ഓരോ രാത്രിയിലും ഈ പ്രാര്‍ത്ഥന ചൊല്ലി കിടക്കൂ.. സമാധാനവും സന്തോഷവും ഉണ്ടാകും

ഒരു ദിവസത്തിന്‍റെ അവസാനമണിക്കൂറായ രാത്രിസമയം അടുത്ത ദിവസത്തിന്റെ നന്മയ്ക്കും ശ്രേയസിനും വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്താനുള്ള സമയം കൂടിയാണ്. ഒരു ദിവസം എങ്ങനെ കടന്നുപോയി, ചെയ്ത നന്മകള്‍, ചെയ്യാതെ പോയ നന്മകള്‍, അടുത്ത ദിവസംകൂടുതല്‍ എങ്ങനെ പ്രയോജനപ്പെടുത്താം, പിഴവുകള്‍ സംഭവിച്ചോ അതെങ്ങനെ തിരുത്താം എന്നിങ്ങനെ വിവിധ കാര്യങ്ങളെക്കുറിച്ച് ആത്മശോധന നടത്തുക. അതിന് ശേഷം കിടന്നുറങ്ങുക.

അനുദിനവും ഇത്തരത്തിലുള്ള ആത്മശോധന നടത്തിയിട്ടായിരുന്നു വിശുദ്ധരെല്ലാം കിടന്നുറങ്ങിയിരുന്നത്. ദൈവത്തിന്റെ സംരക്ഷണത്തിനും കരുണയ്ക്കും വേണ്ടി ഓരോ ദിവസത്തെയും ഇപ്രകാരം സമര്‍പ്പിച്ച് കിടക്കാന്‍ പോകുമ്പോള്‍ നമുക്ക് സുഖകരമായ ഉറക്കം ലഭിക്കുന്നു, സന്തോഷത്തോടെ രാവിലെ ഉണര്‍ന്നെണീല്ക്കാനും കഴിയുന്നു. ആത്മശോധന നടത്തിയതിന് ശേഷം ചെറിയൊരു പ്രാര്‍ത്ഥന കൂടി ചൊല്ലുക. ഈ പ്രാര്‍ത്ഥന ചൊല്ലുന്നതിലൂടെ നമുക്ക് സുഖകരമായ ഉറക്കം ലഭിക്കുന്നു, നല്ലൊരു പ്രഭാതത്തിലേക്ക് ഉണര്‍ന്നെണീല്ക്കാന്‍ ശക്തി ലഭിക്കുകയും ചെയ്യുന്നു.

ഏറ്റവും നല്ലവനായ ദൈവമേ, ഇന്നേ ദിവസം അവിടുന്ന് എനിക്ക് നല്കിയ എല്ലാ നന്മകളെയുമോര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഇന്നേ ദിവസം എന്നെ നടത്തിയ വഴികളും എനിക്ക് നല്കിയ നന്മകളുമോര്‍ത്ത് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ചെയ്യാന്‍ കഴിയാതെ പോയ നന്മകളെപ്രതിയും മറ്റുള്ളവരെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചോര്‍ത്തും ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു.

ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു, ഈ ലോകത്തിലുള്ള മറ്റെല്ലാറ്റിനെയും കാള്‍ സ്‌നേഹിക്കുന്നു. എന്റെ പൂര്‍ണ്ണ ഹൃദയത്തോടും ആത്മാവോടും കൂടി ശുദ്ധമായ മനസ്സോടെ സ്‌നേഹിക്കുന്നു. എന്നോട് ഇന്നേ ദിവസംമറ്റുള്ളവര്‍ ചെയ്ത എല്ലാ തെറ്റുകളും കുറ്റങ്ങളും ആത്മാര്‍ത്ഥമായി ക്ഷമിക്കുവാന്‍ എന്നെസഹായിക്കണമേ.

എന്റെ ഈശോയേ, എന്റെ ആത്മാവിനെ ഞാന്‍ അങ്ങേ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. പരിശുദ്ധ കന്യാമറിയമേ, വിശുദ്ധ യൗസേപ്പേ, സകലവിശുദധരേ മാലാഖമാരേ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. നാരകീയ ശക്തികളെ എതിര്‍ത്തുതോല്പിക്കുന്നവനായ വിശുദ്ധ മിഖായേലേ ഈ രാത്രിയില്‍ എന്നെ ഭയപ്പെടുത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്യാന്‍ സാധ്യതയുള്ള എല്ലാ തിന്മകളുടെ ശക്തികളില്‍ നിന്നും എന്നെ കാത്തുരക്ഷിക്കണമേ. എനിക്ക് വേണ്ടി പൊരുതണമേ പാപത്തില്‍ നിന്നും എല്ലാ വിധ അപകടങ്ങളില്‍ നിന്നും എന്നെ രക്ഷിക്കണമേ.

ഓ എന്റെ ഈശോയേ,ഈ രാത്രിയില്‍ സുഖകരമായ ഉറക്കം നല്കി എന്നെ അനുഗ്രഹിക്കണമേ. പുതിയൊരു പ്രഭാതത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ എനിക്ക്അവസരം നല്കണമേ. കൂടുതല്‍ നന്മകള്‍ ചെയ്യാന്‍ അടുത്ത പ്രഭാതത്തെയും ദിവസത്തെയും അനുഗ്രഹിക്കണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.