എത്ര ശ്രമിച്ചിട്ടും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്നില്ലേ, കാരണങ്ങള്‍ ഇതാവാം


 എന്തൊക്കെ ചെയ്തിട്ടും സാമ്പത്തികമായി ഉയരാൻ കഴിയാതെ വിഷമിക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്.
 സാമ്പത്തികമായ ഞെരുക്കം അനുഭവപ്പെടുന്ന വ്യക്തികളുടെ ജീവിതം പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന ചില കാര്യങ്ങൾ ഇവയാണ്.

1. ദൈവവുമായി ഒരു ബന്ധവും ഇല്ല.

2. കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് കുടുംബ പ്രാർത്ഥന പതിവായി ചൊല്ലാറില്ല. കുടുംബ പ്രാർത്ഥന ഉണ്ടെങ്കിൽ വീട്ടിലുള്ള ഭാര്യയോ മക്കളോ മാത്രമാണ്  അതിൽ പങ്കെടുക്കുന്നത്.

3. വ്യക്തിപരമായ പ്രാർത്ഥന തീരെ ഇല്ല.പ്രാർത്ഥിക്കാൻ പോലും അറിയില്ല

.4. ദൈവം പറയുന്നത് കേൾക്കാൻ. ദൈവവചനമടങ്ങിയ ബൈബിൾ വായിക്കാൻ താത്പര്യമില്ല. ഒരു വചനം പോലും പറയാൻ കഴിയുന്നില്ല

.5. ദേവാലയത്തിൽ പോകുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം. എന്നെ പരിരക്ഷിക്കാൻ കഴിയുന്ന ജീവനുള്ള ദൈവമാണ് അൾത്താരയിൽ ദിവസവും ദിവ്യബലിയിലുടെ സന്നിഹിതനാകുന്നതെന്ന ബോധ്യം ഇല്ല.

6. വിശുദ്ധ കുർബാനയോട് താൽപര്യമോ ആദരവോ ഇല്ല. ഞായറാഴ്ചകളിൽ ദിവ്യബലിയിൽ പങ്കെടുത്താലും വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന സ്വഭാവമില്ല.

7. കുമ്പസാരം വഴി പാപമോചനം നേടി ദൈവവുമായുള്ള ബന്ധം സുഗമമാക്കി കൊണ്ടുപോകാനുള്ള താല്പര്യം കാണിക്കാറില്ല. കുമ്പസാരം എന്നതുതന്നെ  കേവലം ഒരു ചടങ്ങ് തീർക്കൽ മാത്രമാണ്. പൂർണമായ അനുതാപത്തോടെയല്ല കുമ്പസാരം എന്ന കൂദാശ പരികർമ്മം ചെയ്യുന്നത്.

8.കുമ്പസാരിച്ചാലും വന്നുപോയ തെറ്റുകൾക്ക് പരിഹാരം ചെയ്യുന്നതിനുള്ള  പ്രവണത കാണിക്കാറില്ല. കുമ്പസാരിച്ചു കഴിഞ്ഞാലും അതേ പാപങ്ങൾ തന്നെ വീണ്ടും ചെയ്യുകയും പാപാവസ്ഥയിൽ തന്നെ ജീവിക്കുകയും ചെയ്യുന്നു.

9.മദ്യപാനം,മയക്കു മരുന്ന്, വിവിധ രീതിയിൽ പുകയില ഉപയോഗം, പാൻപരാഗ് തുടങ്ങി വിവിധ ലഹരിവസ്തുക്കൾക്ക് അടിമയായി ദിനംപ്രതി ദൈവം നൽകിയ സമ്പത്ത് ദുരുപയോഗം ചെയ്യുന്നു.

10. ഇപ്രകാരം പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരത്തെ പൈശാചിക ശക്തികളുടേയും ദുഷ്ടാരൂപികളുടെയും പ്രവർത്തനങ്ങൾക്ക് വിധേയമാക്കി നിർത്തിക്കൊണ്ട്  ദേവാലയത്തിൽ പോവുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

11. അയോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുന്നു. തുടർന്ന് ഒറ്റുകാരനായ യൂദാസിനെപ്പോലെ പ്രവർത്തിച്ച് യേശുവിന്റെ തിരുശരീരത്തെ തന്നെ അവഹേളിക്കുന്നു.

12. ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് പ്രതിനന്ദി പ്രകടിപ്പിക്കാൻ താല്പര്യം കാണിക്കാറില്ല.

 13.സഹോദരങ്ങളെ  ആവശ്യം അറിഞ്ഞ് സഹായിക്കുന്ന പ്രവണത ജീവിതത്തിൽ ഇല്ല.

14. ദശാംശം കൊടുക്കുന്ന സ്വഭാവം ഇല്ല .

15. സത്യം, നീതി, വിശ്വസ്തത എന്നീ ഗുണങ്ങൾ പാലിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്നില്ല.

 
ഇതിൽ നിന്ന് മോചനം നേടാൻ തെറ്റുകൾ തിരുത്തി ദൈവസന്നിധിയിൽ പൂർണമായ അനുതാപത്തോടെ കടന്നു ചെല്ലുകയും കുമ്പസാരം എന്ന കൂദാശയിലൂടെ പാപമോചനം നേടുകയും വിശുദ്ധ കുർബാനയിലൂടെ സാധിക്കുമെങ്കിൽ അനുദിനം ശക്തി പ്രാപിക്കുകയും ചെയ്യുന്ന എന്ന ഒരു ശീലം  രൂപപ്പെടുത്തിയെടുക്കണം.എന്നുമാത്രമല്ല ഒന്നുചേർന്നുള്ള കുടുംബ പ്രാർത്ഥനയും അനുദിനമുള്ള വിശുദ്ധഗ്രന്ഥ വായനയും ഒരു പതിവായിമാറണം. 

 ദൈവവചനപ്രകാരം ജീവിക്കുന്ന, പ്രാർത്ഥിക്കുന്ന വ്യക്തികളിലും കുടുംബങ്ങളിലും പ്രയാസങ്ങൾ ഉണ്ടായാലും അത് തരണം ചെയ്യാനുള്ള മാർഗങ്ങളും പിതാവായ ദൈവം ഒരുക്കി വെക്കും .ഇത് വ്യക്തമായി മനസ്സിലാകണമെങ്കിൽ ജോബിന്റെ പുസ്തകം മുഴുവൻ ഒന്ന് വായിച്ചാൽ മതി. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടും, ദൈവത്തെ തള്ളിപ്പറയാൻ കൂട്ടുകാരും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിട്ടും അത്  ചെയ്യാതെ തന്റെ വിശ്വാസം സമ്പൂർണ്ണമായി ഏറ്റുപറഞ്ഞ ജോബിന് എല്ലാം നഷ്ടപ്പെട്ടു ഇനി ഒന്നുമില്ല എന്ന് തോന്നിയ അവസ്ഥയിൽനിന്നും വലിയ ഒരു കുതിച്ചുകയറ്റമാണ് ദൈവം നൽകിയത്. സർവ്വ സമ്പത്തും പതിന്മടങ്ങായി നൽകി ജോബിനെ ദൈവം അനുഗ്രഹിച്ചു.

ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഓരോ വ്യക്തിക്കും ഇതേ രീതിയിൽ തന്നെയാണ് അനുഗ്രഹങ്ങളും അഭിഷേകങ്ങളും ദൈവം നൽകുക. കടം വാങ്ങുന്ന അവസ്ഥയിൽ നിന്ന് കടം കൊടുക്കുന്ന അവസ്ഥയിലേക്ക് ഉയരാൻ ദൈവത്തോട് ചേർന്ന് ജീവിക്കുന്ന എല്ലാവർക്കും സാധിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.