വൃക്കദാനം ഇന്ന്; ഫാ.ജോജോ മണിമലയുടെ ദീര്‍ഘകാലത്തെ ആഗ്രഹം പൂവണിയുന്നു

കോഴിക്കോട്: നവവൈദിക സ്വീകരണ വേള മുതല്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹം ഫാ. ജോജോ മണിമല കപ്പൂച്ചിന് ഇന്ന് സഫലമാകുകയാണ്. ജീവന്‍ നല്കാനും ജീവന്‍ സമൃദ്ധമാകാനും എന്നതാണ് തന്റെ വിളിയെന്ന് അദ്ദേഹം തന്റെ സന്യാസജീവിതത്തിന്റെ ആരംഭം മുതല്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അനുകൂലമായ സാഹചര്യവും ദൈവം അനുവദിച്ച സമയവും ഇപ്പോഴായിരുന്നുവെന്ന് മാത്രം. അതെ, ഇന്ന് ഫാ. ജോജോയുടെ വൃക്കദാനമാണ്.

കോഴിക്കോട് മിംമ്‌സ് ഹോസ്പിറ്റലില്‍ ഇന്ന് രാവിലെ ഫാ. ജോജോ മണിമല തന്റെ കിഡ്‌നികളിലൊന്ന് പാലക്കാട് സ്വദേശിയായ നാരായണന്‍കുട്ടിക്ക് നല്കുമ്പോള്‍ നാരായണന്‍കുട്ടിയുടെ ഭാര്യയുടെ കിഡ്‌നികളിലൊന്ന് താമരശ്ശേരി രൂപതയിലെ കുര്യാക്കോസ് എന്ന ഇരുപത്തിനാലുകാരന് നല്കും. അങ്ങനെ പരസ്‌നേഹപ്രവൃത്തികളുടെ അറ്റുപോകാത്ത ചങ്ങലക്കണ്ണികള്‍ തുടര്‍ന്നുപോകും.

തന്റെ സുഹൃത്തിന്റെ സുഹൃത്താണ് കുര്യാക്കോസ് എന്ന ചെറുപ്പക്കാരന്‍ എന്ന് അച്ചന്‍ മരിയന്‍ പത്രത്തോട് പറഞ്ഞു. കുര്യാക്കോസിന് കിഡ്‌നി നല്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ പരിശോധനയില്‍ കിഡ്‌നികള്‍ തമ്മില്‍ മാച്ച് ആകുന്നുണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് പാലക്കാടുകാരനായ നാരായണന്‍കുട്ടി കടന്നുവന്നത്. കിഡ്‌നിരോഗിയായ അദ്ദേഹവും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നാരായണന്‍കുട്ടിക്ക് തന്റെ കിഡ്‌നി നല്കാനും അദ്ദേഹത്തിന്റെ ഭാര്യ കുര്യാക്കോസിന് കിഡ്‌നി നല്കാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അവയവദാനരംഗത്ത് ഫാ. ജോജോയുടെ കി്ഡ്‌നിദാനം കൂടി ചരിത്രമായി ഇടംപിടിക്കുന്നത്.

നിലമ്പൂര്‍ പാലേമാട് സെന്റ് തോമസ് ഇടവകാംഗമായ ഫാ. ജോജോ കണ്ണൂര്‍ പാവനാത്മാ പ്രോവിന്‍സ് അംഗമാണ്. ദീര്‍ഘകാലമായി ആത്മബുക്‌സിന്റെ അമരക്കാരനായി സേവനം ചെയ്ത അദ്ദേഹം ഇപ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലാണ് കൂടുതലായി മുഴുകിയിരിക്കുന്നത്.

വൈദികരെ താറടിക്കാനും അപമാനിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര് ഇത്തരം മനുഷ്യസ്നേഹഗാഥകള് കൂടി അറിഞ്ഞിരിക്കണം.നിസ്വാര്ർത്ഥമായി സേവിക്കാനും സ്നേഹിക്കാനും കത്തോലിക്കാ പുരോഹിതര്ക്ക് കഴിയുന്നതിനെ ചെറുതായി കാണുകയുമരുത്. ഇനി വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുകയെങ്കിലും ചെയ്യുക.

അച്ചന് മരിയന്‍പത്രത്തിന്റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും. നാരായണന്‍കുട്ടിക്കും കുര്യാക്കോസിനും വേണ്ടിയും ഓപ്പറേഷന്‍ നടത്തുന്ന മെഡിക്കല്‍ സംഘത്തിലെ ഓരോ അംഗങ്ങള്‍ക്കുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. തുടര്‍ന്നും മേല്‍പ്പറഞ്ഞവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.