കര്‍ഷക സംഗമത്തിനായി രൂപീകരിച്ച വോളന്റിയേഴ്‌സ് ഫോറത്തെ ചര്‍ച്ച് ആര്‍മിയാക്കി, സഭയ്‌ക്കെതിരെയുള്ള വ്യാജവാര്‍ത്താ പ്രചരണത്തിന് പുതിയ ഒരു ഉദാഹരണം കൂടി

തലശ്ശേരി: തലശ്ശേരി അതിരൂപത ചര്‍ച്ച് ആര്‍മി രൂപീകരിച്ചതായി ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അതിരൂപത പത്രപ്രസ്താവന പുറപ്പെടുവിച്ചു. മാധ്യമധര്‍മ്മത്തെ വളച്ചൊടിച്ചുകൊണ്ടാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പത്രക്കുറിപ്പ് ആരോപിച്ചു.

കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ എട്ടിന് കണ്ണൂര്‍ ടൗണില്‍ നടക്കുന്ന കര്‍ഷകസംഗമത്തിന്റെ വിജയത്തിനു വേണ്ടിയാണ് വിരമിച്ച പോലീസുകാരെയും പട്ടാളക്കാരെയും ഉള്‍പ്പെടുത്തി വോളന്റിയേഴ്‌സ് കമ്മറ്റി രൂപീകരിച്ചത്. ഗബ്രിയേല്‍ സേന എന്നാണ് ഇതിന് പേരു നല്കിയത്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഗതാഗതകുരുക്ക് ഇല്ലാതാക്കുന്നതിനും ആളുകളെ നിയന്ത്രിക്കുന്നതിനുമായിട്ടായിരുന്നു ഇത്.

എന്നാല്‍ സഭ രൂപീകരിച്ച സേനയെന്നാണ് ഇതിനെ പത്രം റിപ്പോര്‍ട്ട് ചെയ്തത്. വിമോചന സമരകാലത്ത് സഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ക്രിസ്റ്റഫര്‍ സേനയുടെ സ്മരണ ഉണര്‍ത്തുന്നതായതുകൊണ്ടാണ് ഗബ്രിയേല്‍ സേനയും തെറ്റിദ്ധരിക്കപ്പെട്ടത് എന്ന് കരുതുന്നു. കൂടാതെ അയ്യപ്പസേന, ഹനുമാന്‍ സേന എന്നിങ്ങനെ ഇതരമതവിശ്വാസികള്‍ രൂപീകരിച്ചിട്ടുള്ള ചില സേനകളുമുണ്ട്.

സഭയ്‌ക്കെതിരെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇന്ന് സാധാരണ സംഭവമായിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.