ആഴി ഒളിച്ചുവച്ച അത്ഭുതങ്ങൾ!


“സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടു കൂടെയുണ്ടായിരിക്കും; നദികൾ കടക്കുമ്പോൾ അത് നിന്നെ മുക്കിക്കളയുകയില്ല”. (ഏശയ്യാ 43: 2)

ലോകത്തിന്‍റെ പല ഭാഗങ്ങങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ചു ഈ വർഷം അന്തരീക്ഷ താപനില വർധിച്ചുവരുന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങൾ കുടിവെള്ളത്തിനുൾപ്പെടെ വലയുന്നതിനിടയിലും കൗതുകവും അതിലേറെ അത്ഭുതവുമുളവാക്കുന്ന ചില വാർത്തകളും  പുറത്തുവരുന്നുമുണ്ട്. അതികഠിനമായ ചൂടുമൂലം വെള്ളം വറ്റിയ ഡാമുകളിൽ കണ്ടെത്തിയ അത്ഭുതകരമായ കാഴ്ചകളാണ് അവയിൽ ചിലത്.

ഇറാഖിലെ കുർദ്ദിസ്ഥാനിലുള്ള മൊസൂൾ ഡാമിനെക്കുറിച്ചാണ് അത്ഭുതമുളവാക്കുന്ന ആദ്യ വാർത്ത കേട്ടത്: വരൾച്ച രൂക്ഷമായതോടെ വറ്റിവരണ്ട ഡാമിൽ കണ്ടെത്തിയത് 3400 വർഷം പഴക്കമുള്ള ഒരു രാജകൊട്ടാരം. ഡാമിൻറെ അടിയിൽനിന്നും 65 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം ‘മിതാനി’ സാമ്രാജ്യത്തിന്റേതായിരുന്നുവെന്നു ഗവേഷകർ പറയുന്നു. ഇപ്പോഴും വ്യക്തമായി തിരിച്ചറിയാവുന്ന രീതിയിൽ നിൽക്കുന്ന ഈ കൊട്ടാരത്തിന്റെ അവശിഷ്ട്ടങ്ങളിലെ ചുമരുകളിൽനിന്നും ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളിലുള്ള മാഞ്ഞുപോകാത്ത ചുമർചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കൊട്ടാരത്തെ ‘കെമുന’  എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.

മറ്റൊന്ന്, ബ്രിട്ടീഷ് അധിനിവേശ കാലത്തെ നിർമ്മാണപ്രവർത്തങ്ങളുടെ അവശേഷിപ്പുകളായി കരുതപ്പെടുന്ന ചില കെട്ടിടങ്ങളുടെ ഭാഗങ്ങൾ, വെള്ളം വറ്റിയ മാട്ടുപ്പെട്ടി ഡാമിൽ കണ്ടെത്തിയതാണ് കൗതുകകരമായ കാഴ്ചയായത്. ബ്രിട്ടിഷുകാർ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന പല നിർമ്മാണങ്ങളുടെയും അവശേഷിപ്പുകൾ ഇപ്പോഴും ഡാമിനടിയിൽ നിലനിൽക്കുന്നുണ്ടന്നു പറയപ്പെടുന്നു. ഡാം നിർമ്മിച്ച് ഏഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും നിലം പൊത്താതെ നിൽക്കുന്ന കെട്ടിടച്ചുമരുകൾ അക്കാലത്തെ നിർമ്മാണ മികവിൻ്റെ  സൂചനകൂടിയാണ്.


അതിശയിപ്പിക്കുന്ന ഈ വാർത്തകൾ വായിക്കുമ്പോഴും ഇതോർമ്മിപ്പിക്കുന്ന ചില സത്യങ്ങൾ നമ്മെ ചിന്തിപ്പിക്കേണ്ടതും ജീവിതത്തെ പ്രസാദാദ്മകമായി  അഭിമുഖീകരിക്കാൻ സഹായിക്കുന്ന ചില പ്രചോദനാത്മക വിഷയങ്ങൾ എന്ന നിലയിൽ ഈ വരികൾക്കിടയിൽനിന്നു പലതും വായിച്ചെടുക്കേണ്ടതുമാണ്. ഒരുമിച്ചു ചിന്തിക്കാനായി അവയിൽ ചിലത് കുറിക്കുന്നു: 

1. ഡാമിലെ വലിയ അളവിലുണ്ടായിരുന്ന വെള്ളം ഈ കെട്ടിടങ്ങളെ മുക്കിക്കളഞ്ഞിരുന്നങ്കിലും അവയെ ഇല്ലാതാക്കിക്കളയാൻ പര്യാപ്തമായിരുന്നില്ല: 3400 വർഷങ്ങൾക്കിപ്പുറവും ഈ കെട്ടിടങ്ങൾ ശക്തമായി നിലനിന്നു. വെള്ളം ഈ കെട്ടിടങ്ങളെ മൂടിനിന്ന് ഏറെക്കാലം കീഴ്പ്പെടുത്തിയിരുന്നെങ്കിലും അതിനെ നശിപ്പിച്ചുകളയാൻ സാധിച്ചില്ല. നമ്മുടെ ജീവിതത്തിലും ഇത് സത്യം തന്നെ. ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ പെരുകി തലയ്ക്കുമുകളിലുയരുന്ന വെള്ളം പോലെ ഉയർന്നുനിന്നാലും പതറാതെ നാം ഉറച്ചുനിന്നാൽ ഒരുനാൾ നമ്മുടെ പ്രശ്നങ്ങളുടെ വെള്ളവുമിറങ്ങും, നാം വീണ്ടും സൂര്യപ്രകാശത്തിൽ തെളിഞ്ഞുവരും. ആ സമയം വരെ ക്ഷമയോടെ നിൽക്കണമെന്ന് മാത്രം. 

2. ഈ കെട്ടിടങ്ങളെ മൂടിയിരുന്ന വെള്ളമിറങ്ങിയതും കാണാൻ പാകത്തിൽ ഇവ തെളിഞ്ഞുവന്നതും ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു! മനുഷ്യപ്രയത്നത്താലല്ല, ദൈവപദ്ധതിയുടെ ഭാഗമായി നടന്ന പ്രകൃതിയുടെ മാറ്റത്തിലാണ് ഈ വലിയ അളവിലുള്ള വെള്ളം ആവിയായി അപ്രത്യക്ഷമായതും അപ്രതീക്ഷിത കാഴ്ചകൾ സാധ്യമായതും. നമ്മുടെ മാനുഷിക ചിന്തയിൽ, തലയ്ക്കുമുകളിൽ നിൽക്കുന്ന നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലന്നു കരുതിയാലും ദൈവം മനസ്സാകുന്നെങ്കിൽ, ഒരു ഡാമിലെ വെള്ളം പോലെ വലുതായി നമ്മൾ കരുതുന്ന എന്തിനെയും വറ്റിച്ചു ഇല്ലാതാക്കാനും തുടച്ചുമാറ്റി ദൂരെയകറ്റാനും ദൈവത്തിനു സാധിക്കും. ഇസ്രായേൽ ജനത്തിനായി ദൈവം ചെങ്കടൽ വിഭജിച്ചതുപോലെ (പുറപ്പാട് 8). ഏറെ കോളിളക്കമുണ്ടാക്കിയ മന്ദമരുതി (മറിയക്കുട്ടി) കൊലക്കേസിൽ പ്രതിയായി വിധിക്കപ്പെട്ടു അനർഹമായ ശിക്ഷയനുഭവിച്ചുകൊണ്ടിരുന്ന ഫാ. ബെനെഡിക്ട് ഓണംകുളം എന്ന വൈദികൻ തെറ്റുകാരനല്ലന്നു ലോകം അറിഞ്ഞത്, പതിറ്റാണ്ടുകൾക്കുശേഷം, മാനുഷിക പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നൊരു സമയത്താണ് എന്നത് ‘ദൈവത്തിൻറെ സമയത്തിൽ ദൈവം ചെയ്ത നീതിയായി’ ചരിത്രം ഗണിക്കുന്നു. “ദൈവത്തിന് ഒന്നും അസാധ്യമല്ല.” (ലൂക്കാ 1: 37). 

3. ഈ കെട്ടിടങ്ങളുടെ പ്രായവും പഴക്കവുമുള്ള മറ്റു കൊട്ടാരങ്ങളും വാസ്തുശില്പങ്ങളും ലോകത്തിലുണ്ടങ്കിലും അവയ്ക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഈ കെട്ടിടാവശിഷ്ടങ്ങൾക്ക് കിട്ടുന്നതും അവയെ അത്ഭുതാദരവുകളോടെ ആളുകൾ കാണുന്നതും അവ കടന്നുവന്ന വഴികളെ പരിഗണിച്ചാണ്, അതിജീവിച്ച പ്രതിബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ്. ജീവിതത്തിൽ നമ്മുടെ പരിധിക്കപ്പുറമുള്ള പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും വന്നാലും മനസ്സ് മെടുക്കാതെ, വീഴാൻ കൂട്ടാക്കാതെ ദൈവത്തിലാശ്രയിച്ചു നിന്നാൽ, നമ്മളെയും മറ്റുള്ളവർ ആദരവോടെ കാണുകയും മാതൃകയാക്കുകയും ചെയ്യും. 

4. ഏറെക്കാലം വെള്ളത്തിൽ നിൽക്കുമ്പോൾ സാധാരണഗതിയിൽ എന്തും ജീർണ്ണിച്ചു പോകേണ്ടതാണ്. സസ്യങ്ങളും മറ്റും വെള്ളത്തിൽ അഴുകിച്ചേരുന്നത് നാം കണ്ടിരിക്കും. എന്നാൽ ജീർണ്ണിപ്പിക്കുന്ന ചുറ്റുപാടുകളെ അതിജീവിക്കാനുള്ള ഉൾക്കരുതിനാൽ പണിയപ്പെട്ടതായിരുന്നതുകൊണ്ട് ഈ കെട്ടിടങ്ങൾ വെള്ളത്തിൻറെ സമ്മർദ്ദങ്ങളെയും അടിയൊഴുക്കുകളെയും അതിജീവിച്ചുനിന്നു. പ്രതിസന്ധികളിൽ തളർന്നുപോകാനുള്ള മാനുഷികബലഹീനതകൾക്കടിമപ്പെടാതെ ആത്‌മീയ ഉൾക്കാമ്പിന്റെയും മനക്കരുത്തിന്റേയും ബലത്തിൽ പിടിച്ചുനിൽക്കാനാവണം. ജീവിത പ്രതിസന്ധികളെയും കുറവുകളേയും തലയ്ക്കുമുകളിൽ കയറ്റിവച്ചിരിക്കുന്ന ഭാരമായല്ല, പാദങ്ങൾക്കടിയിൽ ചവിട്ടിക്കയറാനുള്ള ചവിട്ടുപടികളായി കരുതണം. ഇങ്ങനെ ചെയ്യുന്നവരാണ് അത്ഭുതമനുഷ്യരായി മാറുന്നത്.

5. ഇക്കാലമത്രയും ഈ കെട്ടിടങ്ങൾ വെള്ളത്തിനടിയിലെ പ്രതിസന്ധികളെ അതിജീവിച്ചു ഉറച്ചുനിൽക്കാൻ കാരണമായത് ശില്പകലാവൈദഗ്ധ്യം മാത്രമല്ല, ആ കെട്ടിടങ്ങൾക്കുണ്ടായിരുന്ന ഉറച്ച അടിസ്ഥാനത്തിൻറെയും കാരണത്താലായിരുന്നു. ഒരുപക്ഷേ, ഈ അടിത്തറ മണ്ണിനടിയിലായതുകൊണ്ട്  ആരും കാണാതെയും ശ്രദ്ധിക്കാതെയും പോകുന്ന ഒരു പ്രധാന കാര്യമായി നിന്നു. ദൈവവിശ്വാസത്തിന്റെ, ദൈവവചനത്തിന്റെ, കുടുംബബന്ധങ്ങളുടെ, സമൂഹബന്ധങ്ങളുടെ, നല്ല സൗഹൃദത്തിൻറെ, ഉറച്ച മൂല്യങ്ങളുടെ അടിത്തറയുള്ളവർക്ക് മാത്രമേ “മഴ പെയ്യുകയും വെള്ളപ്പൊക്കമുണ്ടാവുകയും, കാറ്റൂതുകയും ഇവ ഭവനത്തിന്മേൽ ആഞ്ഞടിക്കുകയും” (മത്തായി 7: 25) ചെയ്യുമ്പോൾ ‘വീണുപോകാതെ’ പിടിച്ചുനിൽക്കാനാവൂ.

തലയ്ക്കുമുകളിൽ പ്രതിസന്ധികൾ ഉയരുമ്പോഴും, അതിനും മുകളിലുള്ള ദൈവത്തിലാശ്രയിക്കാനും, ആ ദൈവം എനിക്കായി പ്രത്യാശയുടെയും വിമോചനത്തിൻറെയും ഒരു നാൾ കരുതിവച്ചിട്ടുണ്ടന്നും ദൈവത്തിന്റെ പദ്ധതിയിലെ ഉചിതസമയത്ത് ആ നീതിസൂര്യൻ എനിക്കായി ഉദിച്ചുയരുമെന്നും നമുക്കു പ്രത്യാശിക്കാം. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിൻറെ സമയത്തിനായി, നമ്മെ ദുരിതക്കയത്തിൽനിന്നും അത്ഭുതമായി ഉയർത്തുന്ന ദിവസത്തിനായി കാത്തിരിക്കാം. ജീവിതപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തോട്, ‘ദൈവമേ എനിക്കൊരു പ്രശ്‌നമുണ്ടു്’ എന്ന് പറയുന്ന മനോഭാവത്തിന് പകരം, പ്രശ്നത്തോട്, ‘നിന്നെ പരിഹരിക്കാൻ പറ്റുന്ന ഒരു ദൈവം എനിക്കുണ്ട്’ എന്ന് പറയാനുള്ള മനോധൈര്യത്തിലേക്കു ചുവടുമാറാം.  

ദൈവസാമീപ്യം സമൃദ്ധമായ ഒരാഴ്ച എല്ലാവർക്കും ആശംസിക്കുന്നു.

പ്രാർത്ഥനാപൂർവ്വം, 

ഫാ. ബിജു കുന്നയ്ക്കാട്ട്



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.