ആരും കൂടെയില്ലേ, സാരമില്ല കര്‍ത്താവ് നമ്മുടെ കൂടെയുണ്ട്

എല്ലാവരും ഒപ്പമുണ്ടല്ലോയെന്ന് നാം തെറ്റിദ്ധരിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ ജീവിതത്തിലുണ്ട്. ജീവിതപങ്കാളി, മക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ബോസ്, അയല്‍ക്കാര്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍.. പക്ഷേ ഇവരൊക്കെ എപ്പോഴും നമ്മുടെകൂടെയുണ്ടോ. ഇല്ല എന്നതാണ് സത്യം.

ആവശ്യംകഴിഞ്ഞ് ചണ്ടിപോലെ വലിച്ചെറിയപ്പെടുന്നവരെത്രയോ പേരാണ് ഇവിടെ നമുക്ക് ചുറ്റിനുമുള്ളത്. അവര്‍ക്ക് ഇഷ്ടമില്ലാത്തതു ചെയ്തുകഴിയുമ്പോള്‍ നമ്മെ വേണ്ടെന്ന് വയ്ക്കുന്നവരെത്രയോ പേരുണ്ട്.സ്വാര്‍ത്ഥലക്ഷ്യങ്ങളോടെ അടുത്തുകൂടുകയും ആവശ്യം കണ്ടുകഴിയുമ്പോള്‍ ചവിട്ടിപുറത്താക്കുകയും ചെയ്യുന്നവരുമുണ്ട്. ഒന്നുമില്ലാത്ത അവസ്ഥയില്‍ സഹായം തേടി വരുകയും എന്തെങ്കിലും ആയിക്കഴിഞ്ഞുകഴിയുമ്പോള്‍ കണ്ട മട്ട് നടിക്കാതെ തിരിഞ്ഞുപോകുന്നവരുമുണ്ട്. പണവും ആരോഗ്യവും സൗന്ദര്യവും പ്രശസ്തിയും ഉള്ളപ്പോള്‍ കൂടെ കൂടുന്നവരുമുണ്ട്. അതിന് മങ്ങലേല്ക്കുമ്പോള്‍ അവരെല്ലാം നമ്മെ വി്ട്ടുപോകും.

പക്ഷേ ഒരിക്കലും നമ്മെ വിട്ടുപോകാത്ത ഒരേയൊരാള്‍ ദൈവമാണ്. കര്‍ത്താവല്ലാതെ മറ്റാരുമില്ല എന്നാണ് 1 സാമുവല്‍ 2:2പറയുന്നത്. അതെ നമുക്ക് കര്‍ത്താവല്ലാതെ മറ്റാരുമില്ല.മോഹനവാഗ്ദാനങ്ങള്‍ നല്കിയവര്‍ ഒഴികഴിവ് പറഞ്ഞ് നമ്മെ ഉപേക്ഷിച്ചുകളയും. കൈപിടിച്ചു കൂടെ വന്നവര്‍ പണമില്ലെന്ന് കണ്ട് കൈയൊഴിഞ്ഞുപോകും.

അവസ്ഥകള്‍ ഏതുമായിരുന്നുകൊള്ളട്ടെ, കൂടെയുണ്ടായിരുന്നവര്‍ ആരുമായിക്കൊള്ളട്ടെ. ആരും കൂടെയില്ലാതാവുമ്പോള്‍ എല്ലാവരും ഉപേക്ഷിച്ചുപോകുമ്പോള്‍ കര്‍ത്താവ് നമ്മുക്ക് ഒപ്പമുണ്ടെന്ന് മാത്രം മനസ്സിലാക്കുക.വിശ്വസിക്കുക. ആശ്വസിക്കുക.

അവിടുന്ന് എന്റെകണ്ണീരു കാണുന്നുണ്ട്. എന്റെ കണ്ണീര്‍ക്കണങ്ങള്‍ കുപ്പിയില്‍ ശേഖരിക്കുന്നുമുണ്ട്. മറ്റുള്ളവര്‍ക്ക് എന്നോട് എന്തു ചെയ്യാന്‍ കഴിയും. കര്‍ത്താവേ, അങ്ങല്ലാതെ എനി്ക്കാരുമില്ല. എന്നെ കൈവെടിയരുതേ.. പരിഹാസകര്‍ക്കും ശത്രുക്കള്‍ക്കും എന്നെ കളിയാക്കി ചിരിക്കാനും എന്റെ ദാരിദ്ര്യം കണ്ട് സന്തോഷിക്കാനും ഇടയാക്കരുതേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.