ക്രിസ്തുവിന്റെ രണ്ടാം വരവിന് വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങാം

ക്രിസ്തുവിന്റെ പ്രത്യാഗമനം അല്ലെങ്കില്‍ രണ്ടാംവരവ് ക്രൈസ്തവരുടെ മുഴുവന്‍ വിശ്വാസവും പ്രതീക്ഷയും കാത്തിരിപ്പുമാണ്. എന്നാല്‍ എന്നാണ് അത് സംഭവിക്കുക എന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും കൃത്യമായി അറിയില്ല.

എങ്കിലും അത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാര്‍ത്തയാണ്. ക്രിസ്തുവിന്റെ പ്രത്യാഗമനം തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ്. എല്ലാ മനുഷ്യരും കര്‍ത്താവിന്റെ കരുണ സ്വന്തമാക്കുന്ന അവസരവും. അതുകൊണ്ട് ക്രിസ്തുവിന്റെ രണ്ടാം വരവിന് വേണ്ടി നാം കാത്തിരിക്കണം, അതിനായി പ്രാര്‍ത്ഥിക്കണം. ക്രൈസ്തവ വിശ്വാസികള്‍ നൂറ്റാണ്ടുകളായി ക്രിസ്തുവിന്റെ രണ്ടാംവരവിനായി പ്രാര്‍ത്ഥിക്കുന്നവരാണ്. വിശുദ്ധ ഗ്രന്ഥത്തിലെ വെളിപാട് പുസ്തകത്തില്‍ ക്രിസ്തുവിന്റെ രണ്ടാം വരവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയുണ്ട്.

കര്‍ത്താവായ യേശുവേ വരണമേ എന്ന് (22: 20) എന്നാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വെളിപാട് 22 ന്റെ പല ഭാഗങ്ങളിലും ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഇതാ ഞാന്‍ വേഗം വരുന്നു, എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്കാനാണ് ഞാന്‍ വരുന്നത് എന്നാണ് 12 ാം വാക്യം പറയുന്നത്. ഇതാ ഞാന്‍ വേഗം വരുന്നു എന്നാണ് 7ാം വാക്യം പറയുന്നത്.

അതുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ വേഗം വരണേ. ഇന്നുവരെ കര്‍ത്താവിന്റെ രണ്ടാം വരവിന് വേണ്ടി നാം പ്രാര്‍ത്ഥിക്കുകയോ കാത്തിരിക്കുകയോ ചെയ്യുന്നവരല്ലായിരുന്നുവെങ്കില്‍ ഇന്നുമുതല്‍ ഈ പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളിലും അധരങ്ങളിലും മായാതെയിരിക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.