ആര്‍ക്കെങ്കിലും ഇടവഴിയില്‍ നിന്ന് വ്യാഖ്യാനിക്കാനുള്ളതല്ല ബൈബിള്‍: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

വിശുദ്ധ ഗ്രന്ഥത്തെ സഭ കര്‍ത്താവിന്റെ ശരീരത്തെ എന്ന പോലെ എക്കാലവും പരിഗണിച്ചിരുന്നു എന്നും പരിശുദ്ധ കുര്‍ബാനയെ കണ്ടിരുന്നതുപോലെ തന്നെയാണ് വിശുദ്ധ ഗ്രന്ഥത്തെ സഭ ആദരിച്ചിരുന്നത് എന്നും ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പാലാ ബൈബിള്‍ കണ്‍വന്‍ഷനില്‍ വചനം പ്രഘോഷിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനപരമായ പല ബോധ്യങ്ങളും നല്കുന്നത് വിശുദ്ധ ഗ്രന്ഥത്തിലൂടെയാണ്. വിശുദ്ധ ഗ്രന്ഥത്തെ സഭ കണ്ടിരുന്നതുപോലെനാം കാണണം. എങ്കിലും ഒന്നു പറയട്ടെ ബൈബിളല്ല സഭയാണ് ആദ്യം ഉണ്ടായത്. ഇങ്ങനെ പറയുമ്പോള്‍ അകത്തോലിക്കരായ ചിലക്രൈസ്തവ വിശ്വാസികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് ബൈബിള്‍ മാത്രം മതി. എന്നാല്‍ ഈ ബൈബിള്‍ അവര്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്?

394 ലെ കാര്‍ത്തേജ് സൂനഹദോസാണ് 27 പുസ്തകങ്ങള്‍ അടങ്ങിയ ഗ്രന്ഥത്തെ കത്തോലിക്കരുടെ പ്രധാനപ്പെട്ട ഗ്രന്ഥമായി നല്കിയത്. ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് സഭയുടെ ഉത്തരവാദിത്തമാണ്. ആര്‍ക്കെങ്കിലും ഇടവഴിയില്‍ നിന്ന് വ്യാഖ്യാനിക്കാനുള്ളതല്ല ബൈബിള്‍.

വിശുദ്ധ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കാനുള്ളതല്ല. പരിശുദ്ധാത്മാ നിവേശിതമാണ് വിശുദ്ധ ഗ്രന്ഥം. കത്തോലിക്കാ സഭ എക്കാലത്തും വിശുദധ ഗ്രന്ഥത്തെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ആദിയില്‍ വചനമുണ്ടായിരുന്നു എന്നാണ് യോഹന്നാന്‍ ക്രിസ്തുവിനെ വിളിക്കുന്നത്. യേശുക്രിസ്തുവിനെ വത്സലശിഷ്യനായ യോഹന്നാന്‍ വിളിച്ചിരുന്നത് വചനം എന്നായിരുന്നു. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു എന്നാണ് യോഹന്നാന്‍ എഴുതിയിരിക്കുന്നത്.

നിങ്ങളെയും എന്നെപോലെയും ഒരു മനുഷ്യന്‍. ആ മനുഷ്യനാണ് വചനം. ത്രീയേകദൈവത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രന്‍ മനുഷ്യനായി. ആ മനുഷ്യന്‍ ഒരു മരത്തില്‍ അല്ലവന്നിരുന്നത്. ഒരു അമ്മയുടെ ഉദരത്തിലാണ്. ആ വചനം മാംസമായി ഇറങ്ങിയപ്പോള്‍ അവന്റെ കൈയില്‍ വിശുദ്ധ ഗ്രന്ഥം ഉണ്ടായിരുന്നോ ഇല്ല. ഈ പുസ്തകം അനുസരിച്ച് ഒരു സഭ ഉണ്ടാക്കാന്‍ യേശു ആവശ്യപ്പെട്ടോ ഇല്ല. അവന്‍ പുസ്തകവുമായിട്ടല്ല വന്നത്. ആളായിട്ടാണ്. അപ്പസ്തലോന്മാരെ വിളിച്ചു, ഒരേ പന്തിയില്‍ ഭക്ഷണം കഴിച്ചു. അന്തിയുറങ്ങി. പരിശുദ്ധാത്മാവ് നിങ്ങളെ എല്ലാം പഠിപ്പിക്കും എന്ന് പറഞ്ഞു. അതുപോലെ സംഭവിച്ചു. അങ്ങനെ പരിശുദ്ധാത്മാവ് പറഞ്ഞുകൊടുത്താണ് വിശുദ്ധ ഗ്രന്ഥം രചിക്കപ്പെട്ടത്. അതുകൊണ്ട് പറയട്ടെ വിശുദ്ധ ഗ്രന്ഥം അടിസ്ഥാനമാക്കിയല്ല സഭ പണിതത്. സഭയില്‍ നിന്നാണ് വിശുദ്ധ ഗ്രന്ഥം ഉണ്ടായത്.

ഞാന്‍ എന്തിന് വചനം പ്രസംഗിക്കുന്നു. ഇത് എന്നില്‍ അധികാരപ്പെടുത്തപ്പെട്ടതാണ്. എന്റെ മെത്രാന്‍ എന്നെ അഭിഷേകം ചെയ്ത് പറഞ്ഞയച്ചതാണ്. ആധികാരികമായി പറഞ്ഞയച്ചതാണ്. ഇപ്രകാരം ആധികാരികമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് മാത്രമേ വചനം പ്രസംഗിക്കാന്‍ അനുവാദവും അവകാശവുമുള്ളൂ. ക്രൈസ്തവവിശ്വാസം എന്നത് ഒരു ഗ്രന്ഥത്തിന്റെ മതം അല്ല എന്നും സഭ പഠിപ്പി്ക്കുന്നുണ്ട്. ഒരു ഗ്രന്ഥത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മതമുണ്ട്.

പക്ഷേ ക്രൈസ്തവവിശ്വാസം അങ്ങനെയുള്ളതല്ല. ദൈവവചനത്തിന്റെ മതമാണ് ക്രിസ്തുമതം. അപ്പസ്‌തോലന്മാരാകുന്ന അടിത്തറയിന്മേല്‍ പണിയപ്പെട്ടതാണ് സഭ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.