പഞ്ചക്ഷതധാരിയായ മഞ്ഞാക്കലച്ചന്റെ സുവിശേഷ ജീവിതം

മഞ്ഞാക്കലച്ചന്‍ എന്ന് പറഞ്ഞാല്‍ അറിയാത്തവരായി വളരെ കുറച്ചുപേരെ നമുക്കിടയിലുണ്ടാവൂ. ഫാ. ജെയിംസ് മഞ്ഞാക്കല്‍ എംഎസ്എഫ് എസ്. കേരളത്തിലും പാശ്ചാത്യരാജ്യങ്ങളിലും ഒന്നുപോലെ അറിയപ്പെടുന്ന വചനപ്രഘോഷകന്‍. പൗരോഹിത്യശുശ്രൂഷ ഏറ്റെടുത്ത നാള്‍ മുതല്‍ ഇന്നുവരെ വചനം പ്രസംഗിക്കാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഇല്ലാത്ത വൈദികന്‍.

മഞ്ഞാക്കലച്ചനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമ്പോഴും അധികമാര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു രഹസ്യമുണ്ട്. മഞ്ഞാക്കലച്ചന്‍ ഒരു പഞ്ചക്ഷതധാരിയാണ്. പാദ്രെ പിയോയെ പോലെയുള്ള വിശുദ്ധര്‍ക്ക് മാത്രം ദൈവം നല്കിയ അസുലഭമായ ദാനമാണല്ലോ പഞ്ചക്ഷതം.

റവ. ഡോ ജേക്കബ് പറപ്പളളില്‍ എംഎസ്എഫ് എസിന്റെ ഫേസ്ബുക്ക് കുറിപ്പുവഴിയാണ് മഞ്ഞാക്കലച്ചന്റെ പഞ്ചക്ഷതങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 1993 മുതല്ക്കാണ് പഞ്ചക്ഷതാനുഭവങ്ങളിലൂടെ അച്ചന്‍ കടന്നുപോയത്. വെള്ളിയാഴ്ചകളില്‍ പഞ്ചക്ഷതമുറിവുകളും കഠിന വേദനയും അനുഭവപ്പെട്ടുതുടങ്ങി. കൈകാലുകളിലും നെഞ്ചിലുമായിരുന്നു പഞ്ചക്ഷതങ്ങള്‍. ആദ്യ വെള്ളിയാഴ്ചകളിലും കര്‍ത്താവിന്റെ തിരുനാള്‍ ദിവസങ്ങളിലും അത് കൂടുതലായി.

2012 ഡിസംബര്‍ 21 വരെ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും ഇതുപോലെ സംഭവിച്ചിരുന്നു. 2012 ഡിസംബര്‍ 21 ന് ഗില്ലന്‍ ബാരി രോഗത്തിന് വിധേയനായതോടെ അടുത്ത മൂന്നുവര്‍ഷത്തേക്ക് അച്ചന്റെ ശരീരത്തില്‍ ഇത്തരം മുറിവുകള്‍ പ്രത്യക്ഷപ്പെട്ടതേയില്ല. എന്നാല്‍ 2015 മുതല്‍ വീണ്ടും പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മുന്നൂറ് മില്ലി മുതല്‍ അര ലിറ്റര്‍വരെ രക്തം ആണ് ഈ ദിവസങ്ങളില്‍ അച്ചന്റെ ശരീരത്തില്‍ നിന്ന് പ്രവഹിച്ചത്.

2018 ലെ നാല്പതാം വെള്ളിയാഴ്ച സഭാപിതാക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ക്രിസ്തു കുരിശുമരണത്തില്‍ അനുഭവിച്ച അതേ വേദന അനുഭവിച്ചു. കയറില്‍ ബന്ധിതനായ ഈശോയെ ദര്‍ശനത്തില്‍ കണ്ട അച്ചന്‍ മൈ ജീസസ് എന്ന് ഉറക്കെ നിലവിളിക്കുകയും ചെയ്തു. ജര്‍മ്മനിയില്‍ ഒരു ഡോക്ടറുടെ വീട്ടില്‍ അതിഥിയായി കഴിയുകയായിരുന്നു അപ്പോള്‍ അച്ചന്‍. വലതു തോളിന് സഹിക്കാനാവാത്ത വേദനയില്‍ നിലവിളിക്കുകയായിരുന്നു അച്ചന്‍ അപ്പോള്‍.

അച്ചനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയിലെത്തിക്കുകയും സ്‌കാനിങിന് വിധേയനാക്കുകയും ചെയ്തപ്പോള്‍ വര്‍ഷങ്ങളായി വലതു തോളില്‍ അനുഭവിച്ചുകൊണ്ടിരുന്ന അച്ചന്റെ വേദനയുടെ രഹസ്യം അനാവരണം ചെയ്യപ്പെട്ടു. കശേരുക്കള്‍ പിണഞ്ഞ് ഞെരിഞ്ഞിരിക്കുന്ന വലതുതോള്‍. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോഴും എല്ലാം അറിയാമായിരുന്നിട്ടും മൗനം പാലിക്കുക മാത്രമേ മഞ്ഞാക്കലച്ചന്‍ ചെയ്തുള്ളൂ.

ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. സോജി ഓലിക്കല്‍ തുടങ്ങിയ പ്രശസ്തവചനപ്രഘോഷകര്‍ മഞ്ഞാക്കലച്ചന്റെ പഞ്ചക്ഷതങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ട്. എങ്കിലും കഴിയുന്നത്ര ഈ വിവരം രഹസ്യമായി സൂക്ഷിക്കാനാണ് അച്ചന്‍ ആഗ്രഹിക്കുന്നത്. അതിരമ്പുഴ കാരിസ് ഭവനില്‍ വച്ച് പഞ്ചക്ഷതമുണ്ടായപ്പോള്‍ പലരും ആ ചിത്രങ്ങള്‍ പകര്‍ത്തുകയും രഹസ്യമാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.

വേറെയും അത്ഭുതങ്ങള്‍ അച്ചന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് പോലെയുള്ളവയും ഗിലന്‍ബാരി രോഗബാധിതനായിട്ടും എണീറ്റ് നടക്കാന്‍ സാധിച്ചതുംപോലെയുള്ള നിരവധി സംഭവങ്ങളാണ് അവ.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊറോണ സംഹാരതാണ്ഡവമാടിയ ജര്‍മ്മന്‍ നഗരവീഥിയിലൂടെ വാഹനത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തിയ അ്ച്ചന്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ സുവിശേഷപ്രസംഗത്തിലൂടെ തന്റെ ശുശ്രൂഷയുമായി മുന്നോട്ടുപോവുകയാണ്. തന്റെ ജീവിതത്തിലെ എല്ലാ സഹനങ്ങളെയും സഭയുടെ വിശുദ്ധീകരണത്തിനായിട്ടാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്.
ഇത്തരം വിശുദ്ധരായ വൈദികരുടെ കാലത്ത് ജീവിച്ചിരിക്കാനും അവരുമായി സംസാരിക്കാനും നേരില്‍ കാണാനും അവസരം കിട്ടിയ നമ്മെപോലെയുള്ളവര്‍ എത്രയോ ഭാഗ്യവാന്മാര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.