ഉപവാസം കൊണ്ട് നേടിയെടുക്കാവുന്ന നന്മകളെക്കുറിച്ചറിയാമോ?

നോമ്പുകാലത്തിലെ ഈ ദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രാര്‍ത്ഥനയ്ക്കും പരിത്യാഗപ്രവൃത്തികള്‍ക്കും തുല്യം സ്ഥാനമുണ്ട് ഉപവാസത്തിനും. നോമ്പിലെ വെളളിയാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുന്നവര്‍ ഏറെയാണ്. ശരീരത്തിന് ഭക്ഷണം എത്രത്തോളം ആവശ്യമാണോ അതുപോലെ തന്നെ ആത്മാവിന് ഉപവാസവും ഗുണം ചെയ്യും. ആത്മീയമായ അച്ചടക്കത്തിനും ജീവിതവിശുദ്ധിക്കും ഉപവാസം സഹായകരമാണ്. മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടുമാത്രമല്ല ദൈവവചനം കൊണ്ടുകൂടിയാണ് എന്നാണല്ലോ ക്രിസ്തുപറയുന്നത്. വിശുദ്ധരെല്ലാം ജീവിതത്തില്‍ ഉപവാസം അനുഷ്ഠിച്ചവരായിരുന്നു. ഉപവാസത്തിന്റെ നന്മകളെക്കുറിച്ച് ചില വിശുദ്ധര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമുക്ക് കേള്‍ക്കാം

ആത്മാവിനെ പിന്തുണയ്ക്കാന്‍ കഴിവുണ്ട് ഉപവാസത്തിന്. അത് ഉന്നതങ്ങളിലേക്ക് പറന്നുപൊങ്ങാനുളള ചിറകുകള്‍ നല്കുന്നു. ദൈവം ഉപവാസത്തിലൂടെ നമ്മെ സുഖപ്പെടുത്തുന്നു- വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം

സ്വാദിനെ ശുദ്ധീകരിച്ചില്ലെങ്കില്‍ നിഷ്‌ക്കളങ്കത കാത്തുസൂക്ഷിക്കുക അസാധ്യമായിരിക്കും.- സിയന്നയിലെ വിശുദ്ധ കാതറിന്‍

ഉപവാസമില്ലാതെയുള്ള ധ്യാനം പ്രയോജനരഹിതവും പൊങ്ങച്ചവുമാണ്. ഉപവാസത്തിലൂടെ നാം ദൈവത്തെ തൃപ്തിപ്പെടുത്തുന്നു- വിശുദ്ധ ബേസില്‍

ഉപവാസം ആത്മാവിനെ ശുദ്ധീകരിക്കുന്നു. മനസ്സിനെ ദൈവത്തിലേക്കുയര്‍ത്തുന്നു.- വിശുദ്ധ തോമസ് അക്വിനാസ്

നമുക്കും ഉപവാസത്തെ കുറച്ചുകൂടി ഗൗരവത്തിലെടുക്കാന്‍ ശ്രമിക്കാം. ശരീരത്തെ കീഴടക്കുകയും ദൈവത്തെ പ്രീതിപ്പെടുത്തുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.