്ക്‌, അവരുടെ ജീവിതത്തിലെ ശുഭകരമായ കാര്യങ്ങൾക്ക്‌ അത്‌ കർക്കിടകത്തിലല്ലെങ്കിലും, എന്നേപ്പോലെ കർക്കിടക മാസത്തിൽ പിറന്ന വൈദികർ നേതൃത്വം കൊടുത്താൽ ശുഭകരമാകുമോ എന്തോ?

കേരളത്തിന്‌ പുറമേയുള്ള ആഗോള കത്തോലിക്കാ സഭയ്ക്ക്‌ കർക്കിടക മാസത്തെക്കുറിച്ച്‌ വലിയ ധാരണയൊന്നുമില്ലാത്തത്‌ നന്നായി എന്നാണ്‌ ഞാൻ കരുതുന്നത്‌. സഭ രണ്ടാം ക്രിസ്തു എന്ന്‌ സ്നേഹപൂർവം വിളിക്കുന്ന അസ്സീസിയിലെ ഫ്രാൻസീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്‌ മലയാളിയുടെ കണക്കനുസരിച്ച്‌ കർക്കിടകം ഒന്നിനാണ്‌. അതുപോലെ അസ്സീസിയുടെ പെണ്മനസായ വിശുദ്ധ ക്ളാര ജനിച്ചതും കർക്കിടകം ഒന്നിനാണ്‌. ഫ്രാൻസീസ്കൻ സഭയ്ക്ക്‌ ആഗോളതലത്തിൽ പ്രസക്തി എക്കാലത്തും ശുഭകരമായിത്തന്നെയാണുള്ളത്‌ അല്ലാതെ കർക്കിടകത്തിൽ ഫ്രാൻസീസ്‌ വിശുദ്ധനായതിനാൽ സഭയ്ക്ക്‌ യാതൊരു വിധത്തിലുമുള്ള കോട്ടവും സംഭവിച്ചിട്ടില്ല.
ക്രൈസ്തവ വിശ്വാസികളായവരുടെ അന്ധവിശ്വാസം വളരെ ശക്തമാണെന്ന്‌ തോന്നിയിട്ടുണ്ട്‌.

കേരളത്തിലും കേരളത്തിനു പുറമേ മലയാളികൾ ഉള്ളയിടങ്ങളിലും ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക്‌ മാത്രമായി, മാസങ്ങളുടെയും ദിവസങ്ങളുടേയും പേരും പ്രത്യേകതയും നോക്കി അനുഗ്രഹം നൽകുന്ന ഒരു ദൈവമുള്ളതായി എനിക്കറിയില്ല. ദൈവം സർവവ്യാപിയാണെന്നും, അവൻ സ്നേഹമാണെന്നും ദൈവത്തിന്‌ അസാധ്യമായിട്ടൊന്നുമില്ല എന്നൊക്കെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളെ അവഗണിച്ച്‌ സ്വാർത്ഥലാഭത്തിനായി കുറുക്കുവഴി തേടുന്നത്‌ ഇന്ന്‌ സർവ സാധാരണമാണ്‌. ക്രിസ്തുവിൽ നിന്നുള്ള ദർശനങ്ങളും വെളിപാടുകളുമുള്ള മനുഷ്യർ വീടൂകൾ കയറിയിറങ്ങുകയും, നിങ്ങളുടെ വീട്ടിൽ അഭിവൃദ്ധിയുണ്ടാകാത്തതും, രോഗങ്ങൾ മാറാത്തതും, മറ്റുപല ബുദ്ധിമുട്ടുകൾ വന്നുചേർന്നതിനും കാരണം വീട്‌ പണിതിരിക്കുന്നത്‌ ശരിയായ ദിശയിലല്ല, വീട്ടിലേക്കുള്ള വഴി ഇവിടെയായിരുന്നില്ല വേണ്ടിയിരുന്നത്‌ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾ കർത്താവിന്റെ പേരിൽ പറഞ്ഞ്‌ ഭയപ്പെടുത്തിയതിന്റെ പേരിൽ വീടിന്‌ മാറ്റം വരുത്തിയവരേയും, വഴി മാറ്റിയുണ്ടാക്കിയവരേയും എനിക്കറിയാം.

എന്നാൽ അവർക്ക്‌ മുൻപുണ്ടായിരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അതുപോലെ തുടരുകയും ചെയ്യുന്നു. പണനഷ്ടവും മാനഹാനിയും സംഭവിച്ചതുമാത്രം അവിടെ വ്യക്തവുമാണ്‌.
ഉത്ഥിതനായ കർത്താവിനെ കാണാതെ വിശ്വസിക്കില്ല എന്ന്‌ ശാഠ്യം പിടിച്ചവനാണ്‌ വിശുദ്ധ തോമസ്‌. പക്ഷേ ആ ശാഠ്യത്തിന്‌ ഉത്തരം കിട്ടിയപ്പോൾ അവന്റെ ഗുരുവിന്റെ മുൻപിൽ, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന്‌ പറഞ്ഞ്‌ ചേർന്നുനിൽക്കാൻ അവനു കഴിഞ്ഞു എന്നുമാത്രമല്ല, ഏറെ ദൂരെങ്ങളിലേക്ക്‌ അവന്റെ കർത്താവും ദൈവവുമായവന്റെ സന്ദേശവുമായി പോകാനും തോമസ്‌ ഏറ്റുപറഞ്ഞ വിശ്വാസം അവനെ സഹായിച്ചു.

രണ്ടായിരം വർഷത്തെ ക്രിസ്തുചരിത്രത്തിന്റെ കണക്കുപറഞ്ഞുകൊണ്ടുള്ള മേനിപറച്ചിലുകൾക്കപ്പുറം, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന്‌ തോമസ്‌, ഈശോയോട്‌ പറഞ്ഞതുപോലെ, ജീവിതത്തിൽ ശരിയായ ബോധ്യം വളർത്തിയെടുത്താൽ മാത്രമേ ക്രിസ്തുവിശ്വാസിയാണെന്ന്‌ അഭിമാനിക്കാൻ കഴിയൂ. അതല്ലാതെ ദൈവവിശ്വാസത്തേക്കാൾ അധികമായി അവിശ്വാസവും അന്ധവിശ്വാസവും സ്വജീവിതത്തിൽ കൊണ്ടുനടക്കുന്നവരെ എങ്ങിനെയാണ്‌ വിശ്വാസിയെന്ന്‌ വിളിക്കാനാകുക.

വിശുദ്ധ തോമസിനുണ്ടായതുപോലെയുള്ള സംശയങ്ങൾ നല്ലതാണ്‌, അത്‌ ശരിയായ വിശ്വാസത്തിലേക്കും ബോധ്യത്തിലേക്കും പ്രവേശിക്കുന്നതിനുള്ള വഴികൾ തുറന്നുകൊടുക്കും. അവർ ക്രിസ്തുവിനെ മനസിലാക്കി ജീവിക്കുകയും ചെയ്യും.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.