ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടുണ്ടോ?

ഇന്ന് ഫാത്തിമാമാതാവിന്റെ തിരുനാള്‍. ജസീന്തയ്ക്കും ഫ്രാന്‍സിസ്‌ക്കോയ്ക്കും ലൂസിയായ്ക്കും മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും കിംവദന്തികള്‍ക്കും ഇന്നും അവസാനമായിട്ടില്ല. മൂന്നുരഹസ്യങ്ങളാണ് അന്ന് മാതാവ് വെളിപെടുത്തിയത്.

എന്നാല്‍ മൂന്നാമത്തെ രഹസ്യം ഇനിയും പൂര്‍ണ്ണമായും വെളിപെടുത്തിയിട്ടില്ല എന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. മൂന്നാമത്തെ രഹസ്യംവെളിപെടുത്താന്‍ മാതാവ് അനുവാദം നല്കിയിട്ടില്ല എന്ന സിസ്റ്റര്‍ ലൂസിയുടെ വാക്കുകളാണ് ഇങ്ങനെയൊരു ധാരണ രൂപപ്പെടാന്‍ കാരണമായത്. 1943 ലാണ് സിസ്റ്റര്‍ ലൂസി തീവ്രരോഗിയായത്.

അതുകൊണ്ട് വെളിപെടുത്താന്‍ സാധിക്കാതിരുന്ന ആ രഹസ്യം സിസ്റ്റര്‍ എഴുതി ഭദ്രമായി അത് സ്ഥലത്തെ ബിഷപ്പിനെഏല്പിച്ചു. ഒന്നുകില്‍ തന്റെ മരണത്തിന് ശേഷം അല്ലെങ്കില്‍ 1960 ന് ശേഷംമാത്രമേ ഇത് തുറക്കാവൂ എന്നായിരുന്നു സിസ്റ്ററുടെ നിര്‍ദ്ദേശം. 1957 വരെ രൂപതയില്‍ സൂക്ഷിച്ച പിന്നീട് വത്തിക്കാനിലേക്ക് മാറ്റി.

2000 മെയ് 13 നാണ് ഈ കത്തിന്റെ രഹസ്യംവത്തിക്കാന്‍ പുറത്തുവിട്ടത്.20 ാം നൂറ്റാണ്ടില്‍ സഭ നേരിട്ട കടുത്ത ക്രൈസ്തവ പീഡനങ്ങളും ജോണ്‍പോള്‍ രണ്ടാമന് നേരെയുണ്ടായ വധശ്രമവും ഈ രഹസ്യത്തിലുണ്ടായിരുന്നു. വരാനിരിക്കുന്ന കാര്യങ്ങളല്ല സംഭവിച്ച കാര്യങ്ങളാണ് മൂന്നാം രഹസ്യത്തിലുള്ളതെന്ന് സിസ്റ്റര്‍ ലൂസി മരണത്തിന് മുമ്പ് സംശയങ്ങള്‍ ദുരീകരിക്കുകയുംചെയ്തിട്ടുണ്ട്.

എന്നിട്ടും ഇന്നും പലരും പറയുന്നത് ആ രഹസ്യങ്ങള്‍ പൂര്‍ണ്ണമാക്കപ്പെട്ടിട്ടില്ല എന്നാണ്. ഇതിനെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ 2016 മെയ് 21 ന് പറഞ്ഞകാര്യം ശ്രദ്ധേയമാണ്.
പാപ്പയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മൂന്നാമത്തെ ഫാത്തിമാരഹസ്യം പൂര്‍ണ്ണമായി വെളിപെടുത്തിയിട്ടില്ല എന്ന നിരീക്ഷണവും അവകാശവാദവും തികച്ചും കെട്ടിച്ചമച്ചതും തീര്‍ത്തും അസത്യവുമാണ്.

ഈ വാക്കുകളെയാണ് നാം വിശ്വസിക്കേണ്ടത്. അതുകൊണ്ട് മൂന്നാമത്തെ ഫാത്തിമാരഹസ്യത്തെക്കുറിച്ചുള്ള വാസ്തവമല്ലാത്ത അഭിപ്രായപ്രകടനങ്ങളും വ്യാഖ്യാനങ്ങളും വിശ്വാസികള്‍ക്കിടയില്‍ഭയം ജനിപ്പിക്കാന്‍ വേണ്ടിമാത്രമുള്ളതാണ്. ഇതുവഴി യഥാര്‍ത്ഥസന്ദേശം ആളുകളിലെത്താതിരിക്കാനാണ് സാത്താന്‍ ശ്രമിക്കുന്നത്.

മാതാവ് നല്കിയ സന്ദേശത്തിന്റെ സാരാംശം എന്തായിരുന്നു.? വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ തന്നെയാണ് അതിനുള്ള ഉത്തരം. പ്രാര്‍ത്ഥിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ദൈവമാതാവിന്റെ കരങ്ങളില്‍ സകലതും സമര്‍പ്പിക്കുക.

അതെ, ഫാത്തിമാമാതാവിന്റെ ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക് ജപമാല ചൊല്ലി മാതാവിനോട് കൂടുതല്‍ പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.