പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതിയോ ചികിത്സിക്കണ്ടെ? തിരുവചനം പറയുന്നത് കേള്‍ക്കൂ

നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന വഴിയായി എല്ലാം സാധ്യമാകുമെന്നാണ് നമ്മുടെ വിശ്വാസവും. അതുകൊണ്ടുതന്നെ ചില ക്രൈസ്തവവിഭാഗങ്ങള്‍ രോഗം വന്നാലും ചികിത്സ തേടാതെ പ്രാര്‍ത്ഥനയുമായി മാത്രം കഴിഞ്ഞുകൂടുന്നുണ്ട്. പലപ്പോഴും അത്തരക്കാരുടെ ആരോഗ്യസ്ഥിതി വഷളാകുകയും പിന്നീട് ഗുരുതരമായ അവസ്ഥ നേരിടേണ്ടിയും വരുന്നു.

എന്നാല്‍ വിശുദ്ധ ഗ്രന്ഥം ഒരിക്കലും ചികിത്സയെ നിഷേധിക്കുന്നില്ല,ചികിത്സകന്റെ പ്രാധാന്യം എടുത്തുകളയുന്നുമില്ല. ഡോക്ടര്‍മാരിലൂടെയാണ് ദൈവം പ്രവര്‍ത്തിക്കുന്നതെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിന് ഏറ്റവും വ്യക്തമായ തെളിവാണ് പ്രഭാഷകന്റെ പുസ്തകം 38 ാം അധ്യായത്തിലെ 12,13,14 തിരുവചനങ്ങള്‍. അവ ഇപ്രകാരമാണ്:

വൈദ്യന് അര്‍ഹമായ സ്ഥാനം നല്കുക, കര്‍ത്താവാണ് അവനെ നിയോഗിച്ചത്. അവനെ ഉപേക്ഷിക്കരുത്. അവനെക്കൊണ്ട് നിനക്കാവശ്യമുണ്ട്. വിജയം വൈദ്യന്റെ കൈകളില്‍ സ്ഥിതി ചെയ്യുന്ന അവസരമുണ്ട്. രോഗം നിര്‍ണ്ണയിച്ചു സുഖപ്പെടുത്തി ജീവന്‍ രക്ഷിക്കാന്‍ അവിടുത്തെ അനുഗ്രഹത്തിന് വേണ്ടി അവനും കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

ചികിത്സയില്‍ വൈദ്യനുളള പ്രാധാന്യം വ്യക്തമാക്കാന്‍ ഇതിലും ഉചിതമായ ബൈബിള്‍ വചനം മറ്റൊന്നില്ല. അതുകൊണ്ട് രോഗം വരുമ്പോള്‍ ഉദാസീനനാകാതെ ചികിത്സ തേടുകയും അതോടൊപ്പം ദൈവത്തിന്റെ കരം അദ്ദേഹത്തിലൂടെ പ്രവര്‍ത്തിക്കുന്നതിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.