ജീവിതസഖിയും ഭര്‍ത്താവിന്റെ അമ്മയും ആകാന്‍ കഴിവുള്ള സ്ത്രീ അനുഗ്രഹീത; യേശുവിന്റെ ഈ വാക്കുകള്‍ കേള്‍ക്കൂ

വിവാഹം, കുടുംബജീവിതം, ഭാര്യഭര്‍ത്തൃബന്ധം എന്നിവയെക്കുറിച്ച് മരിയ വാള്‍ത്തോര്‍ത്തയ്ക്ക് യേശു നല്കിയ വെളിപാടുകള്‍ ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. ദൈവഹിതപ്രകാരമുളള സ്ത്രീപുരുഷബന്ധത്തിന്റെ ചിത്രമാണ് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മരിയ വാള്‍ത്തോര്‍ത്തയോട് യേശു പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്.

വിവാഹം സന്താനോല്പാദനത്തിന് മാത്രമല്ല പുരുഷന്റെയും സ്ത്രീയുടെയും ഉയര്‍ച്ചയ്ക്കും ആശ്വാസത്തിനും കൂടിയാണ്. അത് ഒരു കടമയും ശുശ്രൂഷയുമാണ്. അത് സനേഹമാണ്. ദ്വേഷമല്ല. അതിനാല്‍ കുടുംബത്തലവന്‍ നീതിമാനായിരിക്കണം. അധികം കാര്‍ക്കശ്യമോ അമിത കാരുണ്യമോ കൂടാതെ വര്‍ത്തിക്കണം. ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനോടും മക്കളോടും ഭൃത്യനോടും നീതി പുലര്‍ത്തുന്നവളായിരിക്കണം. അവള്‍ ഭര്‍ത്താവിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവളാകണം. അവള്‍ അനുസരിക്കണം. എന്നാല്‍ പാപത്തിന് സമ്മതം നല്കുന്ന അനുസരണം പാടില്ല. ഭാര്യ വഴങ്ങണം. പക്ഷേ തരം താഴരുത്. നിങ്ങളുടെ സംഗമത്തില്‍ ചാരിത്രശുദ്ധി പാലിക്കണം…

ഭാര്യ ഭര്‍ത്താവിനോട് ക്ഷമയോടും മാതൃസഹജമായും പെരുമാറണം. തന്റെ ആദ്യത്തെ കുട്ടി അയാളാണെന്ന് അവള്‍ ചിന്തിക്കട്ടെ. കാരണം സ്ത്രീ എപ്പോഴും അമ്മയാണ്. മനുഷ്യന് ക്ഷമയും വിവേകവും സ്‌നേഹവും കാരുണ്യവുമുള്ള ഒരമ്മയെ ആവശ്യമുണ്ട്. ജീവിതസഖിയും അതേസമയം ഭര്‍ത്താവിന്റെ അമ്മയും ആകാന്‍ കഴിവുള്ള സ്ത്രീ അനുഗ്രഹീതയാകുന്നു. സ്ത്രീക്ക് എല്ലാം അവളുടെ കുട്ടികളിലുണ്ട്. സന്തോഷമുള്ള സമയത്ത് അവര്‍ അവള്‍ക്ക് രാജകീയ കിരീടമാണ്. അവള്‍ യഥാര്‍ത്ഥത്തില്‍ വീട്ടിലെ രാജ്ഞിയാണ്. ഭര്‍ത്താവിനും അവള്‍ രാജ്ഞിയാണ്. ദു:ഖത്തിന്റെ സമയത്ത് കുട്ടികളാണ് ആശ്വാസതൈലം.

സ്വന്തം വീട്ടിലേക്ക് മടങ്ങാം അഥവാ വിവാഹമോചനം നടത്താം, അല്ലെങ്കില്‍ വേറൊരാളുടെ കൂടെ പോകാം എന്നെല്ലാം ചിന്തിക്കുകയാണോ. അരുത് സ്ത്രീകളേ അരുത്. നിങ്ങളുടെ കുട്ടികള്‍ കളങ്കമറിയാത്ത അവര്‍ ഇപ്പോള്‍ തന്നെ വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷം മൂലം നിരാശരാണ്. അവരുടെ നിഷ്‌ക്കളങ്കമായ കണ്ണുകള്‍ നിങ്ങളെ നോക്കുന്നു. അവര്‍ നിങ്ങളെ പഠിക്കുന്നു. നിങ്ങള്‍ വിചാരിക്കുന്നതിലധികം അവര്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ ഒരിക്കലും മക്കള്‍ക്ക് ഇടര്‍ച്ച വരുത്തരുത്. മറിച്ച് അവരില്‍ അഭയം തേടുവിന്‍..

അഹന്തയും ഈഗോയും മാറ്റിവച്ച് ഈശോയുടെ ഈ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ നമ്മുടെ ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.