പ്രത്യാശ നിറയ്ക്കുന്ന ഈ പ്രാര്‍ത്ഥനയുമായി ദിവസം ആരംഭിക്കാം

ഓരോ ദിവസവും നാം അനുഭവിക്കുന്നത് ദൈവത്തിന്റെ പുതിയ സ്‌നേഹമാണ്. ദൈവം നമ്മെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും വഴിനടത്തുകയും ചെയ്യുന്നുവെന്ന വിശ്വാസമാണ് നമ്മുടെ ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായി നില്ക്കുന്നത്. എങ്കിലും ചില നേരങ്ങളില്‍ ഏതെങ്കിലും പ്രതികൂലമായ അനുഭവം കൊണ്ടോ വ്യക്തികള്‍ നമ്മളില്‍ ഏല്പിക്കുന്ന നിഷേധാത്മകമായ പ്രതികരണം കൊണ്ടോ നാം നിരാശയ്ക്ക് അടിപ്പെട്ടുപോകാറുണ്ട്.

നിരാശയോടെ ഉണര്‍ന്നെണീറ്റാല്‍ ആ ദിവസം മുഴുവന്‍ നമ്മെ അത് ബാധിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങളെയും നമ്മുടെ ഇടപെടലുകളെയും അത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഓരോ ദിവസവും നാം ഉണര്‍ന്നെണീല്‌ക്കേണ്ടത് പ്രത്യാശയോടെയായിരിക്കണം.

ഉള്ളിലെ അന്ധകാരം നീക്കിക്കളയണമേയെന്ന പ്രാര്‍ത്ഥനയോടെയായിരിക്കണം. ക്രിസ്തുവിന്റെ വെളിച്ചം നമ്മുടെ ഹൃദയത്തിലേക്ക് കടന്നുവരുമ്പോള്‍ ഉള്ളിലെ എല്ലാ ഇരുട്ടും അകന്നുപോകും. അതുകൊണ്ട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ട് ദിവസം ആരംഭിക്കാം:

ലോകത്തിന്റെ പ്രകാശമായ ഈശോയേ, ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഈ ലോകത്തിന്റെ പാപങ്ങളില്‍ നിന്നും അന്ധകാരത്തിന്റെ ആഴങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കുവാനായിട്ടാണല്ലോ അങ്ങ് മനുഷ്യാവതാരമെടുത്തത്. അങ്ങാകുന്ന സത്യവെളിച്ചം ഞങ്ങളുടെ ജീവിതങ്ങളില്‍ നിറയാന്‍ വേണ്ടി ഞങ്ങളാഗ്രഹിക്കുന്നു. അങ്ങേ മഹത്വം ഞങ്ങളുടെ ജീവിതങ്ങളുടെ എല്ലാ മേഖലകളിലും ഉണ്ടാകട്ടെ.നിരാശാജനകമായ സാഹചര്യങ്ങള്‍ ഞങ്ങളുടെ ചുറ്റിനുമുണ്ട്. പ്രിയപ്പെട്ടവരെന്ന് കരുതുന്നവരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന തിക്താനുഭവങ്ങളും അപ്രതീക്ഷിതമായ ആഘാതങ്ങളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. പ്രത്യാശയോടെയും സന്തോഷത്തോടെയും ജീവിതത്തെ നോക്കിക്കാണേണ്ട ഞങ്ങള്‍, അറിയാതെയാണെങ്കില്‍ പോലും നിരാശയ്ക്ക് അടിപ്പെട്ടുപോകുന്നു. നിരാശ സാത്താന്റെ സമ്മാനമാണെന്ന് ഞങ്ങളറിയുന്നു. ആയതിനാല്‍ നിരാശയെ ദൂരെയകറ്റി ഞങ്ങളുടെ ഉള്ളങ്ങളില്‍ പ്രത്യാശ നിറയ്ക്കണമേ. ഞങ്ങളുടെ ജീവിതം അങ്ങാകുന്ന വെളിച്ചത്താല്‍ നിറയപ്പെടട്ടെ.

ഇന്നേ ദിവസം ഞങ്ങള്‍ നടത്തുന്ന യാത്രകളിലും വ്യാപരിക്കുന്ന മേഖലകളിലും കണ്ടുമുട്ടുന്ന വ്യക്തികളിലുമെല്ലാം അങ്ങേ വെളിച്ചം നിറയട്ടെ. പാപത്തില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും ദുഷ്ടരുടെ വിചാരങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. അങ്ങ് ഞങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കുന്നുണ്ടെന്ന വിശ്വാസം ഞങ്ങളുടെ ജീവിതത്തില്‍ പ്രത്യാശയ്ക്ക് കാരണമായിത്തീരട്ടെ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.