എന്താണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ?

1.എന്താണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ?

ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ.
വിമലഹൃദയപ്രതിഷ്ഠ എന്നാൽ, യഥാർത്ഥത്തിൽ മാതാവ് എന്താണോ ആ സത്യാവസ്ഥയിലേക്ക് നമ്മളെ ചേർത്തുവയ്ക്കുന്ന പ്രക്രിയയാണ്.

2.പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

പരിശുദ്ധ അമ്മയുടെ ആന്തരിക ജീവിതത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഭക്തനാമമാണ് വിമലഹൃദയം.
അവളുടെ ആന്തരിക ജീവിതം എന്നത് അവളുടെ സന്തോഷങ്ങളും ദുഃഖങ്ങളും അവളുടെ വെളിപ്പെട്ടതും വെളിപ്പെടാത്തതുമായ പുണ്യങ്ങളും സ്നേഹപ്രകടനങ്ങളും എല്ലാം ഉൾപ്പെട്ടതാണ്.
സ്നേഹം തന്നെയായ ഈശോ സ്വയം ശൂന്യനാക്കി, എളിമയിൽ നിറഞ്ഞ്, പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ പ്രവേശിച്ചപ്പോൾ മറിയത്തിന്റെ ഹൃദയം വിമലഹൃദയം ആയി മാറി.

3.എന്തുകൊണ്ട് നാം വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണം?

വിമലഹൃദയത്തിന് സമർപ്പിക്കപ്പെടുന്ന ആത്മാക്കളെ പരിശുദ്ധ അമ്മ തന്റെയുള്ളിൽ വാഴുന്ന പരിശുദ്ധാത്മാവിന് ഏൽപ്പിച്ചുകൊടുക്കുന്നു. പരിശുദ്ധാത്മാവിന് സമർപ്പിക്കപ്പെട്ട വ്യക്തികളെയും, സമൂഹങ്ങളെയും ശുദ്ധീകരിച്ച് രൂപാന്തരപ്പെടുത്തുന്നു. ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. അതുകൊണ്ട് വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടുന്ന ഒരാത്മാവും നശിച്ചു പോകുകയില്ല.

4.എങ്ങനെയാണ് വിമലഹൃദയ പ്രതിഷ്ഠ നടത്തേണ്ടത്?

ഭൗതിക കാര്യങ്ങൾ ചോദിച്ചുവാങ്ങാനുള്ള ഒരു പ്രാർത്ഥനയല്ലിത്. മറിച്ച്, സ്വർഗ്ഗീയ യാത്രയിൽ വിശുദ്ധീകരിക്കപ്പെടാൻ നാം സ്വീകരിക്കേണ്ട പ്രാർത്ഥനയുടെയും പ്രവർത്തികളുടേതുമായ ഒരു ജീവിതശൈലിയാണ്. ആത്മാവ് നശിച്ചുപോകാതെ, സ്വർഗ്ഗത്തിലേക്ക് നടത്തുന്ന യാത്രയിൽ സ്വയം വിശുദ്ധീകരിക്കാൻ നമുക്കു കഴിവില്ല. നമ്മെത്തന്നെ മാതാവിന് സമർപ്പിക്കുമ്പോൾ നാം വിമലഹൃദയത്തിലൂടെ വിശുദ്ധിയിലേക്ക് ജനിക്കും.
അതിനാൽ പുണ്യങ്ങൾ ചെയ്തുകൊണ്ടുവേണം പ്രതിഷ്ഠ നടത്തുവാൻ.

5.ആർക്കുവേണ്ടിയൊക്കെ വിമലഹൃദയ പ്രതിഷ്ഠ നടത്താം?

നമുക്ക് കഴിയുന്നത്ര വ്യക്തികളെ മാതാവിന്റെ വിമലഹൃദയത്തിലൂടെ ഈശോയ്ക്ക് വേണ്ടി നേടിയെടുക്കാം. “ഒരുവൻപോലും നശിച്ചുപോകാതെ എല്ലാവരും രക്ഷ പ്രാപിക്കണമെന്നാണല്ലോ” ദൈവം ആഗ്രഹിക്കുന്നത്.

6.എന്തുകൊണ്ട് 33 ദിവസങ്ങൾ പ്രാർത്ഥിക്കണം?

ഈശോ നമുക്ക് വേണ്ടി മനുഷ്യാവതാരം ചെയ്ത് ജീവിച്ച 33 വർഷങ്ങൾ ഓർമിച്ചുകൊണ്ടാണ് ഈ പ്രാർത്ഥന നടത്തുന്നത്. മാതാവിന്റെ തിരുനാളുകളിലാണ് പ്രതിഷ്ഠ നടത്തുന്നത്. അതിനാൽ, തിരുനാളുകൾക്ക് 33 ദിവസങ്ങൾക്കുമുമ്പ് പ്രാർത്ഥന തുടങ്ങാം.

7.വിമലഹൃദയ പ്രതിഷ്ഠ പ്രാർത്ഥന മാത്രം ചൊല്ലിയാൽ പ്രതിഷ്ഠ പൂർത്തിയാകുമോ?

ഇല്ല. ഗലാത്തിയ ലേഖനം 5:22-ൽ, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ് എന്ന് നാം കാണുന്നു. ഇവ ഓരോന്നും ജീവിച്ചോയെന്ന് അനുദിനം നാം പരിശോധിക്കണം. അനുഷ്ഠിച്ചവ ഓരോന്നും ഈശോയോട് ഏറ്റുപറഞ്ഞ് വിമലഹൃദയത്തിന് സമർപ്പിക്കണം.

8.പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?

“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8) എന്ന ഈശോയുടെ വാഗ്ദാനം പരിശുദ്ധ മറിയത്തിൽ അന്വർത്ഥമാണ്.
ഗ്രഹിക്കാൻ സാധിക്കാത്ത വചനങ്ങൾ പോലും ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയത്തിന്റെ (ലൂക്കാ 2:51) നിർമ്മല ഹൃദയത്തിൽ വാൾ കടക്കുന്നതിനെ സംബന്ധിച്ച് വിശുദ്ധ ലൂക്കാ സുവിശേഷകൻ പ്രതിപാദിക്കുന്നുണ്ട് (ലൂക്കാ 2:35).

9.നാം എല്ലാവരും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണമെന്ന് ഈശോ ആഗ്രഹിക്കുന്നുണ്ടോ?

ആഗ്രഹിക്കുന്നുണ്ട്. കുരിശിൻ ചുവട്ടിൽ വച്ച് യോഹന്നാൻ ഈശോയുടെ നിർദ്ദേശപ്രകാരം അമ്മയെ സ്വന്തമാക്കി. “അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തമായി സ്വീകരിച്ചു” (യോഹന്നാൻ 19 :27). ഈ സ്വന്തമായി സ്വീകരിക്കൽ തന്നെയാണ് യഥാർത്ഥ വിമലഹൃദയ പ്രതിഷ്ഠ.

10.എല്ലാവരും വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടണമെന്ന് സ്വർഗ്ഗം ആഗ്രഹിക്കുന്നുണ്ടോ?

പരിശുദ്ധ മാതാവ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെ ഫാത്തിമായിൽ ലൂസി, ഫ്രാൻസിസ്, ജസീന്ത എന്നീ മൂന്ന് ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടു നൽകിയ സന്ദേശങ്ങളിലൂടെയാണ് വിമലഹൃദയഭക്തി സാർവ്വത്രികമായി ശ്രദ്ധിക്കപ്പെടാൻ ഇടയായത്.

1916 ൽ സമാധാനത്തിന്റെ മാലാഖ ഫാത്തിമയിലെ കുട്ടികളോട് പറഞ്ഞു; “ഈശോയുടെ തിരുഹൃദയവും മാതാവിന്റെ വിമലഹൃദയവും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും.
ഈശോയുടെ തിരുഹൃദയത്തിന്റെയും അമ്മയുടെ വിമലഹൃദയത്തിന്റെയും അനന്ത യോഗ്യതകളാൽ പാപികൾ മാനസാന്തരത്തിലേക്ക് നയിക്കപ്പെടും.”

1917 ജൂൺ 13ന് പരിശുദ്ധ അമ്മ കുട്ടികളോട് പറഞ്ഞു: “നിങ്ങൾക്ക് വളരെ സഹിക്കേണ്ടി വരും. എങ്കിലും സഹിക്കാനുള്ള ശക്തി ദൈവം തരും.” പരിശുദ്ധ അമ്മ ലൂസിയോട് ചോദിച്ചു: “നീ വളരെ സഹിക്കുന്നുണ്ടല്ലേ? തളരരുത്. ഞാൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്റെ നിർമ്മലഹൃദയം നിനക്ക് അഭയവും നിന്നെ ദൈവത്തിലേക്കു നയിക്കുന്ന വഴിയുമായിരിക്കും.”
ഈ വാക്കുകൾ പറഞ്ഞു തീർന്നപ്പോൾ അമ്മ കൈകൾ വിടർത്തി. അമ്മയുടെ ഉള്ളംകൈയിൽ നിന്ന് പുറപ്പെട്ട പ്രകാശരശ്മികൾ തങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തുളച്ചുകയറിയെന്ന് കുട്ടികൾ പറഞ്ഞു. അന്നുമുതൽ മാതാവിന്റെ വിമലഹൃദയത്തോടുള്ള തീവ്രസ്നേഹത്താൽ തങ്ങളുടെ ഹൃദയം നിറഞ്ഞതായി അവർ പറഞ്ഞു.
സഹനത്തിന്റെ അവസരങ്ങളിൽ ചൊല്ലാനുള്ള ഒരു പ്രാർത്ഥനയും അമ്മ അവരെ പഠിപ്പിച്ചു: “എന്റെ ഈശോയേ, അങ്ങയോടുള്ള സ്നേഹത്തെപ്രതിയും മറിയത്തിന്റെ വിമലഹൃദയത്തിനെതിരായി ചെയ്യപ്പെടുന്ന അതിക്രമങ്ങൾക്ക് പരിഹാരമായും പാപികളുടെ മാനസാന്തരത്തിനായും ഞാനിത് സ്വീകരിക്കുന്നു.”

1917 ജൂലൈ 13ന് ഫാത്തിമായിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്ത് പ്രചരിപ്പിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നതായി കുട്ടികളോട് പറഞ്ഞു. ഇനിയും ഒരു മഹായുദ്ധം ഉണ്ടാകാതിരിക്കാൻ റഷ്യയെ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്നും മാസാദ്യ ശനിയാഴ്ചകളിൽ പാപപരിഹാരാർത്ഥം പരിശുദ്ധ കുർബാന സ്വീകരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

1936 ൽ ഈശോ തന്നെ സിസ്റ്റർ ലൂസിയോട് ഇങ്ങനെ പറഞ്ഞു; “തിരുഹൃദയ ഭക്തി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെടേണ്ടത് വിമലഹൃദയഭക്തി തന്നെ.”

11.വിമലഹൃദയത്തോടുള്ള ഭക്തി തിരുസ്സഭ അംഗീകരിച്ചിട്ടുണ്ടോ?

പരിശുദ്ധ അമ്മയുടെ ഹൃദയത്തിന്റെ ആർദ്രത അപ്പസ്തോലന്മാരും ആദിമസഭയും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. മധ്യകാലഘട്ടത്തിൽ വിമലഹൃദയഭക്തി പ്രചാരം നേടിയിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ജോൺ യൂദസ് വിമലഹൃദയ ഭക്തിയുടെ പ്രചാരകനായിരുന്നു. 1799 ൽ ആറാം പീയൂസ് പാപ്പായും വിമലഹൃദയഭക്തിക്കു പ്രോത്സാഹനം നൽകി.
1855 ജൂലൈ 21ന് ആരാധനക്രമത്തിനായുള്ള തിരുസംഘം വിമലഹൃദയത്തിരുനാൾ ക്രമം അംഗീകരിച്ചു.
1942 മെയ് 31ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ റഷ്യ ഉൾപ്പടെയുള്ള ലോകത്തെ മറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു.
1944ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ എല്ലാവർഷവും ഓഗസ്റ്റ് 22 വിമലഹൃദയത്തിരുനാൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
1952 ജൂലൈ രണ്ടിന് അദ്ദേഹം പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സോവിയറ്റ് യൂണിയനെ സമർപ്പിച്ചു.
1967ൽ പോൾ ആറാമൻ മാർപാപ്പ ഈശോയുടെ തിരുഹൃദയത്തിരുനാൾ കഴിഞ്ഞുള്ള ശനിയാഴ്ച വിമലഹൃദയത്തിരുനാളായി നിശ്ചയിച്ചു.
1982 മെയ് 13ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ പോർച്ചുഗലിലെ ഫാത്തിമായിൽ വച്ച് ലോകത്തെ മുഴുവനായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ചു.
1984 മാർച്ച് 25ന് മംഗളവാർത്താത്തിരുനാൾ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മെത്രാന്മാരോട് ചേർന്ന് പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോകത്തെ അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചു.
2000 ഒക്ടോബർ 8ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതിയ സഹസ്രാബ്ദത്തെയും വിമലഹൃദയത്തിൽ സമർപ്പിച്ചു.
2010 മെയ് 12ന് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഫാത്തിമായിൽ വച്ച് ലോകം മുഴുവനെയും പരിശുദ്ധ വിമലഹൃദയത്തിനു സമർപ്പിച്ചു.
2013 ഒക്ടോബർ 13ന് ഫാത്തിമാദിനത്തിൽ, ഫ്രാൻസിസ് മാർപാപ്പ മാനവകുലത്തെ മറിയത്തിന്റെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി.

12.ആരാണ് വിമലഹൃദയ പ്രതിഷ്ഠയ്ക്ക് ഒരുക്കമായുള്ള 33 ദിവസത്തെ ഒരുക്കപ്രാർത്ഥന ക്രമീകരിച്ചത്?

വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടാണ് ക്രമപ്രകാരം മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠക്കായുള്ള 33 ദിവസത്തെ ഒരുക്കപ്രാർത്ഥന ക്രമീകരിച്ചത്.

13.വിമലഹൃദയ പ്രതിഷ്ഠയ്ക്ക് തിരുസഭ പൂർണദണ്ഡവിമോചനം കൽപ്പിച്ചനുവദിച്ചിട്ടുണ്ടോ?

വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് ആഗ്രഹിച്ചതിൻ പ്രകാരം പൂർണ്ണദണ്ഡവിമോചനം ലിയോ പതിമൂന്നാമൻ മാർപാപ്പ കൽപ്പിച്ച് അനുവദിച്ചിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ദിവസവും മരിയൻ സമർപ്പണം പുതുക്കിയിരുന്നു.

14.വിമലഹൃദയപ്രതിഷ്ഠയുടെ ഫലങ്ങൾ എന്തൊക്കെയാണ്?

പരിശുദ്ധാത്മാവിന്റെ നിർമ്മലമണവാട്ടിയാണ് പരിശുദ്ധ കന്യാമറിയം.
പരിശുദ്ധാത്മാവ് ഏറ്റവും പൂർണ്ണതയിൽ ഒരു വ്യക്തിയുടെ മനുഷ്യത്വത്തിലേക്ക് ഇറങ്ങിവന്നത് പരിശുദ്ധ അമ്മയിലാണ്.
പരിശുദ്ധ അമ്മയിൽ നിറഞ്ഞുനിന്നിരുന്നത് ദൈവവും ദൈവഹിതങ്ങളും മാത്രമായിരുന്നു.
ദൈവകൃപകൾ വിതരണം ചെയ്യുന്നത് പരിശുദ്ധ അമ്മയാണ്.
നമ്മൾ നമ്മുടെ ഹൃദയങ്ങളെ അമ്മയുടെ വിമലഹൃദയത്തിലേയ്ക്ക് പ്രതിഷ്ഠിച്ചാൽ സ്വാഭാവികമായി നമ്മുടെ ഹൃദയങ്ങൾ വിശുദ്ധീകരിക്കപ്പെട്ട് ഈശോ നിറയുന്ന അനുഭവം നമുക്ക് സ്വന്തമാക്കാൻ കഴിയും.
ദൈവികരഹസ്യങ്ങൾ സംഗ്രഹിച്ചുവച്ചിരുന്ന പേടകമാണ് അമ്മയുടെ വിമലഹൃദയം.
നമ്മൾ വിമലഹൃദയ പ്രതിഷ്ഠ നടത്തിയാൽ നമുക്കും അമ്മയിലൂടെ ദൈവികരഹസ്യങ്ങൾ വെളിപ്പെടുത്തിത്തരുന്ന ദൈവികജ്ഞാനം ലഭിക്കും.
വ്യാകുലങ്ങൾ ഏറ്റെടുത്ത അമ്മയുടെ ഹൃദയം നമ്മുടെ വ്യാകുലങ്ങളും ഏറ്റെടുക്കും, നമ്മളെ സ്വതന്ത്രരാക്കും.

✝️ MARIAN MINISTRY ,MARIAN EUCHRISTIC MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.